പത്തനംതിട്ട: വനിതാ വരണാധികാരിയുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതും തെരഞ്ഞെടുപ്പ് രേഖ തട്ടിയെടുത്ത് കീറിക്കളഞ്ഞതിനും ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ചുമതലയുള്ള വരണാധികാരിയായ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ പരാതിയിലാണ് നടപടി. പള്ളിക്കൽ പഞ്ചായത്ത് ഏഴാം വാർഡിൽ ആദ്യം കോൺഗ്രസിനാണ് സ്ഥാനാർത്ഥിത്വം നൽകിയത്.

ഇവിടെ മത്സരിക്കുന്ന ഷീജ ഫാത്തിമയ്ക്ക് ചിഹ്നം അനുവദിച്ചു കൊണ്ട് കത്തു കൊടുത്തതും ഡിസിസി പ്രസിഡന്റായിരുന്നു. പിന്നീട് നടന്ന ചർച്ചകൾക്കൊടുവിൽ സീറ്റ് മുസ്ലിം ലീഗിന് നൽകാൻ യുഡിഎഫിൽ ധാരണയായി. ഇതനുസരിച്ച് ഷീജ ഫാത്തിമയോട് ഇന്നലെ പത്രിക പിൻവലിക്കാൻ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് കമ്മറ്റിയും ഇതിനോടകം പ്രചാരണം രണ്ടു ഘട്ടം പിന്നിട്ട ഷീജയും ഇതിന് തയാറായില്ല.

തൊട്ടു പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് വരണാധികാരിയുടെ ഓഫീസ് പ്രവർത്തിക്കുന്ന അടൂർ റവന്യൂ ടവറിൽ നേരിട്ടെത്തുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ചിഹ്നം നൽകാൻ സാധിക്കില്ല എന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. വരണാധികാരി അതിന് സ്ഥാനാർത്ഥിയുടെ അനുവാദം വേണമെന്ന് അറിയിച്ചു. ഇതിൻ പ്രകാരം സ്ഥാനാർത്ഥിയെ ബന്ധപ്പെട്ടപ്പോൾ അവർ അതിന് തയാറായില്ല. ആ കത്ത് വ്യാജമാണെന്ന ആരോപണം ബാബു ജോർജ് ഉന്നയിച്ചു.

സാധുത തെളിയിക്കാൻ ഡിസിസി പ്രസിഡന്റ് നേരത്തേ നൽകിയ ശിപാർശ കത്ത് വരണാധികാരി കാണിച്ചപ്പോൾ ബലമായി പിടിച്ചു വാങ്ങി അതിൽ പേന കൊണ്ട് ക്യാൻസൽ എന്ന് എഴുതുകയായിരുന്നു. ഏഴാം വാർഡിലെ സീറ്റ് മുസ്ലിംലീഗിനാണെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്.

മുസ്ലിം ലീഗ് കൊണ്ടു വന്ന സ്ഥാനാർത്ഥി കഴിഞ്ഞ തവണ യുഡിഎഫ് വിമതയായി മത്സരിച്ചുവെന്ന് പറയുന്നു. ഇവർക്ക് സീറ്റ് നൽകാൻ കഴിയില്ല. മാത്രവുമല്ല, ഏഴാം വാർഡിൽ യുഡിഎഫിന് മത്സരിക്കാൻ സ്ഥാനാർത്ഥിയില്ലാതെ വന്നപ്പോൾ ജില്ലാ കൺവീനർ നേരിട്ടെത്തിയാണ് ഷീജയെ മത്സരിക്കാൻ ക്ഷണിച്ചത്. തുടർന്ന് പ്രവർത്തകർ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് ജോലികൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് സീറ്റ് കച്ചവടം നടത്തിയതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഡിസിസി നിലപാടിൽ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡന്റ് രാജി വച്ചു.