കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവർത്തകർക്കുമെതിരെ കേസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, മാർഗതടസം സൃഷ്ടിക്കൽ തുടങ്ങി വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം ഉണ്ടാകില്ലെന്ന് പ്രകടനത്തിന് മുമ്പേ തില്ലങ്കേരി പൊലീസിന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചാണ് തില്ലങ്കേരി പ്രസംഗിച്ചത്. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയായിരുന്നു തില്ലങ്കേരി പ്രകോപനപരമായ രീതിയിൽ പ്രസംഗിച്ചത്. ആർ.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശമെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളി ആർ.എസ്.എസ് സ്വീകരിക്കുമെന്ന് തില്ലങ്കേരി പറഞ്ഞിരുന്നു. ഞങ്ങളുടെ പ്രവർത്തകരെ കൊന്നുതള്ളും എന്ന എസ്.ഡി.പി.ഐയുടെ വെല്ലുവിളി സ്വീകരിക്കുന്നു. ഏത് മാർഗമാണ് നിങ്ങൾ സ്വീകരിക്കുന്നത് ആ മാർഗം സ്വീകരിക്കാൻ തങ്ങളും തയ്യാറാണെന്നും അദ്ദഹം പറഞ്ഞു.

വെല്ലുവിളി സ്വീകരിക്കൽ ആർ.എസ്.എസിന്റെ രീതിയല്ല. അത് ഞങ്ങൾ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇപ്പോൾ തുടർച്ചയായി ഏകപക്ഷീയമായി നിരപരാധികളായ ആളുകളെ കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണ്. സർക്കാരാണ് നടപടിയെടുക്കേണ്ടത്. പോപ്പുലർ ഫ്രണ്ടിനെ അടക്കാൻ സർക്കാരിന് ആകുന്നില്ലെങ്കിൽ അവരെ അടക്കാൻ ദേശീയ പ്രസ്ഥാനങ്ങൾക്ക് കരുത്തുണ്ട്. ആ കരുത്ത് പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് എണ്ണം പറഞ്ഞ ലക്ഷണമൊത്ത രാജ്യവിരുദ്ധ പ്രസ്ഥാനമാണ്. രാജ്യതാൽപര്യത്തിന് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്. ഭരണഘടനയെയും സൈന്യത്തെയും പൊലീസിനെയും അവർ വെല്ലുവിളിക്കുകയാണ്. നാടിനെ താലിബാനാക്കി മാറ്റാൻ ശ്രമിക്കുന്നവർക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധവും പ്രതിരോധവുമെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞിരുന്നു.

ആരാണോ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നത്, ആരാണോ ഞങ്ങൾക്ക് എതിരായി വരുന്നത് അത്തരം ആളുകളോട് മാത്രമാണ് ഞങ്ങൾക്ക് പ്രശ്നം. മതത്തിന്റെ ചിഹ്നങ്ങളും ഭാഷയും മതഗ്രന്ഥങ്ങളിൽ നിന്നുള്ള സൂക്തങ്ങളും ഉപയോഗിച്ച് പലപ്പോഴും മതപരമായ ചില കാര്യങ്ങളുടെ പരിച ഉപയോഗിച്ച് അവർ രക്ഷപെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.