ബെയ്ജിങ്: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേനാ പിന്മാറ്റം വേഗത്തിലാക്കുന്ന യുഎസിനെ വിമർശിച്ച് ചൈന. സംഘർഷഭരിതമായ ഈ അവസ്ഥയിൽ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. അഫ്ഗാൻ വിഷയത്തിന്റെ മൂലകാരണവും പുറമേനിന്നുള്ള പ്രധാനഘടകവും അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിൽ അമേരിക്കയ്ക്ക് അഫ്ഗാൻ വിട്ട് ഓടിപ്പോകാനാകില്ലെന്നും വാങ് വെൻബിൻ പറഞ്ഞു.

രാജ്യത്ത് സ്ഥിരതയും പുനർനിർമ്മാണവും നടത്താൻ അമേരിക്കയുടെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും ചൈനീസ് വിദേശകാര്യ വക്താവ് മുന്നോട്ടു വെച്ചു.സംഘർഷം ഒഴിവാക്കി സമാധാനപരമായ ജനജീവിതം ഉറപ്പാക്കുന്നതിനും അമേരിക്കയുടെ സഹായം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് അമേരിക്ക ഉറപ്പ് നൽകിയത് പോലെ സമാധാനം പുനഃസ്ഥാപിക്കാനും രാജ്യത്തിന്റെ പുനർനിർമ്മാണം ഏറ്റെടുക്കാനും മാനുഷിക പരിഗണന നൽകാനും മുൻകൈയെടുക്കണം. താലിബാൻ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് അഫ്ഗാൻ പുനർനിർമ്മാണത്തിൽ പങ്കാളിയാകാനുള്ള സന്നദ്ധതയും ചൈന അറിയിച്ചു.

അതേസമയം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സൈനികർ പൗരന്മാരുടെ മടക്കത്തിന്റെ പേരിൽ രാജ്യത്ത് തങ്ങുന്നതിനെ ഒരു കാരണവശാലും ഇഔ മാസം അവസാനത്തിന് ശേഷം അനുവദിക്കില്ലെന്നാണ് താലിബാന്റെ നിലപാട്. പൗരന്മാരെ ഓഗസ്റ്റ് 31ന് മുൻപ് തിരികെ എത്തിക്കാനും സൈനികരുടെ പിന്മാറ്റം ഉറപ്പ് വരുത്താൻ തയ്യാറാകാതിരിക്കുകയും ചെയ്താൽ പ്രത്യാഖാതമുണ്ടാകുമെന്നും താലിബാൻ താക്കീത് നൽകിയിരുന്നു.

അഫ്ഗാനലിൽ കുടുങ്ങിക്കിടക്കുന്ന യു.എസ്. പൗരന്മാരെയും അഫ്ഗാൻ സഖ്യകക്ഷികളുടെ പൗരന്മാരെയും രക്ഷൗദൗത്യത്തിന്റെ ഭാഗമായി പുറത്തെത്തിക്കുന്നത് ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനാൽ, സൈന്യത്തെ അഫ്ഗാനിൽനിന്ന് പിൻവലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അഫ്ഗാൻ വിടുന്നത് ഓഗസ്റ്റ് 31-ന് അപ്പുറത്തേക്ക് നീളുമെന്ന് വിദേശരാജ്യങ്ങളുടെ സൈന്യങ്ങൾ അറിയിച്ചിട്ടില്ലെന്ന് നേരത്തെ താലിബാൻ പറഞ്ഞിരുന്നു. രക്ഷാദൗത്യത്തിനുള്ള തീയതി നീട്ടിവയ്ക്കണമെന്നു ജി7 വെർച്വൽ ഉച്ചകോടിയിൽ യുഎസിനോട് ആവശ്യപ്പെടുമെന്നു ബ്രിട്ടൻ പ്രതികരിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്മാരെയും അഫ്ഗാനിലെ സഹപ്രവർത്തകരെയും പൂർണമായി ഒഴിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാണു ബ്രിട്ടന്റെ വാദം. അതിനിടെ അഫ്ഗാനിലെ രക്ഷാ ദൗത്യത്തിനു കൂടുതൽ സമയം വേണ്ടിവരുമെന്നു ഫ്രാൻസും പ്രതികരിച്ചു.

ഓഗസ്റ്റ് 31നകം അഫ്ഗാനിലെ രക്ഷാദൗത്യം അവസാനിപ്പിക്കാനാകുമെന്നു കരുതുന്നില്ലെന്നു ഫ്രഞ്ച് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. രാജ്യം വിടാൻ താൽപര്യപ്പെടുന്ന ആയിരത്തിലധികം അഫ്ഗാൻ പൗരന്മാരെ രക്ഷപ്പെടുത്താനാണു ഫ്രാൻസ് ശ്രമിക്കുന്നത്.