തിരുവനന്തപുരം: കുട്ടനാട്, ചവറ ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടാൻ ഒരുങ്ങി കേരള സർക്കാർ. ഇതിനായി പ്രതിപക്ഷത്തിന്റെ സഹായം തേടി. സർക്കാറിന്റെ കാലാവധി അവസാനിക്കാൻ അഞ്ചു മാസം മാത്രം ബാക്കി നിൽക്കവേ ഇനിയൊരു തിരഞ്ഞെടുപ്പു ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ. ഈ നിർദേശത്തിന് പിന്തുണ തേടിയാണ് സർക്കാർ പ്രതിപക്ഷത്തെ സമീപിച്ചത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെങ്കിൽ ഉപതിരഞ്ഞെടുപ്പും നടത്താമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈനിലപാട് മുഖ്യമന്ത്രിയെ ചെന്നിത്തല വഴി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ നിയമസഭയിക്ക് ഇനി ആറുമാസത്തെ കാലാവധിയേയുള്ളൂ. അതിനാൽ വിജയിച്ചുവരുന്ന എംഎൽഎമാർക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുള്ള പൊതുപെരുമാററച്ചട്ടം അടക്കമുള്ളവ നിലവിൽ വരുന്ന ഏപ്രിൽ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവർത്തന കാലാവധി ഉണ്ടാവുകയുള്ളൂ. അതായത് പരമാവധി അഞ്ചുമാസം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിർദ്ദേശം സർക്കാർ സ്വീകരിക്കുന്നത്. രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അഭിപ്രായമാരാഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ സമീപിച്ചത്.

അതേസമയം ഇത്തരമൊരു നിർദേശത്തോട് പ്രതിപക്ഷം യോജിക്കുന്നില്ല. കോവിഡ് വ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുമുണ്ടാകും. അങ്ങനെയെങ്കിൽ തദ്ദേശതിരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുകയും ചെയ്യാം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈ നിലപാടായരിക്കും സർക്കാരിനെ പ്രതിപക്ഷം അറിയിക്കുക. ഉപതിരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കുന്ന നിലപാടിനോട് യോജിപ്പില്ല. തദ്ദേശ തിരഞ്ഞെടുപ്പ് തൽക്കാലത്തേക്ക് മാറ്റിവെക്കുക. ഉപതിരഞ്ഞെടുപ്പ് പൂർണമായി മാററി വെക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തങ്ങളുടെ തീരുമാനം പ്രതിപക്ഷം സർക്കാരിനെ അറിയിച്ചിട്ടില്ല.

സർക്കാരിന്റെ ഭാഗത്ത് നിന്ന് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏകാഭിപ്രായം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയത്. മുഖ്യമന്ത്രി തന്നെ പ്രതിപക്ഷ നേതാവിനോട് ഈ വിഷയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തതായും വിവരമുണ്ട്. കാലാവധിയാണ് തിരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചതിൽ പ്രധാന ഘടകം. തന്നെയുമല്ല കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ പ്രാഥമിക കണക്ക്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർതന്നെ ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് കേന്ദ്ര തിരഞ്ഞെുപ്പ് കമ്മിഷനെ അറിയിച്ചിട്ടുമുണ്ട്.

എന്നാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുകൂല തീരുമാനമെടുക്കണമെങ്കിൽ സംസഥനാത്തെ രാഷ്ട്രീയ കക്ഷികളെല്ലാം ഏകാഭിപ്രായത്തിൽ ഈ വിഷയം ആവശ്യപ്പെടണം. അതൊരപേക്ഷയായി തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ എത്തുകയും വേണം. അതിൽ സഹകരണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ വിളിച്ച് സംസാരിച്ചത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുകൾ കൂടി മാറ്റിവെക്കണമെന്ന ഉപാധിയാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്.

അതിനിടെ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ ആയിട്ടുണ്ട്. ചവറയിൽ മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായ ഷിബു ബേബി ജോൺ മത്സരിക്കും. കുട്ടനാട് സീറ്റ് പിജെ ജോസഫ് വിഭാഗത്തിന് നൽകാനും മുന്നണിയോഗത്തിൽ ധാരണയായി., കുട്ടനാട്ടിൽ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ്എബ്രഹാം തന്നെ ആയിരിക്കും സ്ഥാനാർത്ഥി. രണ്ട് മണ്ഡലങ്ങളിലും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥായാണ് നിലവിലുള്ളതെന്ന് യുഡിഎഫ് വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പും മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ഇന്ന് ചേർന്ന യുഡിഎഫ് യോഗം തീരുമാനം എടുത്തിട്ടുണ്ട്.

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതോടെയാണ് കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫിന് മുന്നിൽ കടമ്പകൾ ഇല്ലാതായത്.ജയസാധ്യത കണക്കിലെടുത്ത് സ്ഥാനാർത്ഥി നിർണയം നടത്തണമെന്ന് കൺവീനർ അടക്കമുള്ളവർ മുന്നണിയോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും പിജെ ജോസഫിനെ പിണക്കാതെ ഒപ്പം നിർത്താമെന്ന പൊതുധാരണക്കായിരുന്നു മുൻതൂക്കം. ചവറയിലാകട്ടെ ഷിബു ബേബിജോണിന് അപ്പുറമൊരു സ്ഥാനാർത്ഥി ചർച്ച തുടക്കം മുതൽ ഉണ്ടായിരുന്നില്ല. ഔദ്യോഗിക പ്രഖ്യാപനം മാത്രമായിരുന്നു ബാക്കി.