ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ രാജിവച്ചു. കോൺഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഎം തീരുമാനത്തെ തുടർന്നാണ് രാജി. നേരത്തെ രാജിവെക്കാൻ കൂട്ടാക്കാതിരുന്ന വിജയമ്മക്ക് പാർട്ടി കർശന നിർദ്ദേശം നല്കിയിരുന്നു. രാജിവച്ചില്ലെങ്കിൽ വിജയമ്മയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നായിരുന്നു സിപിഎം മുന്നറിയിപ്പ്.

ചെന്നിത്തലയിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയിൽ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എൽഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബിജെപിക്കും എൽഡിഎഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബിജെപി അധികാരത്തിൽ എത്താതിരിക്കാനാണ് കോൺഗ്രസ് എൽഡിഎഫിന് പിന്തുണ നൽകിയത്.