തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ അനുവദിച്ച യു.ഡി.എഫ് തീരുമാനത്തിൽ വിമർശനവുമായി നവകേരളം കർമ പദ്ധതി കോ-ഓഡിനേറ്റർ ചെറിയാൻ ഫിലിപ്പ്. കോൺഗ്രസിനെ മുസ്ലിം ലീഗ് വിഴുങ്ങുകയാണെന്നും ത്രിവർണ്ണത്തിൽ പച്ചയേറുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മുസ്ലിം ലീഗ് കോൺഗ്രസിനെ വിഴുങ്ങുന്നു. മത്സരിക്കുന്ന സീറ്റ് 12ൽ നിന്നും ഇപ്പോൾ 27ആയി. രണ്ട് മന്ത്രി എന്നത് അഞ്ചായി. ത്രിവർണ്ണത്തിൽ പച്ചയേറുന്നു,' എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കിലെഴുതിയത്.

കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകാൻ ധാരണയായത്. മൂന്ന് സീറ്റുകളാണ് അധികം നൽകുന്നത്. ഇതോടെ 27 സീറ്റുകളിലായിരിക്കും ലീഗ് ഇത്തവണ മത്സരിക്കുക.നിലവിലെ സീറ്റുകൾ കൂടാതെ ബേപ്പൂർ, കൂത്തുപറമ്പ്, ചേലക്കര മണ്ഡലങ്ങളാണ് അധികമായി ലീഗിന് നൽകുക. ഇതു കൂടാതെ പുനലൂർ ചടയമംഗലം സീറ്റുകൾ വെച്ചുമാറാനും ലീഗ് കോൺഗ്രസ് ധാരണയായിട്ടുണ്ട്. ബാലുശ്ശേരി മണ്ഡലത്തിന് പകരം ലീഗിന് കുന്ദമംഗലം മണ്ഡലം നൽകാനും തീരുമാനമായിട്ടുണ്ട്.

അതേസമയം തിരുവമ്പാടി മണ്ഡലം ലീഗിന് തന്നെ നൽകും. ഇതിന് പിന്നാലെ താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടിയും എം.കെ മുനീറും ചർച്ച നടത്തി.
തിരുവമ്പാടി മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിന് പിന്തുണ തേടിയാണ് ഇരുവരും എത്തിയിരിക്കുന്നത്. ബിഷപ്പ് റമിജിയോസ് ഇഞ്ചനാലിയലുമായിട്ടാണ് കൂടിക്കാഴ്‌ച്ച നടത്തുന്നത്. മണ്ഡലത്തിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥി വേണമെന്ന് നേരത്തെ സഭ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ പി.ജെ ജോസഫുമായുള്ള ചർച്ചകൾ പൂർത്തിയായ ശേഷം മാത്രമേ ലീഗിന്റെ സ്ഥാനാർത്ഥികളെയും മണ്ഡലവും ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.