മാവേലിക്കര: അച്ചൻകോവിലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഒരു വർഷത്തിനു ശേഷം പ്രതികൾ പിടിയിൽ. ചെട്ടികുളങ്ങര കൈത വടക്ക് കുന്നേൽ വീട്ടിൽ വിനോദി(34)ന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ചെട്ടികുളങ്ങര പേള ഷിബു ഭവനത്തിൽ ഷിബു(32), കൊച്ചുകളീക്കൽ വീട്ടിൽ അനിൽകുമാർ(45) എന്നിവർ അറസ്റ്റിലായി. നാലു മാസത്തെ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

2020 മാർച്ച് ഒന്നിന് വലിയപെരുമ്പുഴ പാലത്തിന് കിഴക്ക് അച്ചൻകോവിലാറ്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച നിലയിലായ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അതിനെ തുടർന്ന് കൊല്ലത്ത് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ഡി.എൻ.എ പരിശോധനയിലാണ് കഴിഞ്ഞ ജനുവരിയിൽ വിനോദിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോണ് അന്വേഷണത്തിൽ വഴിത്തിരവായത്. സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകികളെ പുറം ലോകത്ത് എത്തിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 28-ന് വിനോദിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇരു സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചെങ്കിലും ജീർണാവസ്ഥയിലായിരുന്ന മൃതദേഹത്തിൽ വസ്ത്രങ്ങളോ തിരിച്ചറിയത്തക്ക മറ്റു അടയാളങ്ങളോ ഇല്ലാതിരുന്നതിനാൽ ബന്ധുക്കൾക്ക് മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അന്വേഷണം തുടക്കത്തിൽ വഴിമുട്ടി. വിനോദ് ഒളിച്ചോടിയതാണോ എന്ന സംശയവും സജീവമായിരുന്നു.

ഇതിനിടെ തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ ഡി.എൻ.എ പരിശോധനയുടെ ഫലം കഴിഞ്ഞ ജനുവരിയിലാണ് ലഭിച്ചത്. ഇതോടെ മരിച്ചത് വിനോദാണെന്ന് തെളിഞ്ഞു. പോസ്റ്റുമോർട്ടം പരിശോധനയിൽ നിന്നും രാസപരിശോധനയിൽ നിന്നും മരണം സംഭവിച്ചത് വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടിയതിനാലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ വിനോദിനെ കാണാതായ ദിവസം ഇയാളെ രണ്ടു പേർ പനച്ചമൂട് ഭാഗത്ത് വച്ച് ബൈക്കിൽ പിന്തുടർന്ന് ചെല്ലുന്നതും ബൈക്കിൽ കയറ്റി വലിയപെരുമ്പുഴ ഭാഗത്തേക്ക് പോകുന്നതായും സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. ഇതാണ് നിർണ്ണായകമായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ ഷിബു വിനോദിനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഷിബുവും അനിലും കൂടി വിനോദിനെ രാത്രി വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നെന്നും വിവരം ലഭിച്ചു. ഇതോടെ രണ്ടു പേരേയും കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.

സംഭവദിവസം വൈകിട്ട് 4.30 ന് പനച്ചമൂട് ഭാഗത്ത് നിന്ന് ബൈക്കിൽ നിർബന്ധപൂർവം കയറ്റി വലിയപെരുമ്പുഴ പാലത്തിന് കിഴക്കുവശം അച്ചൻകോവിലാറ്റിൽ കൊണ്ടുവന്ന് വിവസ്ത്രനാക്കി ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും വെള്ളത്തിലിറക്കി സ്വവർഗരതി ചെയ്യാനുള്ള ശ്രമത്തിനിടെ നീന്തൽ അറിയാത്ത വിനോദ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നെന്ന് പ്രതികൾ സമ്മതിച്ചു. വിനോദ് മരിച്ചു എന്നറിഞ്ഞ പ്രതികൾ വിനോദിന്റെ വസ്ത്രങ്ങളും മറ്റും സമീപം തന്നെ കുഴിച്ചുമൂടിയിരുന്നു.