തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പൊതുജനാരോഗ്യ കാര്യത്തിൽ കേരളത്തിലെ ആരോഗ്യ വകുപ്പു മികച്ചു നിന്നു എന്നായിരുന്നു പൊതുവിലയിരുത്തൽ. അതൃപ്തികൾ ഉണ്ടെങ്കിലും ജനപ്രിയമായി നിൽക്കാൻ കെ കെ ശൈലജ നേതൃത്വം കൊടുത്ത ആരോഗ്യ വകുപ്പിന് സാധിച്ചു. ഇപ്പോഴും ഉദ്യോഗസ്ഥ തലത്തിലെ കാര്യങ്ങൾ മുറപോലെ തന്നെയാണ് നടന്നിരുന്നത്. ചിലകാര്യങ്ങളിൽ ടീച്ചർ നടത്തിയ ഇടപെടൽ കൊണ്ട് കുറച്ചു കാര്യങ്ങൾ വേഗത്തിലാകുകയും ചെയ്തു.

എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് എത്തിയാൽ പ്രകടനം കൊണ്ട് ഏറ്റവും മോശം വകുപ്പായി മാറുകയാണ് ആരോഗ്യ വകുപ്പ്. പലപ്പോഴും സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ എന്തെന്ന് വകുപ്പ് മന്ത്രിയായ വീണ ജോർജ്ജിന് അറിയാൻ സാധിക്കുന്നില്ലെന്ന വിമർശനവും ഉയർന്നിരുന്നു. സിപിഎം ജില്ലാ സമ്മേളനങ്ങളിലും ഏറ്റവും അധികം വിമർശനം നേരിടേണ്ടി വന്ന വകുപ്പും ആരോഗ്യ വകുപ്പായിരുന്നു.

ഇപ്പോഴിതാ സ്വന്തംവകുപ്പ് വൻ തോൽവിയാണെന്ന് തുറന്നു പറഞ്ഞിരിക്കയാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ. പുതിയ സാമ്പത്തിക വർഷത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക അച്ചടക്കം അടക്കം പാലിക്കുന്നിൽ വകുപ്പ് ശ്രദ്ധ പുലർത്തണമെന്നും വകുപ്പിലെ കാര്യങ്ങൾ നേരാംവണ്ണം മുന്നോട്ടുപോകാൻ വേണ്ടി പരിശ്രമിക്കണമെന്നും കാണിച്ച് രാജൻ ഖൊബ്രഗഡെ വകുപ്പ് ഡയറക്ടർമാർക്കും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും അയച്ച കത്താണ് സ്വന്തം വകുപ്പിനെ പ്രതിരോധത്തിലാക്കുന്നത്.

ആരോഗ്യ വകുപ്പിലെ ഭരണതലത്തിൽ തുടർന്നുപോരുന്ന അംലംബാവങ്ങളെ കുറിച്ചാണ് കത്തിൽ പരാമർശിക്കുന്നത്. പ്രകടനം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യ വകുപ്പെന്ന വിമർശനമാണ് ചീഫ് സെക്രട്ടറി ഉന്നയിച്ചത് എന്നാണ് രാജൻ ഖൊബ്രഗഡെ കത്തിൽ പറയുന്നത്. സംസ്ഥാന തല യോഗത്തിൽ ഇത്തരം വിമർശനം ഉയർന്നുവെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് രാജൻ ഖൊബ്രഗഡെ വിമർശനം കടുപ്പിക്കുന്നത്. ചീഫ് സെക്രട്ടറി വകുപ്പിന്റെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വകുപ്പിലെ ഭരണപരമായ വീഴ്‌ച്ചകൾ കൊണ്ട് സർക്കാറിന് ഉണ്ടായ നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് കത്ത്. ഭരണം മികവ് തെളിയിക്കാൻ വകുപ്പു മേധാവിമാരും സ്ഥാപന മേധാവിമാരും പരമാവധി ശ്രദ്ധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനായുള്ള അധ്വാനം വേണമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു വെക്കുന്നത്. പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിർവഹിക്കുന്നതിൽ വീഴ്‌ച്ച വരുത്തുന്നു എന്ന ആക്ഷേപവും കത്തിൽ ഉന്നയിക്കുന്നുണ്ട്. ഉത്തരവാദിത്തം അവരവർ നിറവേറ്റേണ്ടതാണ്.

ഓൺലൈൻ ട്രാൻസ്ഫറും സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണമെന്നും കത്തിൽ പറയുന്നു. അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധി ക്രമപ്പെടുത്തൽ, സീനിയോരിറ്റി പട്ടിക ഇത്തരം ഭരണപരമായ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്. വകുപ്പുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ നടത്തിപ്പിൽ അടക്കം വീഴ്്ച്ചകൾ വരുത്തുന്നു എന്ന വിമർശനവും കത്തിലുണ്ട്.

30-40 വർഷം വരെ പഴക്കമുള്ള കേസുകളാണ് കോടതിയിൽ ഉള്ളത്. ഇത്തരേ കേസുകൾ നേരത്ത തീർപ്പാക്കേണ്ടതായിരുന്നു എന്നു സൂചിപ്പിക്കുയാണ് രാജൻ ഖൊബ്രഗഡെ. 1980ലെ അവധി ക്രമപ്പെടുത്തൽ പോലും ഇപ്പോഴും ശരിയാക്കിയിട്ടില്ല. 2015ൽ ജീവനക്കാരെ അനധികൃതമായി നിക്കം ചെയ്തത്, 2005 മുതലുള്ള സ്ഥാനകയറ്റ കേസുകൾ എന്നിവക്കായി ലക്ഷക്കണക്കിന് രൂപ സർക്കാറിന് നഷ്ടപരിഹാരം നൽകേണ്ടി വന്ന കാര്യവും പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ജോലി ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവർ കൃത്യസമയത്ത് നടപടി എടുത്തിരുന്നെങ്കിൽ ഇങ്ങനെ നഷ്ടപരിഹാരം നൽകേണ്ട സാഹചര്യങ്ങൾ ഒഴിവാക്കപ്പെടാമായിരുന്നു. വകുപ്പിന്റെ സംസ്ഥാന, ജില്ലാ ഓഫീസുകളിൽ, ഇ ഓഫീസ് സംവിധാനം ഉടൻ നടപ്പലാക്കണം, ജനസൗഹൃദ സേവനം ഉറപ്പാക്കണമെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും മോശം വകുപ്പെന്ന വിമർശനം സ്വന്തം ചീഫ് സെക്രട്ടറിയും ഉയർത്തിയത് ആരോഗ്യവകുപ്പിനും മന്ത്രി വീണ ജോർജ്ജിനും ക്ഷീണമായിട്ടുണ്ട്. അടുത്തകാലത്ത് നിരന്തരം വിവാദങ്ങളിലൂടെയും വീഴ്‌ച്ചകളിലൂടെയുമാണ് ആരോഗ്യ വകുപ്പ് മുന്നോട്ടു പോകുന്നത്. കോവിഡി ബാധിച്ച് മരിച്ചവരുടെ കണക്ക് പൂഴ്‌ത്തിവെച്ചുവെന്ന ആക്ഷേപം അടക്കം സർക്കാറിനെതിരെ ഉയർന്നിരുന്നു.

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയർന്ന ഘട്ടത്തിൽ ഫയലുകൾ കാണാതായ സംഭവം അടക്കം ഉണ്ടായിരുന്നു. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിലെ കോവിഡ് കാല പർച്ചേസുകളായിരുന്നു അന്ന് വിമർശനങ്ങൾക്ക് ഇടയാക്കിയത്. വൻ ക്രമക്കേടുണ്ടായ കോടികളുടെ ഇടപാടുകളിൽ  വിജിലൻസ് അന്വേഷണ ആവശ്യം ചെവിക്കൊള്ളാതെ, അന്വേഷണം ധനകാര്യവകുപ്പ് ഇൻസ്‌പെക്ഷൻ വിങ്ങിനെ ഏൽപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചതും. പൊലീസിൽ പരാതി പോയതോടെ ഫയലുകൾ കാണാതായെന്ന വിധത്തിലും വാർത്തകൾ എത്തി.