ബീജിങ്: കുടുംബാസൂത്രണ നയത്തിൽ ഇളവ് പ്രഖ്യാപിച്ച് ചൈന. ചൈനയുടെ ജനനനിരക്ക് 1.3 ആയി മാറുകയും ജനസംഖ്യയിൽ പ്രായമായവർ വർധിച്ചു വരുന്നതായുള്ള സെൻസെസ് രേഖകൾ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

നാം രണ്ട് നമുക്ക് രണ്ട് എന്ന പരിധി മാറ്റി മൂന്നു മക്കൾ വരെയാക്കാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനം. രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം ഉയർന്നതിനെ തുടർന്നാണ് ചൈനീസ് അധികൃതരുടെ മനംമാറ്റം.

രാജ്യത്തെ ജനങ്ങൾക്ക് അതിവേഗം പ്രായമാകുന്നു എന്ന സെൻസസ് വിവര പ്രകാരമാണ് നയത്തിൽ മാറ്റം വരുത്താൻ തീരുമാനമായത്.

പതിറ്റാണ്ടുകളായി തുടരുന്ന നയത്തിൽ മാറ്റം വരുത്തി, ദമ്പതികൾക്ക് പരമാവധി മൂന്ന് വരെയാകാമെന്ന് ചൈനീസ് സർക്കാർ പ്രഖ്യാപിച്ചു.

ജനസംഖ്യാ വർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1980 മുതലാണ് സന്താനനിയന്ത്രണം നടപ്പാക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചത്.

40 വർഷക്കാലം ഒരു കുട്ടി എന്ന നയമാണ് ചൈന പിന്തുടർന്നത്. ലോകത്തെ ഏറ്റവും കർശനമായ കുടുംബാസൂത്രണ നയങ്ങളിലൊന്നായിരുന്നു ഇത്. 2016ൽ ഇത് പിൻവലിച്ചു. രണ്ട് മക്കൾ വരെയാകാമെന്ന അറിയിച്ചിരുന്നു. പ്രായമായവർ വർധിച്ചുവരുന്നു എന്ന ആശങ്ക പരിഗണിച്ചാണ് അന്ന് നടപടി സ്വീകരിച്ചത്.

എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ മൂലം പല ദമ്പതിമാരും ഒരു കുട്ടിയിൽ തന്നെ ഒതുങ്ങുകയായിരുന്നു.

നിലവിൽ 65 വയസിനു മുകളിലുള്ളവരുടെ എണ്ണം വർധിക്കുകയും തൊഴിൽ എടുക്കാൻ ശേഷിയുള്ളവരുടെ എണ്ണം കുറയുകയും ചെയ്യുന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും തിരിച്ചടിയുണ്ടാകുമെന്നും അധികൃതർ വിലയിരുത്തുന്നു.

വിഷയത്തിൽ ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ തിങ്കളാഴ്ച ചേർന്ന പാർട്ടി പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. ഒരു കുടുംബത്തിൽ മൂന്നു കുട്ടികൾ എന്ന നയം നടപ്പാക്കുന്നത് ഗുണകരമാകുമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. തീരുമാനം എന്നു മുതൽ നടപ്പാക്കുമെന്ന് ഉറപ്പായിട്ടില്ല.

ജനസമൂഹത്തിന് പ്രായം ചെല്ലുന്നതിനോടുള്ള പ്രതികരണമെന്ന നിലയിൽ ദമ്പതികൾക്ക് മൂന്നുകുട്ടികളാകാം- തിങ്കളാഴ്ച പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന പോളിറ്റ് ബ്യൂറോ ലീഡർഷിപ്പ് കമ്മിറ്റിയെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തു.

കുട്ടികൾക്ക് ജന്മം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ചൈന നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ 2020ൽ ജനനനിരക്കിൽ റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 1.2 കുട്ടികൾ മാത്രമാണ് ജനിച്ചതെന്ന് ദേശീയ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

1.3 ആണ് ചൈനയിലെ പ്രത്യുൽപാദന നിരക്ക്. ജനസംഖ്യയിൽ സന്തുലിത നിലനിർത്താൻ ആവശ്യമായ പ്രത്യുൽപാദന നിരക്കിനെക്കാൾ വളരെ കുറവാണിത്.

പത്തുവർഷത്തിൽ ഒരിക്കൽ നടക്കുന്ന സെൻസസിന്റെ വിവരങ്ങൾ കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. 1960 മുതലുള്ളതിൽ ഏറ്റവും സാവധാനത്തിലുള്ള വളർച്ചാനിരക്കാണ് ചൈനീസ് ജനസംഖ്യയിലുണ്ടാകുന്നതെന്നും സെൻസസ് കണക്കുകൾ പറയുന്നു.

നിലവിൽ 15-59 പ്രായമുള്ളവർ ആകെ ജനസംഖ്യയുടെ 63.3 ശതമാനമാണ്. 65 വയസിനു മേൽ പ്രായമുള്ളവർ 13.5 ശതമാനമായി വർധിക്കുകയും ചെയ്തു. 12 ദശലക്ഷമാണ് ജനനനിരക്ക്. ഇത് 2019നേക്കാൾ കുറവാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.