ബെയ്ജിങ്ങ്: മറ്റെല്ലാ മേഖലയെയുംപോലെയോ അതിലേറെയോ കോവിഡ് മഹമാരി തളർത്തുന്ന ഒരു മേഖലയാണ് വിനോദസഞ്ചാരം.ഈ മേഖല പ്രധാന വരുമാനമാർഗ്ഗമായുള്ള രാജ്യങ്ങൾക്ക് ഇതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല.അതേ അവസ്ഥയിലേക്കാണ് നേപ്പാളിന്റെ പോക്കും.നേപ്പാളിന്റെ സാമ്പത്തിക ഘടനതന്നെ ടൂറിസത്തെ ആശ്രയിച്ചാണ്. അതുകൊണ്ടു കോവിഡ് ഭീതി നേപ്പാളിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.എവറസ്റ്റ് കീഴടക്കാൻ എത്തുന്ന സഞ്ചാരികൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്യുന്നതാണ് ഈ രാജ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഈ സാഹചര്യത്തിൽ എവറസ്റ്റ് കൊടുമുടിയിൽ 'കോവിഡ് അതിർത്തി' വരയ്ക്കാനൊരുങ്ങുകയാണ് ചൈന. നേപ്പാളിൽനിന്ന് എവറസ്റ്റ് കീഴടക്കാൻ എത്തുന്നവർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവരുമായി സമ്പർക്കത്തിൽ വരാതിരിക്കാനാണ് ഈ തീരുമാനമെന്നാണു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേപ്പാൾ ഭാഗത്തുനിന്നുള്ള എവറസ്റ്റ് ബേസ് ക്യാംപിൽ കഴിഞ്ഞ ഏപ്രിൽ മുതൽ കോവിഡ് ഭീതി പടർന്നിരുന്നു.

മൺസൂൺ ആരംഭിക്കുന്നതിന് മുൻപ് ഏപ്രിൽ മുതൽ ജൂൺ വരെയാണ് എവറസ്റ്റ് കീഴടക്കാൻ കൂടുതൽ ആളുകൾ എത്തുന്നത്.ചൈനീസ് ഭാഗത്തുനിന്ന് പർവതാരോഹകർ എത്തുന്നതിനു മുൻപ് ടിബറ്റൻ പർവതാരോഹണ ഗൈഡുകളുടെ ഒരു സംഘം കൊടുമുടിയിൽ അതിർത്തി രേഖ സ്ഥാപിക്കുമെന്ന് ചൈനീസ് വാർത്ത ഏജൻസി അറിയിച്ചു.

എന്നാൽ എങ്ങനെയാണ് അതിർത്തി രേഖ സ്ഥാപിക്കുകയെന്നും എന്തുകൊണ്ടാണ് നിർമ്മിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നില്ല. ചൈനയിൽനിന്ന് എവറസ്റ്റിന്റെ പടിഞ്ഞാറൻ മേഖലയിലേക്കു കയറുന്നവർ അതിർത്തി രേഖ കടക്കുന്നതിനോ നേപ്പാളിൽനിന്നു വരുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിനോ നിരോധനമുണ്ടാകുമെന്നാണു റിപ്പോർട്ട്.

21 ചൈനീസ് പൗരന്മാരുടെ ഒരു സംഘം ടിബറ്റൻ ഭാഗത്തുള്ള കൊടുമുടിയിലേക്കുള്ള യാത്രയിലാണെന്നു സിൻഹുവ റിപ്പോർട്ട് ചെയ്തു.പുറത്തുനിന്ന് വരുന്നവരിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആഭ്യന്തര രോഗവ്യാപനത്തിന് ചൈന തടയിട്ടിരുന്നു. എന്നാൽ നേപ്പാളിൽ കോവിഡ് കേസുകളും മരണവും ദിനംപ്രതി വർധിക്കുകയാണ്.