പത്തനംതിട്ട: സമീപകാലത്തെ സംസ്ഥാന സർക്കാരിനെ ഏറെ പിടിച്ചു കുലുക്കിയ മത്തായിയുടെ മരണം സിബിഐ പൂർണമായി ഏറ്റെടുത്തു. മൃതദേഹം വെള്ളിയാഴ്ച സിബിഐ സംഘത്തിന്റെ നേതൃത്വത്തിൽ റീ പോസ്റ്റുമോർട്ടം നടത്തും. ശനിയാഴ്ച സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ജൂലൈ 28 നാണ് വനപാലകരുടെ കസ്റ്റഡിയിൽ ഇരിക്കേ അരീക്കക്കാവ് പടിഞ്ഞാറേ ചരുവിൽ മത്തായി (പൊന്നു-43) കിണറ്റിൽ വീണു മരിച്ചത്.

സ്വയം ചാടിയതാണെന്ന് വനപാലകരും കൊലപാതകമാണെന്ന് ബന്ധുക്കളും ആരോപിച്ച കേസിൽ ലോക്കൽ പൊലീസ് തന്ത്രപരമായ മൗനമാണ് അവലംബിച്ചത്. മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരം യൂണിറ്റ് കഴിഞ്ഞയാഴ്ച തന്നെ അന്വേഷണം ഏറ്റെടുത്തിരുന്നു. സി ബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെയും ഡമ്മി പരീക്ഷണത്തിന്റെയും രേഖകൾ സിബിഐ സംഘം ഏറ്റുവാങ്ങിയിരുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വെള്ളിയാഴ്ച റീ പോസ്റ്റുമോർട്ടം നടത്തുന്നത്. പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാലിന് രാവിലെ 10 ന് സിബിഐ സംഘം ഏറ്റെടുക്കും. മോർച്ചറിയോട് ചേർന്ന് തന്നെ പോസ്റ്റുമോർട്ടത്തിനുള്ള മുറി ഒരുക്കിയിട്ടുണ്ട്. ഇവിടെ വച്ചാകും ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടക്കുക. കേസ് സങ്കീർണമായതിനാൽ പോസ്റ്റുമോർട്ടത്തിന് ഏറെ സമയം വേണ്ടി വരും. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു കൊടുക്കും.

അന്ന് വൈകിട്ട് ഇതേ മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. അഞ്ചിന് വൈകിട്ട് മൂന്നിന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിലാണ് സംസ്‌കാരം നടക്കുക. രാവിലെ ഒമ്പതു മണിയോടെ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വടശേരിക്കര അരീക്കകാവിലെ വീട്ടിൽ കൊണ്ടു വരും. ഉച്ചയ്ക്ക് ശേഷം 2.15 ന് കുടപ്പനയിലുള്ള കുടുംബ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.