ചെന്നൈ: സോഷ്യൽ മീഡിയയിൽ വിമർശന കമന്റുമായി എത്തിയ ആൾക്ക് മറുപടിയുമായി നടി ഐശ്വര്യ ഭാസ്‌ക്കരൻ. അമ്മ ലക്ഷ്മി ഇത്രയും വലിയ പണക്കാരിയായിട്ടും ഇങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. വയസ് അൻപത് കഴിഞ്ഞ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളാണ്, അത് പറ്റിയില്ലെങ്കിൽ സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയെങ്കിലും വേണം. ഞങ്ങളുടെ കുടുംബത്തിൽ അത് ശീലമില്ലെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ മറുപടി. 'ഞാൻ കഷ്ടപ്പെടുന്നുണ്ടെന്ന് നിന്റെ അടുത്തുവന്ന് പറഞ്ഞോ? എന്റെ അമ്മ സമ്പാദിക്കുന്ന കാശും ഇതും തമ്മിൽ എന്താണ് ബന്ധം. നിന്നെ പ്രസവിച്ചെന്നു കരുതി പ്രായം അൻപത് കഴിഞ്ഞാലും അച്ഛനമ്മമാരുടെ ചെലവിൽ ജീവിക്കണമെന്നാണോ കരുതുന്നത്. നിന്റെ മക്കൾ ചിലപ്പോൾ അങ്ങനെയായിരിക്കും. ഞങ്ങളുടെ വീട്ടിൽ പക്ഷേ അങ്ങനെയല്ല'.

'വയസ്സായ അച്ഛനെയും അമ്മയെയും ഞങ്ങൾ കഷ്ടപ്പെടുത്താറില്ല. അൻപത് വയസ്സിന് മുകളിലുള്ള അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ മക്കൾക്കു കഴിയണം. അതിന് സാധിക്കുന്നില്ല എങ്കിൽ സ്വന്തം കാര്യമെങ്കിലും നോക്കാൻ സാധിക്കണം. അതല്ലാതെ അച്ഛനമ്മമാരുടെ നിഴലിൽ കഴിയരുത്. ഇപ്പോൾ എന്റെ കാര്യം നോക്കാൻ എനിക്കറിയാം'ഐശ്വര്യ ഭാസ്‌കരൻ മറുപടിയായി പറഞ്ഞു

തന്റെ ശരീരത്തെയും പ്രായത്തെയും സോപ്പ് കച്ചവടത്തെയുമെല്ലാം വിമർശിച്ചുകൊണ്ടുവരുന്ന കമന്റുകൾക്ക് അതേ നാണയത്തിലാണ് താരത്തിന്റെ മറുപടി. കേട്ടാലറയ്ക്കുന്ന കമന്റ് എഴുതുന്നവരെ അശ്ലീല ഭാഷയിൽ തന്നെ മറുപടി നൽകാൻ ഐശ്വര്യയ്ക്ക് യാതൊരു മടിയുമില്ല. വീഡിയോയിൽ ചീത്ത പറയുമ്പോൾ ബീപ് സൗണ്ട് ഉപയോഗിക്കുന്നുണ്ട്.