മുംബൈ: തെന്നിന്ത്യൻ സിനിമയിൽ നിന്നെത്തി ബോളിവുഡിൽ സൂപ്പർഹിറ്റ് നടിയായി നിൽക്കുകയാണ് രശ്മിക മന്ദാന. അല്ലു അർജുൻ നായകനായ 'പുഷ്പ' എന്ന ചിത്രമാണ് രശ്മികയുടെ കരിയറിൽ വഴിത്തിരിവായത്. തുടർന്ന് അവരുടെ താരമൂല്യം കുത്തനെ ഉയരുകയായിരുന്നു.

പുഷ്പ എന്ന ചിത്രത്തിന്റെ ബ്ലോക്ക്‌ബസ്റ്ററിന് ശേഷം രശ്മികളുടെ ജനപ്രീതി കുതിച്ചുയരുകയായിരുന്നു.'ഗീത ഗോവിന്ദം' എന്ന തെലുങ്ക് ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് രശ്മിക പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഡിയർ കോമ്രേഡ്, സരിലേരു നീക്കെവ്വരു, ആനിമൽ തുടങ്ങിയ ബ്ലോക്ക്‌ബസ്റ്റർ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

രൺബീർ കപൂറിനൊപ്പമുള്ള ആനിമലാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രശ്മിക തന്റെ പ്രതിഫലം ഉയർത്തിയെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഒരു ചിത്രത്തിന് 4 കോടി മുതൽ 4.5 കോടിവരെയാണ് രശ്മികയുടെ പുതിയ പ്രതിഫലം എന്നാണ് ഉയർന്ന അഭ്യൂഹം. ഫിലിമി ബൗൾ എന്ന എക്സ് അക്കൗണ്ടിൽ ഇത് പോസ്റ്റും ചെയ്യപ്പെട്ടു.

'അനിമൽ സിനിമയുടെ വിജയത്തിന് ശേഷം രശ്മിക മന്ദന തന്റെ പ്രതിഫലം വീണ്ടും വർദ്ധിപ്പിച്ചു. സിനിമ രംഗത്തെ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ രശ്മിക ഒരു ചിത്രത്തിന് ഏകദേശം 4 കോടി മുതൽ 4.5 കോടി വരെ ഈടാക്കുന്നു എന്നാണ് വിവരം - ഇതായിരുന്നു എക്സ് പോസ്റ്റിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെ രശ്മിക തന്നെ ഈ പോസ്റ്റിന് പ്രതികരണവുമായി എത്തി.

'ആരാണ് ഇത് പറഞ്ഞതെന്ന് ശരിക്കും ഞാൻ അത്ഭുതപ്പെടുന്നു. ഇതെല്ലാം കാണുമ്പോൾ ശരിക്കും ഇത് പരിഗണിക്കാവുന്ന വിഷയമാണ്. അപ്പോൾ എന്റെ നിർമ്മാതാവ് ചോദിക്കും എന്തിന് ഇത്രയും ശമ്പളം. അപ്പോൾ ഞാൻ പറയും 'മാധ്യമങ്ങൾ അങ്ങനെയാണ് പറയുന്നത് സാർ, അവർ പറയും പോലെ ജീവിക്കണം, ഞാനെന്ത് ചെയ്യനാണ് എന്ന്' എന്നാണ് രശ്മിക പ്രതികരിച്ചത്. രശ്മികയുടെ മറുപടിയെ പ്രശംസിച്ച് നിരവധി പേരെത്തി.