തിരുവനന്തപുരം: സർക്കാർ ബാറുടമകളെ വേട്ടയാടുന്നു എന്നാരോപിച്ച് ബാറുടമകളുടെ യോഗത്തിൽ ചേരിതിരിഞ്ഞ് ബഹളം. രഷ്ട്രീയ പാർട്ടികൾക്കു നൽകുന്നതിന് തിരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചിട്ട് പറഞ്ഞുറപ്പിച്ച മുഴുവൻ പണവും നൽകാത്തതിന്റെ വൈരാഗ്യമാണ് സർക്കാരിനെ എന്നാണ് പരാതി. 21 കോടി രൂപ പിരിച്ചിട്ടും മുഴുവൻ തുകയും നൽകാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. അതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

ബാറുകൾക്കുള്ള മദ്യത്തിന് ബെവ്‌കോ ഈടാക്കുന്ന മാർജിൻ വർധിപ്പിച്ചതാണ് തർക്കത്തിനു കാരണം. മാർജിൻ എട്ട് ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തി. ഇതോടെ ബാറുകൾക്കു നഷ്ടം വരുന്ന അവസ്ഥയായി. ഇതിനാലാണ് ബാറുകൾ അടച്ചിട്ട് പ്രതിഷേധിച്ചത്. എന്നാൽ സർക്കാർ ബാറുടമകളെ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി ഉയർന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ ബാറുടമകളുടെ പ്രതിനിധികൾ സർക്കാരിനെയും എക്‌സൈസ് മന്ത്രിയെയും പലവട്ടം സമീപിച്ചു. എന്നാൽ ബാറുടമകളുടെ സംഘടനാ നേതാക്കളെ കാണാൻ ആരും കൂട്ടാക്കിയില്ല. ഇക്കാര്യം ഓൺലൈൻ യോഗത്തിൽ ഉയർന്നുവന്നു. എൽഡിഎഫ് സർക്കാരിനു വാക്കു നൽകിയ പണം മുഴുവനും കൈമാറാത്തതാണ് സർക്കാർ ബാറുടമകളോട് വൈരാഗ്യത്തോടെ പെരുമാറാൻ കാരണമെന്നു യോഗത്തിൽ പ്രതിനിധികൾ വിമർശിച്ചു.

പിരിച്ചെടുത്ത പണത്തിന്റെ കണക്ക് സംസ്ഥാന നേതൃത്വം ഹാജരാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ പണം പിരിച്ചതും വിതരണം ചെയ്തതും ജില്ലാ കമ്മിറ്റികളാണെന്നും കണക്ക് അവരോടു ചോദിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന്റെ മറുപടി. ഇതാണ് ബഹളത്തിലേയ്ക്ക് നീങ്ങാൻ കാരണമായത്. കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗത്തിലാണ് പിരിവിന്റെ പേരിൽ ബാറുടമകൾ തമ്മിൽ തർക്കം ഉയർന്നത്.

ഒരു ബാറിന് 3 ലക്ഷം രൂപ എന്ന കണക്കിലാണ് ഉടമകൾ പിരിവു നടത്തിയത്. കൂടാതെ കോവിഡ് കാരുണ്യ പ്രവർത്തനത്തിനായി ആംബുലൻസ് വാങ്ങി നൽകാൻ 20,000 രൂപ വീതവും വാങ്ങി. സംസ്ഥാനത്തെ 700 ബാറുകളിൽ ഒരു വിഭാഗം പിരിവു നൽകിയില്ല. പഞ്ചനക്ഷത്ര ബാറുകളും വിട്ടുനിന്നു. യുഡിഎഫ് കാലത്തെ ബാർ കോഴ വിവാദത്തിന്റെ ഭീതിയിൽ കണക്കുകൾ സൂക്ഷിച്ചിട്ടില്ല. അതത് ജില്ലാ കമ്മിറ്റികൾ പണം പിരിച്ചെടുത്ത് സംസ്ഥാന നേതൃത്വം നൽകിയ ലിസ്റ്റ് അനുസരിച്ചു വിതരണം ചെയ്തുവെന്നാണ് അറിവ്. ഭരണപക്ഷത്തെയും പ്രതിപക്ഷങ്ങളിലെയും അടക്കം നാല് പ്രധാന പാർട്ടികൾക്ക് പണം നൽകിയെന്നാണ് റിപ്പോർട്ടുകൾ.

അസോസിയേഷന്റെ തലപ്പത്തുള്ളവർ ഭരണകക്ഷിയുമായി അടുത്തുനിൽക്കുന്നവരാണ്. എന്നിട്ടും ബാറുടമകളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നില്ലെന്നാണ് വിമർശനം. സിപിഎമ്മുമായും സിപിഎം സംസ്ഥാനനേതാക്കളുമായും നിലവിലെ മന്ത്രിമാരുമായും വളരെ അടുപ്പമുള്ള ബാറുടമയാണ് അസോസിയേഷൻ സംസ്ഥാന നേതൃത്വത്തിൽ പ്രധാനി. അദ്ദേഹം സിപിഎമ്മിന്റെ മുൻകാല നേതാവും അദ്ദേഹത്തിന്റെ സഹോദരൻ നിലവിൽ ജില്ലാ നേതാവുമാണ്. എൽഡിഎഫിലെ ഘടകകക്ഷിയുടെ ചെയർമാൻ കൂടിയാണ് സംഘടനയിലെ മറ്റൊരാൾ. ഇടതു സർക്കാരുമായി അടുപ്പമുള്ള ഇരുവർക്കുമെതിരെയാണ് പ്രധാനവിമർശനം.