കൊട്ടാരക്കര: മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ ടെലിഗ്രാം ആപ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർക്കു കൊട്ടാരക്കര കോടതിയുടെ സമൻസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേരു പറഞ്ഞ് സീക്രട്ട് സെക്‌സ് ഗ്രൂപ്പുകളിൽ ഫോൺ നമ്പർ ഷെയർ ചെയ്ത കേസിലാണ് കോടതി ഇടപെടൽ. നേരത്തെ ഈ കേസിൽ പൊലീസ് കേസെടുക്കാൻ മടിക്കുന്നുവെന്ന ആരോപണവും എത്തി. മറുനാടൻ വാർത്തയും നൽകി. ഇതിന് ശേഷമാണ് കേസിന് പുതു ജീവനുണ്ടായത്.

അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു കരുതുന്നവരുടെ ഐഡി വിവരങ്ങൾ ടെലിഗ്രാം ആപ്ലിക്കേഷൻ ഹാജരാക്കണമെന്നാണു കോടതി നിർദ്ദേശം. കൊട്ടാരക്കര പൊലീസ് സൈബർ സെൽ നൽകിയ ഹർജിയിലാണു കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ ഇടപെടൽ. വീണാ വിജയന്റെ ദൃശ്യങ്ങൾ ലഭിക്കാൻ മൊബൈൽ നമ്പറിൽ ബന്ധപ്പെടുക എന്ന് കാട്ടിയായിരുന്നു ടെലഗ്രാം, വാട്ട്‌സാപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. മൂന്ന് യുവാക്കളുടെ നമ്പറാണ് സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുവാക്കളിൽ ഒരാളായ ബിനീഷ് എഴുകോൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് നടപടി എടുക്കാത്തത് എന്നായിരുന്നു ആരോപണം.

ഇയാളുടെ ഫോൺ നമ്പർ നൽകിയാണ് അശ്ലീലസന്ദേശം പ്രചരിപ്പിച്ചത്. ഫോണിലേക്കു കൂട്ടത്തോടെ വിളികളെത്തിയതോടെ യുവാവ് കഴിഞ്ഞ ജൂലൈയിൽ റൂറൽ എസ്‌പി ഹരിശങ്കറിനു പരാതി നൽകി. വ്യാജ പ്രൊഫൈലും മറ്റൊരാളുടെ ഫോൺ നമ്പരും ഉപയോഗിച്ചാണു സന്ദേശം പ്രചരിപ്പിച്ചതെന്നു കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ ടെലിഗ്രാം അധികൃതരുടെ സഹായം ലഭിക്കുന്നില്ലെന്നാണു പൊലീസിന്റെ പരാതി. പല തവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറിയില്ല. ഈ സഹാചര്യത്തിലാണ് കോടതിയിലേക്ക് കാര്യങ്ങൾ എത്തിയത്.

ഡൽഹിയിലുള്ള ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർക്കാണു കോടതി സമൻസ് അയച്ചത്. വിവരം ലഭിക്കാതെ വന്നാൽ നയതന്ത്ര ബന്ധം ഉപയോഗിച്ചു വിദേശത്തുനിന്നു ടെലിഗ്രാം ഉന്നതരെ വരുത്താനാണു പൊലീസ് ശ്രമം. വിജിലൻസിലേക്കു ചുമതല മാറിയെങ്കിലും എസ്‌പി ഹരിശങ്കറിന്റെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. പല സീക്രട്ട് ഗ്രൂപ്പുകളിലും യുവാക്കളുടെ നമ്പർ പ്രചരിക്കുന്നുണ്ട്. പല സ്ത്രീകളുടെ പേരുകളും ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങളുടെ പ്രചരണം. തുടർന്ന് യുവാക്കളുടെ ഫോണുകളിലേക്ക് നിരന്തരം കോളുകളും വാട്ട്‌സാപ്പ് സന്ദേശങ്ങളും എത്തി.

ഇതോടെയാണ് തങ്ങളുടെ നമ്പർ സീക്രട്ട് ഗ്രൂപ്പുകളിൽ പ്രചരിച്ചു എന്ന് മനസ്സിലായത്. തുടരെ തുടരെ കോളുകൾ വരാൻ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് നിരവധി ടെലഗ്രാം വാട്ട്‌സാപ്പ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ നമ്പർ എത്തിപ്പെട്ടു എന്നറിഞ്ഞു. 'മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേര് വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കുന്നില്ല' എന്ന തലക്കെട്ടോടെ അഭിഭാഷകനായ ജിയാസ് ഇട്ട ലൈവ് വീഡിയോ ഏറെ ചർച്ചയായിരുന്നു.

മൂന്ന് യുവാക്കളുടെ നമ്പറുകൾ നൽകിയാണ് സ്ത്രീകളുടെ പേരുകൾ ഉപയോഗിച്ചുള്ള പ്രചരണം. വീഡിയോ ക്ലിപ്പുകൾക്കായി യുവാക്കളെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾക്ക് പിന്നാലെ യുവാക്കൾ അതാത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മൂന്ന് ദിവസമായിട്ടും നടപടിയെടുത്തിട്ടില്ലെന്നാണ് ജിയാസ് ആരോപിച്ചിരുന്നത്. ധനഞ്ജയ്, അബ്ദുൾകലാം, ബിനീഷ് എന്നീ യുവാക്കളുടെ നമ്പറുകളാണ് ഇത്തരത്തിൽ പ്രചരിച്ചത്.