തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധന പീഡനത്തെതുടർന്ന് ആത്മഹത്യ ചെയ്ത ബി.എ.എം.എസ് വിദ്യാർത്ഥിനി വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ (30) സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്:

സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. 2021 ജൂൺ 21- ന് ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട എസ്. വി. വിസ്മയയുടെ ഭർത്താവായ എസ്.കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊല്ലം റീജ്യണൽ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു കിരൺ കുമാർ

സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങൾക്കിടയിൽ സർക്കാരിന്റേയും മോട്ടോർ വാഹന വകുപ്പിന്റേയും അന്തസ്സിനും സൽപ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാൽ 1960-ലെ കേരളാ സിവിൽ സർവ്വീസ് ചട്ടം പ്രകാരമാണ് നടപടി. സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസിൽ നടന്നിട്ടുണ്ട്. എസ്. കിരൺ കുമാറിനെ ജൂൺ 22ന് അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ലിംഗനീതിയും സമത്വവും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എൽ.ഡി.എഫ് സർക്കാരിനുള്ളത്. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോൾ കേരളം മുൻപോട്ടു പോകുന്നത്. കേരള സമൂഹത്തിൽ നിലനിൽക്കുന്ന ഈ പ്രവണതകൾ ഇല്ലാതാക്കാൻ ജനങ്ങളും സർക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്ത്രീധന സമ്പ്രദായമുൾപ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങൾ ഉച്ഛാടനം ചെയ്ത് സമത്വപൂർണമായ നവകേരളം സൃഷ്ടിക്കാൻ നമുക്കൊരുമിച്ചു മുന്നോട്ടു പോകാം.

കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട വിവരം ഗതാഗത മന്ത്രി ആന്റണി രാജുവാണ് ആദ്യം പുറത്തുവിട്ടത്. സ്ത്രീധന പീഡന കേസിൽ ഒരാളെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമായാണ്. കിരൺ കുമാറിനെ ജൂൺ 22ന് അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് ഇപ്പോൾ പിരിച്ചുവിടുന്നത്.

കിരൺകുമാറിന്റെ ജാമ്യാപേക്ഷ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിക്കെതിരെ സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരം 498 എ, 304 ബി എന്നീ വകുപ്പുകൾ പ്രകാരം കേസ് പ്രഥദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അന്വേഷണ ഘട്ടത്തിൽ ജാമ്യത്തിന് അവകാശമില്ലെന്നും സെഷൻസ് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വിസ്മയ (24). കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന വിസ്മയ ജീവനൊടുക്കുകയായിരുന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.