കോട്ടയം: പാലായിലെ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒരാഴ്ചയോളം പ്രതി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയെതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

പെട്ടെന്ന് ഒരാളെ കൊല്ലുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ വിവിധ വെബ്‌സൈറ്റിലുടെ പ്രതി അഭിഷേക് മനസിലാക്കിയിരുന്നു. വിവരങ്ങൾ ലഭിക്കുന്നതിനായി നിരവധി വീഡിയോകൾ കണ്ടു. ചെന്നൈയിൽ നടന്ന ഒരു കൊലയുമായി ബന്ധപ്പെട്ട വീഡിയോ റിപ്പോർട്ടുകൾ പ്രതി പലതവണ കണ്ടതായും കുറ്റപത്രത്തിൽ പറയുന്നു.

കൊലപാതകത്തിനായി പുതിയ ബ്ലേയ്ഡാണ് അഭിഷേക് വാങ്ങിയത്. കേസിൽ ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ടുകൾ ഉൾപ്പടെയുള്ള രേഖകളും പൊലീസ് ഹാജരാക്കിയിട്ടുണ്ട്. ഇരുവരുടേയും സുഹൃത്തുക്കൾ ഉൾപ്പടെ 80 സാക്ഷികളാണ് കേസിലുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധിയാളുകളിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയിരുന്നു.

ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നുമായിരുന്നു അഭിഷേക് പൊലീസിന് നൽകിയിരുന്ന മൊഴി.കേസിൽ 80 സാക്ഷികളാണ് ഉള്ളത്. ഫോറൻസിക് റിപ്പോർട്ടുകളുടെ രേഖകൾ അടക്കം 48 രേഖകളും പൊലീസ് കുറ്റപത്രത്തോടപ്പം സമർപ്പിച്ചു.

ഒകടോബർ ഒന്നിനായിരുന്നു പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിധിന മോൾ(22) ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്ത് വൈക്കം സ്വദേശിയായ അഭിഷേക് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സെന്റ് തോമസ് കോളേജിലെ ഫുഡ് ടെക്നോളജിവിദ്യാർത്ഥികളായിരുന്നു.

പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. നിധിനമോളെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പേപ്പർകട്ടർ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.പെൺകുട്ടി മുൻ കാമുകനുമായി അടുത്തെന്ന സംശയമാണ് കൊല ചെയ്യുന്നതിന് അഭിഷേകിനെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

പ്രതി കൊലചെയ്യുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വെബ്സൈറ്റ് നോക്കി എങ്ങനെ കൊല ചെയ്യാമെന്ന് മനസ്സിലാക്കി. ഇതിൽ ചെന്നൈയിൽ റിപ്പോർട്ട് ചെയ്ത പ്രണയ നൈരാശ്യത്തെ തുടർന്നുണ്ടായ ഒരു കൊലപാതക വീഡിയോ അഭിഷേക് നിരവധി തവണ കണ്ടുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കി. കൊലപാതകത്തിനായി പുതിയ ബ്ലേഡും ഇയാൾ വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറഞ്ഞു.