കൽപറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ബോഡി ഷെയിമിങ് നടത്തിയെന്ന ആരോപണങ്ങളുമായി യൂത്ത് കോൺഗ്രസ് നേതാവായ യുവതി രംഗത്ത്. തന്റെ ജാതിയെയും സ്ത്രീത്വത്തെയും അപമാനിച്ചെന്ന് കാട്ടി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം ജന. സെക്രട്ടറിയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെള്ളമുണ്ട ബ്ലോക്ക് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന വിജിതയാണ് പൊലീസിനും പട്ടികജാതി-പട്ടിക വർഗ കമ്മിഷനും പരാതി നൽകിയത്. പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്ത പശ്ചാത്തലത്തിലാണ് പരസ്യമായി രംഗത്തുവരുന്നതെന്നും വിജിത വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് ഡിവിഷനിൽ തോൽക്കാൻ കാരണം സൗന്ദര്യം ഇല്ലാത്ത സ്ഥാനാർത്ഥിയെ നിർത്തിയതുകൊണ്ടാണെന്ന് അപ്പച്ചൻ പാർട്ടി യോഗത്തിൽ പ്രസംഗിച്ചു എന്നാണ് പരാതി. പരാതി അന്വേഷിക്കാൻ കെപിസിസി ജന. സെക്രട്ടറി പിഎം നിയാസിന്റെ നേതൃത്വത്തിൽ കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും ഡിസിസി പ്രസിഡന്റിന് അനുകൂലമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. എന്നാൽ ജാതീയമായും ലിംഗപരമായും തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വിജിത പറഞ്ഞു. എൻ.ഡി അപ്പച്ചനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന പട്ടിക ജാതി-പട്ടികവർഗ കമ്മീഷനും ഡി.വൈ.എസ്. പിക്കും പരാതി നൽകിയതായി യുവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് ദേശിയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പലതവണ പരാതി നൽകിയിട്ടും നടപടിയൊന്നുമെടുക്കാത്ത പശ്ചാത്തലത്തിൽ ആണ് പരസ്യ പ്രതികരണമെന്നും അപ്പച്ചനെ പുറത്താക്കും വരെ പ്രതിഷേധം തുടരുമെന്നും യുവതി വ്യക്തമാക്കി.

ആദിവാസി യുവതിയെ അപമാനിച്ച ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ എറമ്പയിൽ നേരത്തേ വാർത്താസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു. പരാതിയെക്കുറിച്ച് മുസ്തഫ ചില കോൺഗ്രസ് നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും മുസ്തഫ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഡിസിസി ജനറൽ സെക്രട്ടറി എ എം നിഷാന്ത്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ്, മുൻ മണ്ഡലം പ്രസിഡന്റ് മലയത്ത് ചന്ദ്രൻ, മൊതക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമേഷ് എന്നിവർ തന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് മുസ്തഫ പുറത്തുവിട്ടത്. ഡിസിസി അധ്യക്ഷനായ ശേഷം വെള്ളമുണ്ടയിൽ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം. 'കാണാൻ കൊണമില്ലാത്ത, ഗ്ലാമറില്ലാത്ത വ്യക്തിയെ മത്സരിപ്പിച്ചതിനാലാണ് തോറ്റത്'എന്നു പറഞ്ഞെന്നാണ് യുവതിയുടെ പരാതി.

ഡിസിസി പ്രസിഡന്റിനെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും സംഘടനാ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പാർട്ടിയെ വിശ്വാസത്തിലെടുത്ത് പാർട്ടിയിൽ പ്രശ്ന പരിഹാരത്തിന് ശ്രമിച്ച യുവതിയെ അപമാനിക്കുകയാണ് ചില നേതാക്കളെന്നും ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസി നടപടിയെടുക്കണമെന്നും എടവക യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തിരുനെല്ലി മണ്ഡലം കമ്മിറ്റിയും ഇതേ ആവശ്യമുന്നയിച്ചു. അതിനിടെ അപ്പച്ചനെതിരെ നടപടി ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ് എടവക മണ്ഡലം പ്രസിഡന്റ് ഫൈസൽ ആലമ്പാടിനെയും വെള്ളമുണ്ട മണ്ഡലം പ്രസിഡന്റ് ഒടി ഉനൈസിനെയും സംഘടനയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഡിസിസി പ്രസിഡന്റിനെതിരെ പാർട്ടി നടപടി സ്വീകരിക്കണമെന്ന് ആദിവാസി കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

അതേസമയം പരാതിക്കാരിയെ താൻ ഇതുവരെ കണ്ടിട്ട് പോലുമില്ലെന്നും പിന്നെങ്ങനെയാണ് താൻ അവരെ ബോഡി ഷെയിമിങ് നടത്തുന്നതെന്നും ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ചോദിച്ചു. പരാതി കെട്ടിച്ചമച്ചതാണെന്നും പാർട്ടി നിയോഗിച്ച കമ്മീഷന് അത് ബോധ്യപ്പെട്ടതായും അദ്ദേഹം മറുനാടനോട് പറഞ്ഞു.