തിരുവനന്തപുരം: വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ ബിനീഷ് കോടിയരിയുടെ ഭാര്യയേയും മകളേയും ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് ആരോപണം. ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ് ഇത് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടർക്ക് പരാതി നൽകി. മകളെയും പേരക്കുട്ടിയെയും ഇ.ഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ഇ മെയിലായി അയച്ച പരാതിയിൽ ബിനീഷിന്റെ ഭാര്യാപിതാവ് ആരോപിക്കുന്നു.

മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇ.ഡി.ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവച്ചുവെന്നും, വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റ് കാർഡ് കാണിക്കുകയും അത് സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പുനൽകാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആവശ്യം നിരസിച്ചപ്പോൾ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. തന്നെ രാത്രിയോടെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരായ ബിനീഷ് കോടിയേരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡി.ക്ക് കേരള പൊലീസ് ഇമെയിൽ അയച്ചു. നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാൻ ഇ.ഡി. തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെയിൽ അയച്ചിരിക്കുന്നത്.തിരുവനന്തപുരത്തെ വീട്ടിൽ നടന്ന റെയ്ഡിൽ ബിനീഷ് കോടിയേരിയുടെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് നോട്ടീസ് മുഖാന്തിരം പരാതിയെ കുറിച്ച് പൊലീസ് ഇ.ഡി.യെ അറിയിച്ചിരുന്നു.

ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു ഇത്. റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇ.ഡി.ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സിഐ. തടഞ്ഞു. വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇ.ഡി.ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് പൂജപ്പുര പൊലീസ് ഇപ്പോൾ മെയിൽ അയച്ചിരിക്കുന്നത്. പരിശോധനയ്ക്കായി വന്ന ഉദ്യോഗസ്ഥരുടെ മുഴുവൻ വിശദാംശങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം തന്നെ അവർ വന്ന മൊഴിനൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യട്ടെ എന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. ഇ.ഡിയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ വൈദ്യപരിശോധനക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം. തിരുവനന്തുരത്തെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിനെക്കുറിച്ചായിരുന്നു പ്രതികരണം. എന്നാൽ, മാധ്യമപ്രവർത്തകരുടെ മറ്റു ചോദ്യങ്ങൾക്ക് ബിനീഷ് മറുപടി നൽകിയില്ല.

ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനകൾക്ക് ശേഷം എൻഫോഴ്‌സ്‌മെന്റ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നു. ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അൽ ജമാസിന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. നെടുമങ്ങാട് യൂണിയൻ ബാങ്കിലെ ലോക്കറിലാണ് ഇ.ഡി പരിശോധന നടത്തുന്നത്. ഇന്നലെ അൽ ജമാസിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് പാസ്ബുക്കും മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു.

അതിനിടെ, ബിനീഷിന്റെ വീട്ടിലെ റെയ്ഡ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം വിലയിരുത്തി. രാവിലെ എ.കെ.ജി സെന്ററിൽ മുഖ്യമ്രന്തി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തി. കുടുംബത്തിനു നേർക്ക് മനുഷ്യാവകാശ ലംഘനം നടത്തി. അത് തുറന്നുകാണിക്കും. എന്നാൽ അന്വേഷണം എതിർക്കാനോ തടസ്സപ്പെടുത്താനോ ഇല്ലെന്നും സിപിഎം വ്യക്തമാക്കി.