കൊച്ചി: അംഗീകാരമില്ലാതെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയ ലാബിന്റെ ചതിയിൽപെട്ട് പ്രവാസിയുടെ ജോലി നഷ്ടമായതായി പരാതി. എറണാകുളം വൈറ്റിലയിൽ പ്രവർത്തിക്കുന്ന ഹൈടെക് ഡയഗ്‌നോസ്റ്റിക് സെന്ററിനെതിരെയാണ് ഇരുമ്പനം സ്വദേശി സതീശൻ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അംഗീകാരമില്ലാത്ത പരിശോധനാ ഫലം നൽകിയതിനാൽ വിദേശത്തേക്കുള്ള യാത്ര തടസപ്പെട്ടതിനെ തുടർന്നാണ് ജോലി നഷ്ടമായിരിക്കുന്നത്. ലാബിനെതിരെ ഹൈക്കോടതിയിലും ഉപഭോക്തൃ തർക്ക പരിഹാര കോടയിലും പരാതി നൽകിയിരിക്കുകയാണ്.

2021 മാർച്ച് 4 നാണ് പരാതിക്കാസ്പദമായ സംഭവം. പ്രവാസിയായിരുന്ന സതീശൻ 2019 ൽ അവധിക്ക് നാട്ടിലെത്തിയശേഷം കോവിഡുമൂലം തിരികെ വിദേശത്തേക്ക് പോകാൻ കഴിഞ്ഞില്ല. ഇതിനിടയിൽ 2021 മാർച്ചിൽ യു.എ.ഇയിലേക്ക് സതീശന് ജോലി ശരിയായി. മാർച്ച് 7 ന് കമ്പനിയിൽ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. ഈ കാലയളവിൽ യു.എ.ഇയിലേക്ക് യാത്ര നടത്താൻ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. വിസ കയ്യിൽകിട്ടിയ ശേഷം വൈറ്റിലയിൽ ഹൈടെക് ലാബിൽ പോകുകയും യു.എ.ഇലേക്ക് പോകാൻ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താൻ കഴിയുമോ എന്ന് അന്വേഷിച്ചു. ടെസ്റ്റ് നടത്തുമെന്ന് അറിയിച്ച ശേഷം അവർ നൽകിയ അപേക്ഷാ ഫോറം പൂരിപ്പിച്ചു നൽകുകയും ചെസ്റ്റിന് വിധേയനാകുകയും ചെയ്തു. അന്നേ ദിവസം തന്നെ ഉച്ചയോടെ ടെസ്റ്റ് നെഗറ്റീവാണെന്ന് അറിയിക്കുകയും റിസൾട്ട് പ്രിന്റ് ചെയ്തു നൽകുകയും ചെയ്തു.

ടെസ്റ്റ് നെഗറ്റീവായതിനാൽ വേഗം തന്നെ എയർ ഇന്ത്യാ എക്സ്പ്രസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. മാർച്ച് ആറിന് നെടുമ്പാശ്ശേരിയിൽ യാത്രക്കായി എത്തിയപ്പോൾ എയർ ഇന്ത്യാ അധികൃതർ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ ഹൈടെക് ലാബിന് ഐ.സി.എം.ആർ( ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) അംഗീകാരമില്ലാ എന്ന് കണ്ടെത്തുകയും യാത്ര ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയുമായിരുന്നു. ഇതോടു കൂടി സതീശന് വിദേശത്തേക്കുള്ള ജോലി നഷ്ടമാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈടെക് ലാബിന് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താൻ ഐ.സി.എം.ആർ അനുമതി ഇല്ലാ എന്ന് സതീശന് മനസ്സിലായത്. വിവരാവകാശ രേഖ പ്രകാരം ഹൈടെക് ലാബിന് 2021 ഏപ്രിൽ 30 മതലാണ് അനുമതി ലഭിച്ചിട്ടുള്ളത് എന്നും വ്യക്തമായി. ലാബിന് ട്രൂനാറ്റ് ടെസ്റ്റ് നടത്താനുള്ള അംഗീകാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് മറച്ചു വച്ചാണ് ഹൈടെക് ലാബ് സതീശന് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് അഡി.ജില്ലാ മജിസ്ട്രേട്ട് മുൻപാകെ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലാബുകാരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച കണ്ടെത്തുകയും ചെയ്തു. ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകാനും നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ശമ്പള ഇനത്തിൽ 53 ലക്ഷം രൂപയും, ഫ്ളൈറ്റ് ടിക്കറ്റ്, വിസ, ഇൻഷൂറൻസ്, മറ്റ് ചെലവ് അടക്കം 64,750 രൂപയും നഷ്ടമുണ്ടായതായും ലാബുകാരുടെ ചതിയിൽ നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടികൾക്ക് 10 ലക്ഷം രൂപയും അടക്കം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സതീശൻ ഉപഭോക്തൃ കോടതിയിലും ഹൈക്കോടതിയിലും പരാതി നൽകിയിരിക്കുന്നത്.

അതേ സമയം ലാബിന്റെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഐ.സി.എം.ആർ സർട്ടിഫിക്കേഷൻ ഉണ്ടായിരുന്നു. എയർ ഇന്ത്യാ എക്സപ്രസ്സിൽ മാത്രം യാത്ര ചെയ്യാൻ ചില സാങ്കേതിക തടസമുണ്ടായിരുന്നു. ഇക്കാര്യം വ്യക്തമായി നോട്ടീസ് ബോർഡിൽ പതിപ്പിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് സതീശൻ ടെസ്റ്റ് നടത്തി പോയത്. എയർ ഇന്ത്യാ എക്സ്പ്രസ്സിൽ പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടുകയും സാങ്കേതിക തടസം മാറ്റുകയും ചെയ്തു. ഇക്കാര്യത്തിൽ വീഴ്ച പറ്റിയത് എയർ ഇന്ത്യാ എക്സ്പ്രസ്സിനാണെന്നും ഹൈടെക് അധികൃതർ പറയുന്നു.