കൊച്ചി: പ്രമേഹം പൂർണ്ണമായും മാറ്റി കൊടുക്കുമെന്നും മാറിയില്ലെങ്കിൽ പണം തിരികെ നൽകുമെന്നും കാട്ടി പരസ്യം നൽകി രോഗികളെ വഞ്ചിക്കുന്ന അമ്പലപ്പുഴ പരബ്രഹ്മ ആയൂർവ്വേദ ഹോസ്പിറ്റലിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. 60,000 രൂപയോളം മുടക്കി ചികിത്സിക്കുന്നവർക്ക് പ്രമേഹം കൂടുന്നതല്ലാതെ കുറയുന്നില്ലാ എന്നാണ് പരാതി. പരസ്യത്തിൽ പറയുന്നതു പോലെ രോഗം ഭേദമായില്ലെങ്കിൽ മുടക്കിയ പണം തിരികെ നൽകും എന്ന വാഗ്ദാനവും പാലിക്കുന്നില്ല. പണം തിരികെ ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഒരു സംഭവമാണ് ഒമാനിൽ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരിക്കാരൻ മനേഷ് ബാബുവിന് പറയാനുള്ളത്. ഭീഷണി സഹിക്ക വയ്യാതെ ആലപ്പുഴ എസ്‌പിക്ക് പരാതി നൽകിയിരിക്കുകയാണ് മനേഷ്.

പ്രമേഹത്തിന് മുടങ്ങാതെ മരുന്നു കഴിക്കുന്ന മനേഷ് ഒരു യൂട്യൂബ് ചാനലിലെ പരസ്യം കണ്ടാണ് പരബ്രഹ്മ ആശുപത്രിയുമായി ബന്ധപ്പെടുന്നത്. പരബ്രഹ്മ ആയൂർവ്വേദ ഹോസ്പിറ്റൽ ഒരു മരുന്ന് കണ്ടു പിടിച്ചുവെന്നും ആറു മാസം കഴിച്ചാൽ ഭേദം ആകുമെന്നും, ഭേദം ആകുന്നില്ല എങ്കിൽ മണി ബാക്ക് ഗ്യാരന്റിയും പറഞ്ഞായിരുന്നു പരസ്യം. പരസ്യത്തിൽ അനുഭവ സാക്ഷ്യങ്ങളും കാണിക്കുന്നുണ്ട്. വില 60,000. ഗൾഫിൽ പ്രമേഹവുമായി ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടായതിനാൽ ഇവരെ ബന്ധപ്പെട്ടു. ആശുപത്രിയിലെ പിങ്കി പ്രിയേഷ് എന്ന ഡോക്ടറാണ് മനേഷിന് ചികിത്സാ രീതികൾ പറഞ്ഞു കൊടുത്തത്.

നിലവിൽ കഴിക്കുന്ന പ്രമേഹത്തിന്റെ മരുന്നുകൾ മൂന്നു മാസം കൊണ്ട് നിർത്തണമെന്നും പരബ്രഹ്മയുടെ ഡയബറ്റിക് ക്യുയർ എന്ന മരുന്നും ഒപ്പം കഴിക്കണമെന്നുമായിരുന്നു നിർദ്ദേശം. ആറുമാസം കൊണ്ട് പ്രമേഹം പൂർണ്ണമായും മാറുമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു പ്രാവശ്യമായി മനേഷ് പണമടച്ച് മരുന്ന് കൊറിയറായി വിദേശത്തേക്ക് വരുത്തി കഴിച്ചു തുടങ്ങി. ഡോക്ടറുടെ നിർദ്ദേശ പ്രകാരം നിലവിൽ കഴിച്ചു കൊണ്ടിരുന്ന പ്രമേഹത്തിന്റെ മരുന്നുകൾ നിർത്തുകയും ചെയ്തു. എന്നാൽ അഞ്ചു മാസം കഴിഞ്ഞ് പരിശോധിച്ചപ്പോൾ മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയായി പ്രമേഹം കൂടി.

13-05-2021 ൽ ആഹാരം കഴിക്കുന്നതിന് മുൻപ് 200 ഉം വെകുന്നേരം 240ഉം ആയിരുന്നു ഷുഗർ ലെവൽ. 14ന് യഥാക്രമം 215-280, 15 ന് 290-240, 16 ന് 225-290, 17 ന് 200-270, 18 ന് 210-240, 19 ന് 220-240, 20 ന് 230-195, 21 ന് 230. ഇതോടു കൂടി അപകടം മണത്ത മനീഷ് മറ്റൊരു ഡോക്ടറെ കണ്ടു. മുൻപ് കഴിച്ചു കൊണ്ടിരുന്ന മരുന്ന് നിർത്തിയതിന് ഡോക്ടറുടെ ശകാരം കേൾക്കേണ്ടി വന്നു. വീണ്ടും അലോപ്പതി മരുന്ന് തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നാണ് ഷുഗർ ലെവൽ താഴ്ന്നത്.

രോഗം മാറാതെ കൂടിയതോടെ പരബ്രഹ്മയിൽ ബന്ധപ്പെട്ടപ്പോൾ നാട്ടിലെത്തി ആശുപത്രിയിൽ അഡ്‌മിറ്റായാൽ ചികിത്സിച്ച് ഭേദമാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കിയ മനേഷ് അതിന് തയ്യാറാകാതെ മുടക്കിയ പണം തിരികെ ആവശ്യപ്പെട്ടു. പക്ഷേ ആശുപത്രി അധികൃതർ ഇതിന് തയ്യാറായില്ല. തുടർന്ന് ഫെയ്സ് ബുക്കിൽ തനിക്ക് പറ്റിയ ചതി വെളിപ്പെടുത്തി ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

ഇതു ശ്രദ്ധയിൽപെട്ട ആശുപത്രി അധികൃതർ 5 കോടി രൂപ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്ന് ഭീഷമിപ്പെടുത്തി വക്കീൽ നോട്ടീസയച്ച് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു. കൂടാതെ മനേഷ് ഏതെങ്കിലും തരത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി വന്നാൽ തീർത്തു കളയുമെന്ന് ഭീഷണിയും മുഴക്കി. ഒമാനിൽ അവരുടെ ആളുകളുണ്ടെന്നും ദേഹോപദ്രവം ചെയ്യുമെന്നും ഫോണിൽ വിളിച്ചു പറഞ്ഞു. ഫോൺ വിളിച്ചതിന്റെയും സന്ദേശങ്ങളയച്ചതിന്റെയും സ്‌ക്രീൻ ഷോട്ടുകളടക്കം ആലപ്പുഴ എസ്‌പിക്ക് പരാതി നൽകിയിരിക്കുകയാണ്.

8086617771, 8907330140 എന്നീ നമ്പറുകളിൽ നിന്നാണ് ഫോൺ വിളിച്ച് അസഭ്യം പറയുകയും നാട്ടിൽ കാലു കുത്തിയാൽ കാൽ വെട്ടി കളയും എന്നും കുടുംബത്തെ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. വീട്ടിൽ ഭാര്യയും കുട്ടികളും പ്രായമായ അമ്മയും മാത്രമാണുള്ളത്. വീട്ടുകാർ ആകെ ഭയന്നിരിക്കുകയാണ്. അതിനാൽ വേണ്ട നടപടികൾ സ്വീകരിച്ച് ഇവർക്കെതിരെ കേസെടുക്കണമെന്നും മനേഷ് നൽകിയ പരാതിയിൽ പറയുന്നു.