ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള വ്യക്തി വരണമെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ പ്രിയങ്ക ഗാന്ധിയും അംഗീകരിച്ചിരുന്നു. പാർട്ടിയെ നയിക്കാൻ ശേഷിയുള്ള നിരവധി പേരുണ്ടെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. 

India Tomorrow: Conversations with the Next Generation of Political Leaders എന്ന പുസ്തകത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നൽകിയ അഭിമുഖമായിരുന്നു ചർച്ചയായത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു പുസ്തകത്തിന് വേണ്ടിയുള്ള അഭിമുഖം. ഇതേ അഭിമുഖത്തിൽ തന്നെയാണ് രാഹുലാണ് തന്റെ നേതാവെന്നും അതങ്ങനെ തന്നെയായിരിക്കുമെന്നും പ്രിയങ്ക പറയുന്നത്.
പ്രദീപ് ചിബറും ഹർഷ് ഷായും ചേർന്ന് എഴുതിയ പുസ്തകം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയതോടെയാണ് മാധ്യമങ്ങളും ബിജെപിയും പ്രിയങ്കയുടെ അഭിപ്രായങ്ങൾ ചർച്ചയാക്കിയത്. എന്നാൽ, ഒരുവർഷം മുമ്പുള്ള പ്രിയങ്കയുടെ അഭിപ്രായങ്ങൾ ആണിതെന്നാണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട്.

ഒരു വർഷം മുൻപ് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നതെന്നും ഒരു വർഷം മുൻപ് പ്രിയങ്ക നടത്തിയ ഒരു പ്രസ്താവനയോടുള്ള മാധ്യമങ്ങളുടെയുടേയും ബിജെപിയുടെയും താത്പര്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചത്. പ്രിയങ്ക ഗാന്ധി വധേര ഒരു വർഷം മുൻപ് (2019 ജൂലൈ 1 ) നൽകിയ അഭിമുഖം ഇത്രയും വലിയ ചർച്ചയാക്കാനുള്ള മാധ്യമങ്ങളുടെ താത്പര്യത്തെ (ബിജെപിക്ക് വേണ്ടി) ഞങ്ങൾ അഭിനന്ദിക്കുന്നു.ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മോദിയും അമിത് ഷായും ചേർന്ന് നടത്തുന്ന അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടേണ്ട സമയമാണ് ഇത്. ആ അനീതികൾക്കെതിരെ ഭയമില്ലാതെ മുൻനിരയിൽ നിന്ന് പോരാടുകയാണ് വേണ്ടതെന്നും രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.അധികാരമെന്ന കെണിയിൽ പെടാതെ നെഹ്‌റു-ഗാന്ധി കുടുംബം ഒരുമിച്ച് കോൺഗ്രസിനെ മുന്നോട്ടു നയിച്ചു. 2004 ൽ അധികാര ം ത്യജിച്ചുകൊണ്ട് സോണിയ ജി പാർട്ടിയെ നയിച്ച് മാതൃക കാണിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പദവി രാജിവെച്ചുകൊണ്ട് 2019 ൽ രാഹുൽ ജിയും അതിനുള്ള ധൈര്യം കാണിച്ചു.

മോദി സർക്കാരിന്റെ ദിനംപ്രതിയുള്ള നീചമായ ആക്രമണങ്ങളും തിരിച്ചടികളും വകവെക്കാതെ, ഒട്ടും തളരാതെ, രാഹുൽ പോരാടുന്നത് ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കാണുന്നുണ്ട്. ഈ നിർഭയത്വവും വിട്ടുവീഴ്ചയില്ലാത്ത ധൈര്യവുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ആവശ്യപ്പെടുന്നത്, പ്രവർത്തകരും രാഷ്ട്രവും ആവശ്യപ്പെടുന്നത് അത് മാത്രമാണ്, സുർജേവാല പറഞ്ഞു.

പ്രിയങ്ക പറഞ്ഞത് ഇങ്ങനെ:

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന സഹോദരൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണച്ചാണ് പ്രിയങ്ക രംഗത്തെത്തിയത്. പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. 'ഇന്ത്യ ടുമോറോ: കോൺവർസേഷൻസ് വിത്ത് ദ നെക്സ്റ്റ് ജനറേഷൻ ഓഫ് പൊളിറ്റിക്കൽ റീഡേഴ്സ്' എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പ്രദീപ് ചിബ്ബറും ഹർഷ് ഷായും ചേർന്നാണ് പുസ്തകം തയാറാക്കിയത്

പാർട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാൽ അദ്ദേഹമായിരിക്കും എന്റെ ബോസ്. എന്നെ ഉത്തർപ്രദേശിൽ ആവശ്യമില്ലെന്നും ആൻഡമാൻ, നിക്കോബാറിലേക്ക് പോകണമെന്നും നാളെ അദ്ദേഹം പറഞ്ഞാൽ, ഞാൻ സന്തോഷത്തോടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് പോകും.' പ്രിയങ്ക പറഞ്ഞു. 'എന്റെ സഹോദരൻ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിവെക്കുന്നതെന്ന് രാജിക്കത്തിൽ അസന്നിഗ്ധമായി പ്രസ്താവിച്ചിരുന്നു. രാജിക്കത്തിൽ പറഞ്ഞില്ലെങ്കിലും മറ്റ് എല്ലായിടത്തും അദ്ദേഹം പറയുന്നുണ്ട്, ഞങ്ങളാരുമല്ല, പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടതെന്ന്. അതിനെ ഞാൻ പൂർണമായും പിന്തുണക്കുന്നു.' ഗാന്ധിമാർ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷ സ്ഥാനം കയ്യാളുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇതായിരുന്നു.

കോൺഗ്രസ് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ പ്രസിഡന്റ് ആകേണ്ട കാര്യമില്ലെന്നും താൻ എപ്പോഴും പാർട്ടിയോടൊപ്പം ഉണ്ടെന്നും രാഹുൽ പറഞ്ഞതായും പുസ്തകത്തിൽ പറയുന്നു. അധ്യക്ഷ പദവി ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ നിലപാട് എന്തായിരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ. ഉടൻ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് രാഹുൽ തിരിച്ചെത്തില്ലെന്ന സൂചനയാണ് പ്രിയങ്കയുടെ വാക്കുകൾ നൽകുന്നത്. 2019ലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് പിന്മാറിയത്. നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ആവശ്യം ഉയർന്നെങ്കിലും രാഹുൽ തീരുമാനത്തിൽ ഉറച്ചുനിന്നു.

കോൺഗ്രസിനുവേണ്ടി പോരാടാൻ പാർട്ടിയെ നയിക്കണമെന്നില്ലെന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചാൽ മതിയെന്നുമാണ് കോൺഗ്രസ് അധ്യക്ഷനാകാൻ ഇല്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പ്രിയങ്കയും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. ഉത്തരവാദിത്വ സംസ്‌കാരം കോൺഗ്രസ് വളർത്തിയെടുക്കണം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചത് ആ സംസ്‌കാരത്തിന്റെ തുടക്കമാണ്. തന്റെ തീരുമാനത്തിന് കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

അതേസമയം രാഹുലിന്റെയും പ്രിയങ്കയുടെയും നിലപാടിനോട് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല. അതേസമയം നിലവിൽ ദേശീ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ സംഘടനാ പരമായി മുന്നോട്ടു നയിക്കുന്നത് പാർട്ടിയുടെ മൂന്ന് പുതിയ ക്രൈസിസ് മാനേജർമാരാണ്. ടീം രാഹുലിന്റെ ഭാഗമായിട്ടുള്ള മൂന്ന് പ്രമുഖ നേതാക്കൾ. പാർട്ടിയിൽ ടീം രാഹുലിന്റെ ശക്തമായ തിരിച്ച് വരവിന്റെ ഭാഗമായാണെന്നും വിലയിരുത്തലുകൾ ഉയർന്നുവന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് തുടക്കമിട്ട വിമത നീക്കത്തിന് തിരശ്ശീല വീണത്. ഗാന്ധി കുടുംബം ഒന്നാകെ പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങി. ഇവർക്ക് കരുത്തായത് മൂന്ന് നേതാക്കളാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുഖ്യ വക്താവ് രൺദീപ് സുർജേവാല, മുതിർന്ന നേതാവ് അജയ് മാക്കൻ എന്നിവരാണവർ.

മൂന്ന് പേരും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തരാണ്. സോണിയാ പക്ഷത്തുള്ള ഗെഹ്ലോട്ടിനോട് അടുപ്പമുള്ള അവിനാശ് പാണ്ഡയെ രാജസ്ഥാന്റെ ചുമതലയിൽ നിന്ന് മാറ്റി അവിടെ അജയ് മാക്കനെ നിയമിച്ച് കഴിഞ്ഞിട്ടുണ്ട് ഇതിനകം. രാജസ്ഥാനിലെ വിമത നീക്കം ആരംഭിച്ചതിന് മുൻപ് ഈ നേതാക്കൾ പ്രശ്‌നപരിഹാരത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. അതേസമയം ടീം രാഹുൽ ഉണ്ടായിട്ടും അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ എങ്ങനെ കൊണ്ടുവരും എന്നത് കോൺഗ്രസിനെ അലട്ടുന്ന പ്രശ്നമാണ്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരാൾ വരുമ്പോൾ ആ ആളെ എത്രകണ്ട് മറ്റ് നേതാക്കൾ അംഗീകരിക്കും എന്നതും പാർട്ടിയെ അലട്ടുന്ന പ്രശ്നമായി മാറും. എല്ലവർക്കും പൊതുസമ്മതനായ ഒരാളെ കണ്ടെത്തുക എന്നതാണ് കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി.