കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് നേതാക്കൾ. വെറുതേയായാലും ഒരു സീറ്റിൽ അവകാശവാദം ഉന്നയിക്കാം എന്നതാണ് ഇവരുടെയെല്ലാം ചിന്ത. അത്തരക്കാരെ കൊണ്ടുള്ള ശല്യമാണ് ഇപ്പോൾ കോൺഗ്രസിൽ. ഇതോടെ എല്ലാ കാര്യങ്ങളും പഴയപടിയാണ്. യുവപ്രാതിനിധ്യവും വനിതാ സീറ്റുമെല്ലാം സീറ്റുമോഹികളായ നേതാക്കളുടെ തള്ളിച്ചയിൽ തവിടുപൊടിയാകുന്ന അവസ്ഥയിലാണ്.

സ്ഥാനമോഹികളുടെ എണ്ണം പെരുകിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചുവട്ടം മത്സരിച്ചവർ ഇനി സ്ഥാനാർത്ഥിയാകേണ്ടെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ശുപാർശ ചെയ്തു. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂരിനും മാത്രമായി ഇളവും നൽകാനാണ് നീക്കം. ഇത് നടപ്പിലായാൽ കെ.സി.ജോസഫ്, കെ.ബാബു തുടങ്ങിയവർക്ക് മത്സരിക്കാൻ സീറ്റുണ്ടാകില്ല.

യുവത്വത്തിന് പ്രാധാന്യം കൊടുക്കണമെന്നാണു കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയിൽ ഉയർന്ന പൊതുവികാരം. അതുകൊണ്ടുതന്നെ 50 ശതമാനം സ്ഥാനാർത്ഥികൾ 45 വയസ്സിൽ താഴെയുള്ളവരാകണം എന്ന നിർദേശമാണ് സമിതി മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു തവണ മത്സരിച്ചവരെ മാറ്റിനിർത്താൻ തീരുമാനിച്ചത്.

യോഗ തീരുമാനത്തെ ആരും എതിർത്തില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ചാക്കോ പറഞ്ഞു. സ്ഥാനാർത്ഥികളിൽ സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കും. മൂവാറ്റുപുഴ കോൺഗ്രസ് വിട്ടുനൽകുന്നുണ്ടെങ്കിൽ മുൻകൂറായി പ്രവർത്തകരെ ബോധ്യപ്പെടുത്തണമെന്നും പി.സി.ചാക്കോ പറഞ്ഞു.

അതിനിടെ എംപിമാരുടെ ബിനാമിമാർക്ക് സീറ്റു നൽകാനുള്ള നീക്കത്തിലും പ്രതിഷേധ ശക്തമാണ്. കോന്നി മണ്ഡലത്തിലെ പോസ്റ്റർ വിവാദവും പുകയുകയണ്. അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ എഐസിസിസിക്ക് നൽകിയ കത്തിലെ ഒപ്പുകൾ വ്യാജമെന്ന് പരാതി. കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ ഒപ്പാണെന്നും പ്രമാടം മണ്ഡലം പ്രസിഡന്റ് കെ. വിശ്വഭരൻ പ്രതികരിച്ചു.

തുടർച്ചയായ മൂന്നാം ദിവസവും കോന്നിയിലെ കോൺഗ്രസിൽ പൊട്ടിത്തെറികൾ തുടരുകയാണ്. അടൂർ പ്രകാശിനും റോബിൻ പീറ്റർക്കുമെതിരെ ലക്ഷ്യം വെച്ചവരെ തിരിഞ്ഞു കൊത്തുകയാണ് പുതിയ സംഭവ വികാസങ്ങൾ. കഴിഞ്ഞ ദിവസം പതിനേഴ് നേതാക്കൾ ഒപ്പിട്ട് എഐസിസിക്ക് അയച്ച കത്തിലാണ് വ്യാജ ഒപ്പ് ആരോപണം. കെപിസിസി അംഗം മാത്യു കുളത്തിങ്കൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എം എസ് പ്രകാശ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മണ്ഡലം പ്രസിഡന്റുമാർ എന്നിവരുടെ പേരിലായിരുന്നു കത്ത്. എന്നാൽ ഇതേ കത്തിൽ പേരുള്ളവരാണ് ഒപ്പ് വ്യാജമാണെന്ന ആരോപിച്ച് രംഗത്തെത്തിയത്.

വള്ളിക്കോട്, ഏനാദിമംഗലം, തണ്ണിത്തോട് മണ്ഡലം പ്രസിഡന്റുമാരുടെ ശബ്ദ സന്ദേശവും പുറത്ത് വന്നു. വ്യാജ പ്രചരണത്തിനെതിരെ നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് പ്രാദേശിക നേതാക്കൾ. അതേസമയം പാർട്ടിക്കുള്ളിൽ നിന്നാണ് ഇത്തരം നടപടികൾ ഉണ്ടാവുന്നതെങ്കിൽ കർശന നടപടി എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജും പറഞ്ഞു.

ഇതിവിടെ വിമത സ്വരമുയർത്തിയ പാലക്കാട്ടെ എ.വി.ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുമുണ്ടായി. ഡിസിസി അധ്യക്ഷൻകൂടിയായ വി.കെ.ശ്രീകണ്ഠൻ എംപി പെരിങ്ങോട്ടുകുറുശിയിലെ വീട്ടിലെത്തി ഗോപിനാഥിനെ സന്ദർശിച്ചു. രമ്യ ഹരിദാസ് എംപിയും ഗോപിനാഥിനെ കണ്ടിരുന്നു.

നിലപാടിൽ മാറ്റമില്ലെന്നാണ് ഗോപിനാഥ് പറയുന്നത്. കോൺഗ്രസിൽ താൻ തഴയപ്പെട്ടത് എന്തുകൊണ്ടാണ്? സ്ഥാനങ്ങൾ വേണ്ട, ഡിമാൻഡുമില്ല. എന്നാൽ തന്റെ അയോഗ്യത എന്താണെന്ന് അറിയണം എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗോപിനാഥ് വ്യക്തമാക്കി.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എന്നിവർ ഗോപിനാഥിനെ ഫോണിൽ വിളിച്ചിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും പാർട്ടി വിടുന്നത് ഉൾപ്പെടെയുള്ള കടുത്ത നിലപാടിലേക്കു പോകരുതെന്നും നേതാക്കൾ ഗോപിനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.