ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വിമർശിക്കുന്ന ജി.-23 നേതാക്കൾക്കെതിരെ പ്രവർത്തകസമിതി യോഗത്തിൽ പരോക്ഷമായി വിമർശിച്ച് സോണിയാ ഗാന്ധി. കോൺഗ്രസിനു സ്ഥിരം പ്രസിഡന്റില്ലെന്ന ആക്ഷേപത്തിന്റെ മുനയൊടിച്ച്, താൻ തന്നെയാണു പ്രസിഡന്റെന്നു സോണിയ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

ജി 23യിലുൾപ്പെട്ട ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലാണു സോണിയ തുറന്നടിച്ചത്. കോവിഡ് വ്യാപനത്തിനു ശേഷം നേതാക്കൾ നേരിട്ടു പങ്കെടുത്ത ആദ്യ പ്രവർത്തക സമിതിയിൽ, പതിവ് സൗമ്യസ്വരം വിട്ടായിരുന്നു സോണിയയുടെ പ്രസംഗം. താൻ പ്രവർത്തിക്കുന്ന, മുഴുവൻസമയ കോൺഗ്രസ് അധ്യക്ഷയാണെന്നും ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്ന നേതാവാണെന്നും ആമുഖപ്രസംഗത്തിൽ സോണിയ പറഞ്ഞു. ''എല്ലായ്‌പ്പോഴും തുറന്ന സമീപനത്തെ അംഗീകരിച്ച ആളാണ് ഞാൻ. എന്നോട് മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ട കാര്യമില്ല, നേരിട്ടാവാം''- അവർ പറഞ്ഞു.

പാർട്ടിയുടെ സമഗ്രമാറ്റത്തിനുള്ള സംഘടനാ തിരഞ്ഞെടുപ്പിന് ആത്മനിയന്ത്രണവും അച്ചടക്കവും ആവശ്യമാണെന്നും സോണിയ പറഞ്ഞു. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നീളുന്നതിനെതിരേ പരസ്യ പ്രതികരണം ജി-23 നേതാക്കൾ തുടരുന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പരാമർശമെങ്കിലും യോഗത്തിൽ ആരും അതിനെ ചോദ്യം ചെയ്തില്ല. എല്ലാവരും ഒറ്റക്കെട്ടാണെങ്കിൽ, അച്ചടക്കത്തോടെ, പാർട്ടി താത്പര്യംമാത്രം ലക്ഷ്യമിട്ടു പ്രവർത്തിച്ചാൽ നന്നായി ചെയ്യാനാവും. 2019 മുതൽ പ്രവർത്തക സമിതി ആവശ്യപ്പെട്ടതു മുതൽ ഇടക്കാലാധ്യക്ഷയാണ് എന്ന കാര്യം തനിക്കറിയാം. 2020 ജൂൺ 30-നകം പൂർണസമയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ മാർഗരേഖയുണ്ടാക്കി. പിന്നാലെ കോവിഡ് രണ്ടാം തരംഗം വന്നതോടെയാണ് ഇത് അനിശ്ചിതകാലത്തേക്ക് മാറ്റിയതെന്ന് സോണിയ പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷം ഒട്ടേറെ പ്രവർത്തനങ്ങൾ അധ്യക്ഷ എന്ന നിലയിൽ നടത്തിയതായും സോണിയ പറഞ്ഞു. ഡോ. മന്മോഹൻ സിങ്ങിനും രാഹുൽഗാന്ധിക്കും ഒപ്പം താനും പ്രധാനമന്ത്രിയുടെ ശ്രദ്ധയിലേക്ക് വിഷയങ്ങൾ കൊണ്ടുവന്നു. ദേശീയ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സംയുക്ത പ്രസ്താവനകൾ പുറപ്പെടുവിക്കുകയും പാർലമെന്റിൽ തന്ത്രങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതായും സോണിയ ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ പുതിയ ദേശീയ പ്രസിഡന്റിനെ അടുത്ത സെപ്റ്റംബർ 20 നകം കണ്ടെത്തും. നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന നടപടിക്രമങ്ങളിലൂടെ ബൂത്ത് തലം മുതലുള്ള സംഘടനാ തിരഞ്ഞെടുപ്പിലൂടെയായിരിക്കും കോൺഗ്രസ് ഭാരവാഹികൾ നിലവിൽ വരുക. അതുവരെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി തുടരും.

രാജ്യത്തുടനീളം അംഗത്വ വിതരണം നടപ്പാക്കിയാവും താഴേത്തട്ടു മുതൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുക. 5 രൂപ അംഗത്വമെടുക്കുന്നവർക്കു കോൺഗ്രസിന്റെ ഏതു പദവികളിലേക്കും മത്സരിക്കാം. പാർട്ടി ഘടകങ്ങളിലേക്കു ഭാരവാഹികളെ നാമനിർദ്ദേശത്തിലൂടെ കണ്ടെത്തുന്നതിനു പകരം, അവരെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും.

ഡിസിസികളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത ജൂൺ, ജൂലൈ മാസങ്ങളിലും പിസിസി തിരഞ്ഞെടുപ്പ് ജൂലൈ, ഓഗസ്റ്റ് കാലയളവിലും നടക്കും. പിസിസികൾ അതതു സംസ്ഥാനങ്ങളിൽ നിന്നു തിരഞ്ഞെടുക്കുന്ന എഐസിസി ഭാരവാഹികളാണ് ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.

സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ തീയതികൾ

  • നവംബർ 1 2021- മാർച്ച് 31, 2022: അംഗത്വ വിതരണം.
  • 2022 ഏപ്രിൽ 1- 15: അംഗത്വ പട്ടിക ഡിസിസികൾ പ്രസിദ്ധീകരിക്കും.
  • ഏപ്രിൽ 16 - മെയ്‌ 31: ബൂത്ത്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ഭാരവാഹി തിരഞ്ഞെടുപ്പ്. ഓരോ ബ്ലോക്ക് കമ്മിറ്റിയും ഒരു പിസിസി അംഗത്തെ തിരഞ്ഞെടുക്കും.
  • ജൂൺ 1- ജൂലൈ 20: ഡിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, നിർവാഹക സമിതി എന്നിവയുടെ തിരഞ്ഞെടുപ്പ്.
  • ജൂലൈ 21 - ഓഗസ്റ്റ് 20: പിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, നിർവാഹക സമിതി എന്നിവയുടെ തിരഞ്ഞെടുപ്പ്. പിസിസി ജനറൽ ബോഡി അതതു സംസ്ഥാനങ്ങളിൽ നിന്നുള്ള എഐസിസി അംഗങ്ങളെ തിരഞ്ഞെടുക്കും.
  • ഓഗസ്റ്റ് 21- സെപ്റ്റംബർ 20: എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
  • സെപ്റ്റംബർ -ഒക്ടോബർ: എഐസിസി പ്ലീനറി സമ്മേളനം. പ്രവർത്തക സമിതിയംഗങ്ങളെ സമ്മേളനത്തിൽ തിരഞ്ഞെടുക്കും.

സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനും പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ദയനീയ തോൽവിയുടെ പിന്നാലെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ പാർട്ടിയുടെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഉടലെടുത്തിരുന്നു. തുടർന്ന് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയും ചെയ്തു.