തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഒരുക്കിയ കെണിയിൽ കുടുങ്ങി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. സ്ഥാനം പോയ മുതിർന്ന നേതാക്കൾ ഇരു നേതാക്കളെയും പാരവെച്ച് പിന്നാലെ കൂടിയതോടെ സംഘടനയിൽ മാറ്റം വരുത്താൻ ശ്രമിച്ച ഇരുവർക്കും തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. വി എം സുധീരൻ രാജിവെച്ചതും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇരു നേതാക്കളുടെയും പ്രവർത്തന ശൈലിയെ കുറ്റം പറഞ്ഞാണ് മുതിർന്ന നേതാക്കൾ രംഗത്തു വന്നിരിക്കുന്നത്. എന്നാൽ, മുതിർന്ന നേതാക്കൾക്ക് എതിർപ്പുണ്ടെങ്കിലും അണികൾക്കിടയിൽ മതിപ്പുണ്ടാക്കാൻ സുധാകരനും സതീശനും സാധിച്ചിട്ടുണ്ട് എന്നതാണ് ആശ്വാസം.

മുതിർന്ന നേതാക്കൾ നിരന്തരമായി പരാതിയുടെ കെട്ടഴിച്ചു രംഗത്തുവരുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡും അതൃപ്തിയിലാണ്. പുനഃസംഘടനയിലടക്കം എല്ലാവരുമായും ചർച്ച ചെയ്യണമെന്ന് കെ പി സി സി നേതൃത്വത്തിന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർദ്ദേശംനൽകി. അഴിച്ചുപണിക്ക് സുധാകരനും സതീശനും പൂർണ്ണ സ്വാതന്ത്രം നൽകിയ നടപടിയിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട് പോകാൻ ഇപ്പോഴത്തെ വിവാദങ്ങൾ ഇടയാക്കിയിട്ടുണ്ട്. ചെന്നിത്തല അടക്കമുള്ളവർ നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. സ്ഥാനം പോയതിന്റെ കലിപ്പിലാണ് ചെന്നിത്തല. എഐസിസി സ്ഥാനവും ലഭിക്കില്ലെന്ന സൂചന വന്നതോടെ സംസ്ഥാന നേതൃത്വത്തെ നിരന്തരം ആക്രമിക്കുന്ന ശൈലിയാണ് മുതിർന്ന നേതാക്കൾ സ്വീകരിക്കുന്നത്.

മുതിർന്നവരെ വെട്ടി, മാറ്റത്തിനായി പുതുനേതൃത്വത്തിന് കൈകൊടുത്ത ഹൈക്കമാൻഡും തുടർച്ചയായുള്ള വിവാദങ്ങളിൽ വെട്ടിലായിരിക്കയാണ്. കെഎസ്-വിഡി ദ്വയം അധികാരമേറ്റത് മുതൽ തുടങ്ങിയ പരാതിയും പ്രശ്‌നങ്ങളും ഓരോ ദിവസവും തീരുന്നില്ലെന്ന് മാത്രമല്ല, രൂക്ഷമാകുകയുമാണ്. ഉമ്മൻ ചാണ്ടി, ചെന്നിത്തല, സുധീരൻ, മുല്ലപ്പള്ളി, ഓരോ നേതാക്കൾക്കും ഉള്ളത് ഓരോ പ്രശ്‌നങ്ങൾ. എല്ലാവരും പൊതുവിൽ പറയുന്നത് മാറ്റങ്ങൾക്ക് എതിരെയാണ്. കെ സുധാകരൻ ഏകാധിപത്യ ശൈലിയിൽ പോകുന്നു എന്ന വിമർശനവും നേതാക്കൾ ഉന്നയിക്കുന്നു.

ഒപ്പമുള്ളവരെ ഡിസിസി പുനഃസംഘടനയിൽ അവഗണിച്ചതിലായിരുന്നു ഉമ്മൻ ചാണ്ടിയുടയും ചെന്നിത്തലയുടയും അമർഷം. സൈബർ യുദ്ധം നടത്തി പ്രസിഡണ്ട് സ്ഥാനത്തുനിന്നും ഇറക്കിയതിൽ തുടങ്ങി ഡിസിസി പുനഃസംഘടനാ ചർച്ചക്ക് 20 മിനുട്ട് സ്ലോട്ട് തന്നതിലടക്കമാണ് മുല്ലപ്പള്ളിയുടെ രോഷം. മുമ്പു തന്നെ സുധാകരനുമായി അത്ര രസത്തിലല്ല മുല്ലപ്പള്ളി. ഇപ്പോൾ കെപിസിസി അധ്യക്ഷ സ്ഥാനം കൂടി നഷ്ടമായതോടെ അത് മൂർച്ഛിക്കുകയും ചെയ്യുന്നു.

ചർച്ചയില്ലാത്തതും പ്രവർത്തകസമിതിയിൽ പരിഗണിക്കാത്തതുമാണ് സുധീരന്റെ പ്രശ്‌നം. അതേസമയം പ്രവർത്തനം തുടങ്ങാൻ പോലും അനുവിക്കാത്ത നേതാക്കളുടെ ശൈലിക്കെതിരെയാണ് സുധാകരനും വി ഡി സതീശനും പരാതി ഉന്നയിക്കുന്നതും. ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയുമൊക്കെ ഉന്നയിച്ച പരാതികൾ താരിഖ് അൻവർ റിപ്പോർട്ടായി ഹൈക്കമാൻഡിന് കൈമാറും.

സെമികേഡറാകാനുള്ള മാർഗ്ഗരേഖ രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്യാതിരുന്നതും അച്ചടക്കം അടിച്ചേല്പിക്കാൻ ശ്രമിച്ചതും ഗ്രൂപ്പിന്റെ പേരിൽ മുതിർന്നവരെ തഴഞ്ഞതുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായത്. കെപിസിസിക്ക് പൂർണ്ണ പിന്തുണ നൽകിയ കെസി വേണുഗോോപാലും സമ്മർദ്ദത്തിലായി. ഫലത്തിൽ ഇനി കാര്യങ്ങൾ സുധാകരനും സതീശനും എളുപ്പം തീരുമാനിക്കാനാകില്ല.

എല്ലാവരെയും കേട്ട് മുന്നോട്ട് പോകണമെനനാണ് താരിഖ് അൻവർ നൽകിയ നിർദ്ദേശം. 30ാംതിയതിക്കുള്ളിൽ പുനഃസംഘടനപട്ടിതക തയ്യാറാക്കാനുള്ള നീക്കവും വൈകിയേക്കും. അതേസമയം സംഘടനയിൽ പൊതുവായി പ്രശ്‌നങ്ങൾ ഇല്ലെന്നും സ്ഥാനം പോയ നേതാക്കളുടെ രോദനമാണ് ഇപ്പോഴത്തേത് എന്നുമാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.