കാസർകോട്: ഭാര്യയുടെ മരണത്തിൽ കുറ്റിക്കോൽ പഞ്ചായത്തംഗവും കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ കരിവേടകം മണപ്പാടിയിലെ ജോസ് പാറത്തട്ടേൽ (46) അറസ്റ്റിലായി. ചൊവ്വാഴ്ച പതിനൊന്നോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോവിഡ് ബാധിച്ചതിനാൽ ജോസ് പാറത്തട്ടേൽ പടന്നക്കാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. കോവിഡ് ഭേദമായതിനാൽ ബേഡകം പൊലീസ് സിഐ. ടി.ഉത്തംദാസ്, എസ്‌ഐ. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണകേന്ദ്രത്തിലെത്തിയായിരുന്നു അറസ്റ്റ്. കാസർകോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ് (35) വിഷം അകത്തുചെന്ന നിലയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞമാസം 25-ന് പുലർച്ചെയാണ് മരിച്ചത്. ജിനോ ജോസിന്റെ സഹോദരൻ ജോബി ജോസ് നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണയ്ക്കും ഭർതൃപീഡനത്തിനുമാണ് അറസ്റ്റ്. ജോബിയുടെ പരാതിയിൽ ജോസ് പാറത്തട്ടേലിന്റെ മാതാവ് മേരിക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. മേരി പടന്നക്കാട് കോവിഡ് നിരീക്ഷണകേന്ദ്രത്തിലാണ്.

മരിക്കുന്നതിന് നാലുദിവസം മുൻപാണ് ജിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ 30-നാണ് മൃതദേഹപരിശോധന നടത്തി കരിവേടകം സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചത്. ഇവരുടെ മൂന്ന്, അഞ്ച്, ഒൻപത്, 12 വയസ്സുള്ള മക്കൾ ജിനോ ജോസിന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്.

ഭർതൃ മാതാവ് കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയിട്ടെന്നും പിന്നീട് നടന്ന കലഹവുമാണ് മരണത്തിന് പിന്നിലെന്നാണ് സൂചന. വിഷം കഴിച്ചു എന്നറിഞ്ഞിട്ടും ഭർത്താവ് ജോസ് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കാതെ ചുറ്റിക്കറക്കി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് ജിനോയുടെ സഹോദരൻ പറഞ്ഞു. കൂടാതെ അന്നേ ദിവസം ഭർതൃമാതാവ് മേരി ജിനോയുമായി വഴക്കിടുകയും കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയിടുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് അതുകൊണ്ട് ആഹാരം കൊടുക്കാൻ കഴിഞ്ഞില്ല എന്നും അന്നേ ദിവസം തന്നെ ജിനോ മാതാവിനെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷം കഴിച്ചു എന്ന വിവരം അറിയുന്നത്.

വിഷം കഴിച്ചു എന്നറിഞ്ഞിട്ടും തൊട്ടുത്തുള്ള ആശുപത്രിയിൽ എത്തിക്കാതെ ജിനോയെ ജോസ് വാഹനത്തിൽ കയറ്റി ജിനോയുടെ വീടായ കുടുംമ്പൂരിലേക്ക് എത്തിക്കുകയും അവിടെ നിന്നും പിതാവിനെയും കയറ്റി കാഞ്ഞങ്ങാട് താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. എത്രത്തോളം വൈകിപ്പിക്കാമോ അത്രത്തോളം വൈകിപ്പിച്ചാണ് ഇയാൾ ജിനോയെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകി അവിടെ നിന്നും എത്രയും വേഗം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. പരിയാരത്തെത്തി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ ജോസ് തിരികെ വീട്ടിലേക്ക് പോയി.

ഭാര്യ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിട്ടും അതിന്റെ യാതൊരു വിഷമവും ജോസിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. ആശുപത്രി കിടക്കയിൽ വച്ച് ഫോണിൽ സഹോദരനുമായി സംസാരിച്ചപ്പോൾ ചേട്ടായി ഇങ്ങോട്ട് കയറിവാ.. എനിക്ക് കുറേ പറയാനുണ്ട്... എന്ന് പറഞ്ഞിരുന്നു. എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോൾ വിഷം.. വിഷം.. എന്ന് പറയുന്നുണ്ടായിരുന്നു. പിന്നീട് ഒന്നും സംസാരിച്ചില്ല. അതിന് ശേഷമാണ് 25 ന് ജിനോ മരണത്തിന് കീഴടങ്ങിയത്.

രണ്ടര വയസ്സുള്ള കുഞ്ഞുൾപ്പെടെ നാലു മക്കളാണ് ജിനോക്ക് ഉണ്ടായിരുന്നത്. ഇവരെ വലിയ ജീവനായിരുന്നു. ജോസിന്റെയും ഭർതൃമാതാവിന്റെയും പീഡനം സഹിച്ചും അവിടെ തുടർന്നത് മക്കളെ ഓർത്തു മാത്രമാണ്. അതിനാൽ ഒരിക്കലും ജിനോ ആത്മഹത്യ ചെയ്യില്ല എന്ന് ബന്ധുക്കൾ തറപ്പിച്ചു പറയുന്നു. അങ്ങനെയാണ് ബേടകം പൊലീസിൽ പരാതി നൽകുന്നത്.

13 വർഷമായി ജോസും ജിനോയും വിവാഹം കഴിച്ചിട്ട്. മദ്യപിച്ചെത്തുന്ന ജോസ് സ്ഥിരം ജിനോയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നു. പലവട്ടം മക്കളുമായി സ്വന്തം വീട്ടിൽ പോയി നിന്നിട്ടുണുണ്ട്. എന്നാൽ ജോസ് മാരകായുധങ്ങളുമായി അവിടെയെത്തി ഭീഷണിപ്പെടുത്തി വീണ്ടും തിരികെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ ദിവസവും ഇക്കാര്യങ്ങൾ മാതാവിനെയും സഹോദരങ്ങളെയും വിളിച്ചു പറയുമായിരുന്നു. വിവാഹ ബന്ധം വേർപെടുത്താം എന്ന രീതിയിലേക്ക് വീട്ടുകാർ പോയെങ്കിലും സ്ഥലത്തെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് രമ്യതയിലെത്തുകയായിരുന്നു. എന്നാൽ ജോസിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടായില്ലെന്നും വീട്ടുകാർ ആരോപിച്ചിരുന്നു.