കോഴിക്കോട്: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവനയുടെയും മതധ്രുവീകരണ ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾ സമവായ നീക്കങ്ങളുമായി രംഗത്ത്. ഇതിന്റെ ഭാഗമായി സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ നേതാക്കളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ പി.സി.സി പ്രസിഡന്റ് കെ. സുധാകരനും സന്ദർശിച്ചു.

കോഴിക്കോട് ജില്ലയിലെ വിവിധ മതസാമുദായിക നേതാക്കളെ ഇരുവരും ഇന്ന് കാണും. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി വൈകീട്ട് നാലിന് കൂടിക്കാഴ്ച നടത്തും. ഇന്നലെ വി.ഡി സതീശൻ താമരശ്ശേരി ബിഷപ്പിനെ സന്ദർശിച്ചിരുന്നു.

അതിനിടെ, വിദ്വേഷ പ്രസ്താവനക്കെതിരെയുള്ള തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ സമസ്ത അവകാശ സംരക്ഷണ സമിതി കോഴിക്കോട് യോഗം ചേർന്നു. പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.