ന്യൂഡൽഹി: പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള നവ്‌ജ്യോത്സിങ് സിദ്ദുവിന്റെ രാജി കോൺഗ്രസ് നേതൃത്വം അംഗീകരിച്ചേക്കുമെന്ന് സൂചന. സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്നുള്ള നിലപാടാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്. സിദ്ദുവിന് മുന്നറിയിപ്പ് എന്ന നിലയിൽ രൺവീത് സിങ് ബിട്ടുവിനെ പുതിയ കോൺഗ്രസ് അധ്യക്ഷനാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവച്ചത്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സിദ്ദുവിനെ രാജിയിൽ നിന്ന പിൻവലിക്കാൻ കോൺഗ്രസ് നേതാക്കൾ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് സിദ്ദുവിന് മുന്നിൽ മുട്ടുമടക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചത്. ബിട്ടുവിന് പുറമെ മനീഷ് തിവാരി, പ്രതാപ് സിങ് ബജ്വ എന്നിവരുടെ പേരുകളും പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.

അനുനയ ശ്രമമെന്ന രീതിയിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ശ്രമം തുടർന്നതോടെ ചർച്ചയ്ക്ക് സിദ്ദു തയ്യാറായിയിരുന്നു. എന്നാൽ ഡിജിപി, അഡ്വക്കേറ്റ് ജനറൽ തുടങ്ങിയവരെ മാറ്റണമെന്ന നിലപാടിൽ സിദ്ദു ഉറച്ചുനിൽക്കുകയായിരുന്നു. സിദ്ദുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പും ചരൺജിത് സിങ് നൽകി.

അതിനുശേഷം രണ്ട് വട്ടം ചരൺജിത് സിങ് ഹൈക്കമാൻഡുമായി ചർച്ച നടത്തി. സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്നുള്ള നിലപാടാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് സിദ്ദുവിന്റെ രാജി അംഗീകരിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളതെന്ന് പാർട്ടി ഉന്നതവൃത്തങ്ങൾ പറയുന്നു.

താൻ പാർട്ടിക്ക് വഴങ്ങുമെന്ന സന്ദേശമാണ് സിദ്ദു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനം. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും താൻ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പിറകെ നിലകൊള്ളുമെന്നും രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചു. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ കാബിനറ്റ് മന്ത്രി റസിയ സുൽത്താനയും പി.സി.സി ജനറൽ സെക്രട്ടറി യോഗിന്ദർ ധിൻഗ്രയും രാജിവച്ചിരുന്നു.

മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പഞ്ചാബ് വികാസ് പാർട്ടി എന്നാണ് പുതിയ പേരെന്നും അഭ്യൂഹമുണ്ട്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനം തെറിച്ചതിന് പിന്നാലെ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബിലെ ഭരണ അസ്ഥിരത ചൂണ്ടിക്കാട്ടി അമരീന്ദർസിങ് രംഗത്തത്തിയിരുന്നു. പാക് പ്രധാനമന്ത്രിയുമായി അടുപ്പമുള്ള സിദ്ദു ദേശ വിരുദ്ധനാണെന്നും, തീവ്രവാദ ശക്തികൾക്ക് നുഴഞ്ഞു കയറാനുള്ള സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും അമരീന്ദർ തുറന്നടിച്ചു.

കഴിഞ്ഞ ദിവസം അമിത്ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലുമായും നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം അമരീന്ദർസിങ് ചൂണ്ടിക്കാട്ടി. ഡിജിപി എ ജി നിയമനങ്ങൾ രാഷ്ട്രീയ ലാഭത്തിനായി സർക്കാർ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതിയും അമരീന്ദർ സിങ് ഉന്നയിച്ചു.