തിരുവനന്തപുരം: കൊടകര കുഴൽപണ ഇടപാടിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരൻ എം പി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രണ്ടിടത്ത് മൽസരിച്ചതിൽ ദുരൂഹതയുണ്ട്. സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയോയെന്ന് സർക്കാർ അന്വേഷിക്കണം. ഹെലികോപ്റ്റർ വാടക തിരഞ്ഞെടുപ്പ് ചെലവിൽപെടുത്തിയോയെന്നും അന്വേഷിക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു.

അതേ സമയം കൊടകര കുഴൽപ്പണക്കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ അന്വേഷണസംഘം സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിക്ക് വിട്ടാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് കണ്ടറിയേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുഴൽപ്പണ കേസിലും മറ്റും നിഷ്പക്ഷമായ ഒരു അന്വേഷണം ഉണ്ടായാൽ നരേന്ദ്ര മോദിയിൽ വരെ ചെന്നെത്തിയേക്കുമെന്ന് കെ.മുരളീധരൻ പറഞ്ഞു. ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്നറിയണം. ഒരാളും രക്ഷപ്പെടാത്ത രീതിയിൽ അന്വേഷണത്തിന് തയ്യാറാകുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. കേരളത്തിലെ എല്ലാ മതേതരകക്ഷികളും അതിനെ സ്വാഗതം ചെയ്യുമെന്നാണ് പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.

കെ.സുരേന്ദ്രൻ സമർപ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഹെലികോപ്ടർ വാടക കാണിച്ചിട്ടുണ്ടോ. മൂന്ന് കോടി വരെ ഓരോ സ്ഥാനാർത്ഥികൾക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ അതിൽ ചില സ്ഥാനാർത്ഥികൾ പറയുന്നത് 25 ഉം 30 ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയതെന്നാണ്. കുഴൽപ്പണമുൾപ്പടെയുള്ള സാമ്പത്തിക തിരിമറികൾ ബിജെപിയിൽ സംഭവിച്ചിട്ടുണ്ട്. കുഴൽപ്പണം നൽകിയതും കേന്ദ്ര നേതൃത്വം തന്നെയാണ്, അപ്പോൾ അവരും ഉത്തരവാദിയാണെന്നും മുരളീധരൻ വ്യക്തമാക്കി.

ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് സ്ഥാനാർത്ഥികൾക്ക് വേണ്ടി കുഴൽപ്പണം വിതരണം ചെയ്യാൻ ശ്രമിച്ചത്. ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ കോടികളാണ് ബിജെപി നേതൃത്വം ഒഴുക്കുന്നത്. പലരീതിയിൽ അന്വേഷണത്തെ അട്ടിമറിച്ചാണ് ബിജെപി നേതൃത്വം ഇത്തരം കാര്യങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ചെയ്യുന്നത്.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥികൾക്ക് പ്രചരണത്തിനടക്കം വേണ്ട പണം എത്തിച്ചതും നേരായ മാർഗത്തിലല്ല. കുഴൽപ്പണത്തിലൂടെയാണ് ഇവർ ഘടകകക്ഷികൾക്ക് പണം നൽകിയത്.

കഴിഞ്ഞ കാലത്ത് തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോടികൾ ഒഴുക്കിയാണ് ബിജെപി പ്രചാരണം നടത്തിയത്. രണ്ടാം കോവിഡ് തരംഗം തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിന്റെ മുഖ്യകാരണം മോദിക്കും അമിഷ് ഷായ്ക്കും എന്തുവിലകൊടുത്തും ബംഗാൾ പിടിക്കുക എന്നതായിരുന്നു ലക്ഷ്യം. കോവിഡ് തടയുന്നതിൽ താത്പര്യമില്ലായിരുന്നു. കോടികളാണ് ബംഗാളിൽ ചെലവാക്കിയത്.

അവിടുത്തെ നേതാക്കൾ കിട്ടിയ പണം അടിച്ചുമാറ്റാത്തതിനാൽ പലതും പുറത്തുവന്നില്ല. ഇവിടെ ഇപ്പോൾ മൂന്നര കോടി മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പണം വന്ന മാർഗമടക്കം അന്വേഷിക്കേണ്ടതാണ്.

ഹെലികോപ്ടർ വാടക സംബന്ധിച്ച് സ്ഥാനാർത്ഥികളുടെ ചെലവിൽ വന്നിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം.

എൽഡിഎഫും യുഡിഎഫുമല്ല കുഴൽപ്പണം ആരോപണം ഉന്നയിച്ചത്. സ്വന്തം പാർട്ടിയിൽ നിന്നുള്ളവരാണ്. ജാനുവിനെ 10 ലക്ഷം കൊടുത്ത് മുന്നണിയിലെത്തിച്ചത് അന്വേഷിക്കണം.

സുരേന്ദ്രൻ വികാരാധീനനായിട്ട് കാര്യമില്ല. ആ പാർട്ടി മൊത്തം സംശയത്തിന്റെ നിഴലിലാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം എത്തേണ്ട സ്ഥലത്ത് എത്തുമോ എന്നതിൽ സംശയമുണ്ട്. ചില അന്തർധാരകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനൊപ്പം മറ്റൊരു സമഗ്ര അന്വേഷണവും വേണം.

സംസ്ഥാന സർക്കാർ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് തീരുമാനമെടുക്കണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീംകോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ഒരു പ്രമുഖ ജഡ്ജിയെ ഇതിനായി നിയമിക്കണം. എല്ലാ കള്ളത്തരവും പുറത്തുവരണമെന്നും മുരളീധരൻ

കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണമൊഴുക്കി നടത്തിയ നിരവധി സംഭവങ്ങളിൽ ഒന്നാണ് പണം നൽകി സ്ഥാനാർത്ഥിയെ പിൻവലിപ്പിക്കാനുള്ള ശ്രമം. തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലഴിക്കാനുള്ള തുക ഇലക്ഷൻ കമ്മിഷൻ നിശ്ചിച്ചുണ്ട്. ആ പരിധിക്കപ്പുറത്ത് ചെലവഴിച്ചിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയപാർട്ടികളുടെ കണക്കിലാണ് വരിക. ഒരു പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ പണം ചെലവഴിക്കാം. രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് ബിജെപി സമർപ്പിച്ച കണക്കിൽ ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

'ഓരോ ദിവസവും പുതിയ പുതിയ റിപ്പോർട്ടുകളാണ് വന്നുകൊണ്ടികരിക്കുന്നത്. അതുകൊണ്ട് പുറത്തുവന്ന എല്ലാ കാര്യങ്ങൾ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് വസ്തുതകൾ വ്യക്തമാക്കുന്നത്. പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ അന്വേഷണസംഘം സന്നദ്ധമാകണം.

കേന്ദ്ര ഏജൻസിക്ക് വിട്ടാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് കണ്ടറിയേണ്ട കാര്യമാണ്. ഇത്തരം റിപ്പോർട്ടുകൾ കാണുമ്പോൾ തന്നെ അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജൻസിയാണ് ഇഡി. അവർ മുൻകൈ എടുത്തില്ല എന്നുള്ളത് തന്നെ അവരുടെ നിലപാട് വ്യക്തമാക്കുന്നു', കോടിയേരി പറഞ്ഞു.