മലപ്പുറം: നിലമ്പൂർ എംഎ‍ൽഎയായ പി.വി അൻവറിന്റെ സഹോദരീപുത്രനെ എടവണ്ണ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിൽ പേയ്‌മെന്റ് സീറ്റ് വിവാദം കൊഴുക്കുന്നു. കോൺഗ്രസിനുള്ളിൽനിന്നുതന്നെയാണ് പേയ്മെന്റ് സീറ്റാണെന്ന ആരോപണം ഉയർന്നിട്ടുള്ളത്. എടവണ്ണ പഞ്ചായത്തിലെ മുണ്ടേങ്ങര വാർഡിലാണ് എംഎ‍ൽഎയുടെ സഹോദരീ പുത്രൻ മാലങ്ങാടൻ സിയാദ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് 190 വോട്ടിന് വിജയിച്ച സിറ്റിങ് വാർഡാണിത്. യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന ഒതായി മനാഫ് വധക്കേസ് പ്രതിയായിരുന്ന സിയാദിനെ മത്സരിപ്പിക്കുന്നതിനെതിരെ കടുത്ത എതിർപ്പാണ് ലീഗ് നേതൃത്വത്തിനുള്ളത്.

സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങും മുമ്പ് തന്നെ സിയാദ് സ്വന്തം നിലക്ക് ഫ്‌ളക്‌സ് വെച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്തിരുന്നു. ഇതോടെ മനാഫ് വധക്കേസ് പ്രതിയായിരുന്ന സിയാദിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് കാണിച്ച് മനാഫിന്റെ കുടുംബവും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അടക്കമുള്ളവർക്ക് രേഖാമൂലം പരാതിയും നൽകി.
1995 ഏപ്രിൽ 13നാണ് പി.വി അൻവർ എംഎ‍ൽഎയുടെ വീട്ടിനു മുന്നിലെ റോഡിൽ വെച്ച് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ പട്ടാപ്പകൽ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.

കേസിൽ രണ്ടാം പ്രതി സിയാദും നാലാം പ്രതി പി.വി അൻവറുമായിരുന്നു. ഒന്നാം സാക്ഷി കൂറുമാറിയതോടെ പി.വി അൻവറടക്കം 21 പ്രതികളെ വിചാരണക്കോടതി വെറുതെവിടുകയായിരുന്നു. ഇതിനെതിരെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖിന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മനാഫ് വധക്കേസിൽ സിയാദിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കാത്ത സാഹചര്യത്തിൽ സ്ഥാനാർത്ഥിയാക്കരുതെന്നാവശ്യപ്പെട്ടാണ് മനാഫിന്റെ കുടുംബം ഡി.സി.സി പ്രസിഡന്റിന് പരാതി നൽകിയത്. മുണ്ടേങ്ങര വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സിയാദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉയരുകയും യോഗം തീരുമാനമാകാതെ പിരിയുകയുമായിരുന്നു. പി.വി അൻവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ പരസ്യ പ്രചരണം നടത്തിയയാളാണ് സിയാദെന്നാണ് മുണ്ടേങ്ങരയിലെ കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്ന ആരോപണം. അൻവർ പൊന്നാനിയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ്ബഷീറിനെതിരെയും പരസ്യമായി പ്രവർത്തിച്ചെന്ന പരാതി ലീഗ് നേതൃത്വത്തിനുമുണ്ട്. ഏറനാട് മണ്ഡലത്തിൽ പി.കെ ബഷീറിനെതിരെ അൻവർ മത്സരിച്ചപ്പോഴും സിയാദ് അൻവറിനുവേണ്ടി രംഗത്തിറങ്ങിയിരുന്നു.

മനാഫ് വധക്കേസിൽ ഗൾഫിൽ ഒളിവിൽ സുഖജീവിതം നയിച്ചിരുന്ന സിയാദിന്റെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളെ മനാഫിന്റെ കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ 25 വർഷത്തിനു ശേഷമാണ് പിടിയിലായത്. ഇവരുടെ വിചാരണ നടപടികൾ മഞ്ചേരി അഡീഷണൽ 2 ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചിരിക്കുകയാണ്. കേസിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുൻ സിബിഐ സീനിയർ പ്രോസിക്യൂട്ടർ വി.എൻ അനിൽകുമാറിനെയാണ് സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുള്ളത്. മനാഫ് വധക്കേസിൽ വിചാരണ തുടങ്ങാനിരിക്കെ സഹോദരീപുത്രനെ പേയ്‌മെന്റ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതും വിവാദമാകുന്നുണ്ട്.

എടവണ്ണ പഞ്ചായത്തിലെ ഒതായിയിൽ മനാഫിന്റെ കുടുംബത്തിന്റെ നിലപാട് യു.ഡി.എഫിന് നിർണായകമാണ്. മനാഫ് വധക്കേസിൽ കുടുംബത്തിനു വേണ്ടിയുള്ള നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന മനാഫിന്റെ പിതൃസഹോദരൻ പള്ളിപ്പറമ്പൻ അബൂബക്കർ നിലവിൽ കിഴക്കേ ചാത്തല്ലൂരിലെ കോൺഗ്രസ് പഞ്ചായത്തംഗമാണ്. എടവണ്ണയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കെ.എം മുസ്തഫയുടെ പേരിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിലും മനാഫിന്റെ കുടുംബമുണ്ട്. മനാഫിന്റെ പിതൃസഹോദര പുത്രൻ ഷെരീഫടക്കമുള്ളവരുടെ നേതൃത്വത്തിലാണ് 30 ലക്ഷം ചെലവിട്ട് കെ.എം മുസ്തഫ ട്രസ്റ്റ് അഞ്ച് നിർധന കുടുംബങ്ങൾക്ക് വീടുവെച്ച് നൽകിയത്. ബുറൈദ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് കൂടിയാണ് ഷെരീഫ്.

മനാഫിന്റെ കുടുംബം എതിരായാൽ ഒതായിയിൽ കോൺഗ്രസിന്റെ കൈവശമുള്ള 3 വാർഡുകളും നഷ്ടപ്പടാനാണ് സാധ്യത. ഈ ആശങ്ക ലീഗ് നേതൃത്വം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. എടവണ്ണ പഞ്ചായത്തിൽ 22 അംഗ ബോർഡിൽ മുസ്ലിം ലീഗിന് 9 സീറ്റും കോൺഗ്രസിനും സിപിഎമ്മിനും 6 വീതം സീറ്റുകളുമാണുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലെ പേയ്‌മെന്റ് സീറ്റ് വിവാദവും സിയാദിന്റെ സ്ഥാനാർത്ഥിത്വവും കോൺഗ്രസ് പ്രാദേശി നേതൃത്വത്തിലും കലാപക്കൊടി ഉയർത്തിയിട്ടുണ്ട്. രാഷ്ട്രീയേതരമായ ക്രിമിനൽ കേസുകളിൽ പെട്ടവരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കരുതെന്ന കെപിസിസി മാർഗനിർദ്ദേശവും പി.വി അൻവർ എംഎ‍ൽഎയുടെ സഹോദരീപുത്രന് ബാധകമായിട്ടില്ലെന്ന പരാതി കോൺഗ്രസിൽനിന്നുതന്നെ ഉയർന്നിട്ടുണ്ട്.