കോഴിക്കോട്: വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. കെ.കെ. രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാൽ സീറ്റ് തിരിച്ചെടുക്കുകയാണെന്നും ധർമ്മടത്ത് ശക്തമായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. രമ മത്സരിക്കണം എന്ന അഭ്യർത്ഥനയോടെയാണ് വടകര സീറ്റ് ആർ.എംപി.ക്ക് നൽകിയത്. രമ മത്സരിക്കുന്നില്ല എന്ന് അറിയിച്ച സ്ഥിതിക്ക് വടകരയിൽ യു.ഡി.എഫിന്റെ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തും. ധർമടം സീറ്റ് ഫോർവേഡ് ബ്ലോക്കിന് വേണ്ട എന്ന് അറിയിച്ച സാഹചര്യത്തിലും അവിടെയും കോൺഗ്രസ് മത്സരിക്കുമെന്ന് ഹസൻ പറഞ്ഞു.

നേരത്തെ വടകരയിൽ സ്ഥാനാർത്ഥിയായി കെ.കെ. രമ മത്സരിച്ചാൽ ആർഎംപിയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ.കെ. രമ വ്യക്തമാക്കിയിരുന്നു. എൻ. വേണുവിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആർ.എംപിയിലെ നീക്കങ്ങൾ. യു.ഡി.എഫ്. ഔദ്യോഗികമായി പിന്തുണ അറിയിച്ച സാഹചര്യത്തിൽ കെ.കെ രമയെ തന്നെ ആർഎംപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ മത്സരിക്കില്ല എന്ന തീരുമാനത്തിൽ രമ ഉറച്ചുനിൽക്കുകയായിരുന്നു.

അതേസമയം ധർമ്മടം സീറ്റും കോൺഗ്രസ് ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആയി. ആദ്യം പ്രഖ്യാപിച്ചത് 92 സീറ്റുകളായിരുന്നെങ്കിലും വടകരക്കു പുറമെ ധർമ്മടവും ഏറ്റെടുത്തതോടെയാണ് സീറ്റുകളുടെ എണ്ണം 94 ആയി ഉയർന്നത്. എട്ടു സീറ്റുകളിൽ ഇപ്പോഴും സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല.

ധർമ്മടത്ത്് പിണറായി വിജയനെതിരെ മത്സരിക്കാനാവില്ലെന്നു വ്യക്മാക്കിയ ഫോർവേഡ് ബ്ലോക്ക് പ്രതിനിധാകൾ കോൺഗ്രസിന് സീറ്റു വിട്ടുകൊടുത്തു. ഇതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ എണ്ണം 94 ആകുന്നത്. കോൺഗ്രസ് പ്രകടന പത്രിക 20-ന് പ്രകാശനം ചെയ്യുമെന്നാണ് ഹസൻ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. എലത്തൂർ നിയോജക മണ്ഡലം മാണി സി കാപ്പന്റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിക്കു നൽകിയതിൽ കടുത്ത പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ സ്ഥാനാർത്ഥിയെ മാറ്റി പ്രഖ്യാപിച്ചില്ലെങ്കിൽ ചൊവ്വാഴ്ച പൊതു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പാർട്ടി ഭാരവാഹികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ കെപിസിസി അംഗം, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ രാജിവയ്ക്കാനും തീരുമാനിച്ചു. യോഗ തീരുമാനങ്ങൾ ഞായറാഴ്ച രാത്രി തന്നെ എഐസിസി സെക്രട്ടറി പി.വി.മോഹനനെ നേരിൽ കണ്ടു ധരിപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ചുമതല കൂടി വഹിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി ടി.കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.