ന്യൂഡൽഹി: കോൺഗ്രസിലെ വർക്കിങ് കമ്മറ്റിയിൽ സ്തുതിപാഠകരെ കുത്തിനിറച്ചു കൊണ്ടുള്ള നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിമത നീക്കം നടത്തിയവരെ എല്ലാം ഒതുക്കി ഗാന്ധി കുടുംബത്തിന് സ്തുതി പാടുന്നവരെ മാത്രമാക്കി നിറച്ചു കൊണ്ടാണ് ബിജെപിക്കും മോദിക്കുമെതിരെ പോരാടാൻ സോണിയയും രാഹുലും തയ്യാറെടുക്കുന്നത്. ഇത് പാർട്ടിയുടെ പതനത്തിന്റെ ആക്കം കൂട്ടുമെന്ന ആക്ഷേപം ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ ക്രൈസിസ് മാനേജറായി അറിയപ്പെട്ടിരുന്ന വ്യക്തിയായ ഗുലാം നബി ആസാദിനെ തഴഞ്ഞതാണ് വർക്കിങ് കമ്മിറ്റിയിലെ പ്രധാന മാറ്റങ്ങളിൽ ഒന്ന്.

കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിലാണ് മുതിർന്ന നേതാക്കളെ തഴഞ്ഞത്. ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കപ്പെടാൻ മതിയായ യോഗ്യത ഉണ്ടായിട്ടും തരൂരിനെയും കപിൽ സിബലിനെയും പുറത്തു നിർത്തിയതും എല്ലാം വ്യക്തമാണ്. നേതൃത്വത്തിന്റെ പിന്തുണയ്ക്കുന്ന കൂടുതൽ നേതാക്കളെ പ്രവർത്തനസമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ കത്തെഴുതിയതിനെ തുടർന്നുണ്ടായ കോൺഗ്രസിലെ ഭിന്നത ഇതോടെ കൂടുതൽ രൂക്ഷമാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

ദേശീയ രാഷ്ട്രീയത്തിൽ മലയാളി മുഖങ്ങളായി നിലവിൽ മൂന്ന് പേരാണ് നിറഞ്ഞു നിൽക്കുന്നത്. ഉമ്മൻ ചാണ്ടിയും, കെ സി വേണുഗോപാലും എ കെ ആന്റണിയുമായി നിലവിൽ വർക്കിങ് കമ്മിറ്റി അംഗങ്ങൾ. എ കെ ആന്റണിയാകട്ടെ അടുത്തകാലത്തെങ്ങും ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല. അങ്ങനെയൊരു നേതാവ് എന്തുകൊണ്ടാണ് ഇപ്പോഴും പ്രവർത്തക സമിതിയിൽ തുടരുന്നത് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. നേരെ മറിച്ച് ഗുലാം നബി ആസാദ് ആകട്ടെ മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിലും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും സർക്കാർ രൂപീകരണ വേളയിലുമൊക്കെ നിർണായക റോൾ വഹിച്ചിരുന്നു. പാർട്ടിക്ക് വിശ്വസിച്ചു ദൗത്യം ഏൽപ്പിക്കാവുന്ന നേതാവായിരുന്നു ആസാദ്. അദ്ദേഹത്തെയാണ് ഇപ്പോൾ രാഹുൽ വിപ്ലവം പുറന്തള്ളുന്നത്.

അതേസമയം ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായി തിളങ്ങി നിൽക്കുന്ന തരൂരിലെ വീണ്ടും അവഗണിക്കുകയാണ് നേതൃത്വം ചെയ്യുന്നത്. അടുത്തകാലത്ത് ബിജെപിയുടെ ഫേസ്‌ബുക്ക് രാഷ്ട്രീയത്തെ അടക്കം ചോദ്യം ചെയ്തു തരൂർ തിളങ്ങി നിൽക്കുകയായിരുന്നു. പല വിഷയങ്ങളിലും ബിജെപിയെ പ്രതിരോധത്തിൽ നിർത്തിയത് തരൂരിന്റെ പ്രസ്താവനകൾ ആയിരുന്നു. എന്നിട്ടും തരൂരിന് അർഹിക്കുന്ന പരിഗണന നൽകാതെ തഴയുകയാണ് കോൺഗ്രസ് ചെയ്തത്. തരൂരിനെ തഴഞ്ഞതിൽ എ കെ ആന്റണിയുടെ അനിഷ്ടമാണെന്നും സൂചനകളുണ്ട്.

കപിൽ സിബൽ ആകട്ടെ രാഹുലിനും സോണിയ ഗാന്ധിക്കും വേണ്ടി കോടതികളിൽ നിരന്തരം കേസു വാദിക്കുന്ന വ്യക്തിത്വമാണ്. ബിജെപിയെ എതിർക്കുന്നവരിലെ മുമ്പനും. എന്നിട്ടും അദ്ദേഹത്തെ തഴിഞ്ഞു. ഇങ്ങനെ ഇഷ്ടക്കാരെ മാത്രം തിരുകി കയറ്റിക്കൊണ്ട് എങ്ങനെ മുന്നോട്ടു പോകാൻ സാധിക്കുമെന്ന ചോദ്യമാണ് പ്രസക്തമായിരിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റിനെ ഉപദേശിക്കുന്ന ആറ് അംഗ ഹൈ-പവർ പാനലിൽ ഉൾപ്പെടുത്തിയ രാഹുൽ ഗാന്ധി വിശ്വസ്തനായ രൺദീപ് സുർജേവാലയാണ് പുന സംഘടനയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എന്നാൽ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ഒപ്പിട്ടയാളാണെങ്കിലും ജിതിൻ പ്രസാദിന് സ്ഥാനക്കയറ്റം ലഭിച്ചു. പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലക്കാരനായാണ് പ്രസാദിനെ നിയമിച്ചത്.

ഗുലാംനബി ആസാദിന് പുറമെ അംബിക സോണി, മോത്തിലാൽ വോറ, മല്ലികാർജുൻ ഖാർഗെ എന്നിവരെയും എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിട്ടുണ്ട്. സംഘടനാ കാര്യങ്ങളിൽ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സമിതിയിൽ അംബിക സോണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പുതിയ അംഗങ്ങൾ - ദിഗ്‌വിജയ് സിങ്, രാജീവ് ശുക്ല, മാണികം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച് കെ പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബൻസൽ, ദിനേശ് ഗുണ്ടുറാവു, മനീഷ് ചത്രത്ത്, കുൽജിത് നാഗ്ര.

കേരളത്തിന്റെ ചുമതലയിൽ നിന്നും മുകുൾ വാസ്‌നികിനെ മാറ്റിയിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള താരിഖ് അൻവറാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതലയുള്ള പുതിയ എഐസിസി ജനറൽ സെക്രട്ടറി. മുകുൾ വാസ്‌നികിനെ മധ്യപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ പ്രവർത്തക സമിതിയിൽ തുടരും. കെസി വേണുഗോപാൽ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കെ.സി.വേണുഗോപാൽ തുടരും. ആന്ധ്രാപ്രദേശിന്റെ ചുമതലയിൽ ഉമ്മൻ ചാണ്ടി തുടരും. അതേസമയം ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.

പ്രിയങ്ക ഗാന്ധി വാദ്ര ഉത്തർപ്രദേശിന്റെ ചുമതലയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ മാണികം ടാഗോർ തെലങ്കാനയുടെ ചുമതലയുള്ള പുതിയ സെക്രട്ടറിയായി ചുമതല വഹിക്കും. പവൻ കുമാർ ബൻസൽ അഡ്‌മിനിസ്‌ട്രേഷൻ ചുമതലയുള്ള സെക്രട്ടറിയായിരിക്കും, പഞ്ചാബ് ജനറൽ സെക്രട്ടറിയായി ഹരീഷ് റാവത്ത്, അസമിൽ ജിതേന്ദ്ര സിങ്എന്നിവർ ചുമതലയേൽക്കും.

കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിലെ തീരുമാന പ്രകാരം കോൺഗ്രസ് അധ്യക്ഷയെ സഹായിക്കാനായി ആറംഗസമിതിയും രൂപീകരിച്ചു. ആന്റണി, വേണുഗോപാൽ, അഹമ്മദ് പട്ടേൽ, അംബിക സോണി, രൺദീപ് സുർജേവാല എന്നീ നേതാക്കളെ ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ നേതാക്കളെയൊന്നും തന്നെ പ്രവർത്തക സമിതിയിലേക്ക് പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമായി.

കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയക്കുകയും തുടർന്ന് ഈ കത്തിന്റെ പേരിൽ പാർട്ടിക്കകത്ത് തർക്കങ്ങൾ ഉർന്നുവരികയും ചെയ്തിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി എത്തുകയായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഗാന്ധി കുടുംബത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിൽ പാർട്ടിക്കകത്തു തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് കോൺഗ്രസിൽ സമ്പൂർണ മാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയക്കുന്നത്.

ഗുലാം നബി ആസാദും കപിൽ സിബലും അടക്കമുള്ള 23 നേതാക്കളാണ് കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്യ ഇതിന് പിന്നാലെ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനുള്ള സന്നദ്ധത അറിയിച്ചിരുന്നു. മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നാണ് നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടത്. കത്തയച്ച സമയത്തെ ചോദ്യം ചെയ്ത രാഹുൽ, കത്ത് ബിജെപിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം എഴുതപ്പെട്ടതാണെന്ന ഗുരുതര വിമർശനവും ഉന്നയിച്ചിരുന്നു.

മധ്യപ്രദേശിലും രാജസ്ഥാനിലുമുണ്ടായ വിമത നീക്കങ്ങളിൽ പാർട്ടി പ്രതിസന്ധിയിലായിരിക്കുമ്പോഴും സോണിയ ഗാന്ധിക്ക് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ എന്തിനാണ് കത്ത് അയച്ചത് ബിജെപിയുമായുള്ള രഹസ്യധാരണയിലൂടെയാണ് കത്ത് തയ്യാറാക്കിയത് എന്നായിരുന്നു കത്തിനെ വിമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്. ഇതേ തുടർന്ന് പാർട്ടിക്കുള്ളിൽ രൂക്ഷമായ തർക്കങ്ങളാണ് ഉയർന്നത്.