കാസർകോഡ്: അനധികൃതമായി സർവ്വീസ് നടത്തിയ വാഹനത്തിനെതിരെ നടപടി എടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി ജീവനക്കാർ നൽകിയ പരാതി പിൻവലിച്ചു. ജില്ലാ ജഡ്ജിയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് പരാതി പിൻവലിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായത്. അനാവശ്യമായി പരാതി നൽകിയ ജീവനക്കാരെ ശാസിക്കുകയും ചെയ്തു.

രണ്ട് ദിവസം മുൻപാണ് കാസർകോഡ് ജില്ലാ കോടതി ജീവനക്കാർ സഞ്ചരിച്ചിരുന്ന വാഹനം മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ സമാന്തരമായി സർവ്വീസ് നടത്തുന്നതിനെതിരെ കാസർകോട് കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ പരാതിയിലായിരുന്നു വാഹനം പിടികൂടി പിഴ ചുമത്തിയത്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരായ കോടതി ജീവനക്കാർ വാഹനം വാടക വ്യവസ്ഥയിൽ കൊണ്ടു വന്നതാണെന്ന് പറഞ്ഞിരുന്നു. എന്നാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പല സ്റ്റോപ്പുകളിൽ നിന്നും യാത്രക്കാരെ കയറ്റി പോകുന്നത് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹനം പിടികൂടിയത്. എന്നാൽ കോടതി ജീവനക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി സംസാരിക്കുകയും ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു.

പിന്നീട് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ജോലി തടസപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വാഹനത്തിലുണ്ടായിരുന്ന 18 കോടതി ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ കോടതി ജീവനക്കാർ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു എന്നും കാട്ടി പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

ഇതോടെ കെ.എസ്.ആർ.ടിസി ജില്ലാ ട്രാൻസ്പോർട്ട് ഓപീസർ മനോജ് ജില്ലാ ജഡ്ജിയെ നേരിൽ കണ്ട് കെ.എസ്.ആർ.ടി.സിയുടെ പരാതിയിന്മോലാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കി. ഇതോടെ ജീവനക്കാരെ വിളിച്ചു വരുത്തി കാര്യങ്ങൾ ചർച്ച ചെയ്യുകയും നിയമവ്യവസ്ഥയ്ക്കതീതമായി യാതൊന്നും പ്രവർത്തിക്കരുതെന്നും എത്രയും വേഗം പരാതി പിൻവലിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

കോടതി ജീവനക്കാരുടെ യാത്ര തടസപ്പെടാതിരിക്കാനായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്താൻ ജഡ്ജി ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പയ്യന്നൂരിൽ നിന്നും കാസർകോട് കോടതിയിലേക്ക് ഒരു ബസ് സർവ്വീസ് നടത്താമെന്ന് ഡി.ടി.ഒ ഉറപ്പ് നൽകി. ജൻ റം ബസ് വേണമെന്ന് ജീവനക്കാർ അഭിപ്രായം ഉയർത്തി. ഇതേ തുടർന്ന് ഇന്ന് രാവിലെ മുതൽ ബസ് സർവ്വീസ് ആരംഭിക്കുകയും ചെയ്തു. കൂടാതെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതി പിൻവലിക്കുകയും ചെയ്തു.

കോടതി ജീവനക്കാർ സഞ്ചരിച്ച വാഹനം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് ആർടി ഓഫിസിലെ ഉദ്യോഗസ്ഥരായ ബിനീഷ്, ജിജോ വിജയ്, നിസാർ തുടങ്ങി 4 ഉദ്യോഗസ്ഥർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അലക്ഷ്യമായും വേഗത്തിലും വാഹനമോടിച്ചെത്തിയെന്നും വാഹനത്തിലുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു പരാതി. കോവിഡ് കാരണം പൊതുഗതാഗത സംവിധാനം കുറവായതിനാൽ കോൺട്രാക്ട് ഗാരിജ് ബസിലാണ് ജീവനക്കാർ കോടതിയിലെത്തിയിരുന്നത്.

ഈ ബസ്, സ്‌കെയിൽ ഗാരിജ് ബസുകളുടെ രീതിയിൽ സ്റ്റോപ്പിൽ നിന്ന് ആളുകളെ കയറ്റുന്നു എന്ന പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞത്. കെ.എസ്.ആർ.ടി.സി അധികൃതർ കലക്ടർക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയെ തുടർന്ന് ബഹളവും തർക്കവും ഉണ്ടായതോടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ പരാതിയിൽ 18 കോടതി ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു.