ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയുടെ സംവിധാനങ്ങളല്ല മറിച്ച് നരേന്ദ്ര മോദി സർക്കാരാണ് പരാജയപ്പെട്ടതെന്ന് സോണിയ ഗാന്ധി വിമർശിച്ചു. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.

മോദി സർക്കാർ അവരുടെ ധാർമിക ബാധ്യതയും ജനങ്ങളോടുള്ള സത്യപ്രതിജ്ഞയും നിറവേറ്റുന്നതിൽനിന്ന് മാറിനിൽക്കുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി

'ഇന്ത്യ അതിഭീകരമായ ഒരു ആരോഗ്യ പ്രതിസന്ധിയിലാണ്. ആയിരങ്ങൾ മരിച്ചുവീണു, നിരവധി പേർ അടിസ്ഥാനപരമായ ആരോഗ്യസംരക്ഷണത്തിനും ജീവൻ നിലനിർത്തുന്നതിനുള്ള മരുന്നുകൾക്കും ഓക്‌സിജനും വാക്‌സീനുകൾക്കും വേണ്ടി പരക്കം പായുകയാണ്. ജനങ്ങൾ ജീവനു വേണ്ടി ആശുപത്രികളിലും റോഡിലും വാഹനങ്ങളിലും പിടയുന്നത് കാണുന്നത് ഹൃദയഭേദകമാണ്.

എന്നിട്ട് എന്താണ് മോദി സർക്കാർ ചെയ്യുന്നത്? കഷ്ടപ്പാടും വേദനയും കുറയ്ക്കുന്നതിനു പകരം, ജനങ്ങളോടുള്ള അടിസ്ഥാന ഉത്തരവാദിത്തങ്ങളും കടമകളും നിറവേറ്റുന്നതിൽനിന്ന് ഒഴിഞ്ഞുമാറി നിൽക്കുന്നു. ഇന്ത്യയ്ക്ക് ആവശ്യത്തിന് വിഭവങ്ങളും അതിന്റെ ശക്തിയുമുണ്ട്. ഈ സംവിധാനങ്ങൾ (സിസ്റ്റം) പരാജയപ്പെട്ടിട്ടില്ലെന്ന് നമുക്ക് ഉറപ്പാണ്. എന്നാൽ ഇത് വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മോദി സർക്കാരാണ് ഈ രാജ്യത്തെ ജനങ്ങളെ പരാജയപ്പെടുത്തിയത്.' സോണിയ പറഞ്ഞു.

എല്ലാ ഉപകാരപ്രദമായ മുന്നേറ്റങ്ങളും ആശവിനിമയവും അവഗണിക്കപ്പെട്ടുവെന്ന് ഡോ. മന്മോഹൻ സിങ്, രാഹുൽ ഗാന്ധി എന്നിവർ പ്രധാമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തുകൾ പരാമർശിച്ച് സോണിയ പറഞ്ഞു. സർക്കാർ ഒന്നിനും ക്രിയാത്മകമായ മറുപടികൾ നൽകിയില്ല. അവർക്കു മാത്രമേ എല്ലാത്തിനും ഉത്തരം അറിയൂ എന്ന നിലയിലാണ് പെരുമാറുന്നതെന്നും സോണിയ പറഞ്ഞു.

'ഇത് സർക്കാരും നമ്മളും തമ്മിലുള്ള യുദ്ധമല്ല. നമ്മളും കൊറോണ തമ്മിലുള്ളതാണ്. കാലതാമസം ഉണ്ടാവരുത്. ഈ സാഹചര്യം നേരിടാൻ ശാന്തവും കഴിവുള്ളതും ദീർഘവീക്ഷണമുള്ളതുമായ ഒരു നേതൃത്വമാണ് ആവശ്യം. മോദി സർക്കാരിന്റെ അനാസ്ഥയുടെയും കഴിവില്ലായ്മയുടെയും ഭാരത്തിൽ രാഷ്ട്രം മുങ്ങിത്താഴുകയാണ്. നമ്മുടെ ജനതയ്ക്കായി സേവനത്തിലൂടെ സ്വയം സമർപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു' സോണിയ ഗാന്ധി.

സർക്കാരിന്റെ വാക്‌സീൻ നയത്തെ വിമർശിച്ച സോണിയ 2021ലെ ബജറ്റിൽ വാക്‌സീനായി 35,000 കോടി രൂപ അനുവദിച്ച സർക്കാർ വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കിയെന്നും പറഞ്ഞു.

മോദി സർക്കാരിന്റെ വിവേചനപരമായ വാക്‌സിനേഷൻ നയം ദശലക്ഷകണക്കിന് ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ, ദരിദ്രർ എന്നിവരെ വാക്‌സീൻ ലഭ്യമാക്കുന്നതിൽ നിന്ന് മാറ്റി നിർത്തിയെന്നും സോണിയ കുറ്റപ്പെടുത്തി