ശബരിമല: തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ച് ശബരിമലയിലെ വരുമാനക്കുറവിന് പരിഹാരം കാണാൻ ശ്രമിക്കുമ്പോഴും കോവിഡ് നിയന്ത്രണത്തിൽ വിട്ടുവീഴ്‌ച്ചയില്ലാതെ അധികൃതർ.കോവിഡ് നിയന്ത്രണം കർശനമാക്കി ഓരോരുത്തരെയായാണ് സന്നിധാനത്തു തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റിവിടുന്നത്.കോവിഡ് പശ്ചാത്തലത്തിൽ സന്നിധാനത്തു കർശന സുരക്ഷാ ക്രമീകരണങ്ങളാണുള്ളത്. കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പിച്ച ശേഷമേ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽനിന്നു തീർത്ഥാടകരെ കടത്തിവിടൂ. നിലയ്ക്കലിൽ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യവുമുണ്ട്. തീർത്ഥാടകരുടെ കൈകൾ അണുമുക്തമാക്കിയ ശേഷം താപനില പരിശോധിച്ചാണു വലിയ നടപ്പന്തലിലെ നിശ്ചിത സ്ഥലങ്ങളിലേക്കു വിടുന്നത്.

വലിയ നടപ്പന്തലിൽനിന്ന് കൃത്യമായ അകലം പാലിച്ചാണു തീർത്ഥാടകരെ കടത്തിവിടുന്നത്. ശാരീരിക ബുദ്ധിമുട്ട് ഉള്ളവരെ പതിനെട്ടാംപടി കയറാൻ പൊലീസ് സഹായിക്കുന്നുമുണ്ട്. ഇതിനായി പിപിഇ കിറ്റ് ധരിച്ച പൊലീസുകാരുടെ സേവനമുണ്ട്. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ നടപ്പന്തലിൽനിന്നു നേരിട്ടു സന്നിധാനത്തേക്കു പ്രവേശിപ്പിക്കും. പ്രത്യേകം താപനില പരിശോധനയ്ക്കു വിധേയരാക്കിയാണ് ഇവരെ കടത്തിവിടുന്നത്.

40 ഓളം പേർക്ക് കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂരിൽ ഭക്തർക്ക് സന്ദർശനത്തിന് നിയന്ത്രമേർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശബരിമലയിലും പരിശോധന കർശനമാക്കിയത്.