ന്യൂഡൽഹി: മെയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതിന് പിന്നാലെ കോവിഡ് വാക്‌സിനുകളുടെ നിരക്കും ഉയരുമെന്ന് ഉറപ്പായി. രാജ്യത്തെ പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുതിയ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിന് 400 രൂപ നിരക്കിൽ കോവിഷീൽഡ് വാക്സിൻ നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഒരു ഡോസിന് 600 രൂപയാണ് ഈടാക്കുകയെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നിലവിൽ സർക്കാർ ആശുപത്രികളിൽ കോവിഷീൽഡ് വാക്സിൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 250 രൂപയാണ് ഈടാക്കുന്നത്. നിലവിൽ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. മെയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രഖ്യാപനം. ഉൽപ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം കേന്ദ്രസർക്കാർ സംഭരിക്കും. അവശേഷിക്കുന്നത് സംസ്ഥാന സർക്കാരിനും പൊതുവിപണിയിലും ലഭ്യമാക്കും. സംസ്ഥാന സർക്കാരിന് ഉൽപ്പാദകരിൽ നിന്ന് നേരിട്ട് വാങ്ങാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. വാക്സിൻ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് 4500 കോടി രൂപയാണ് കമ്പനികൾക്ക് കേന്ദ്രം അനുവദിച്ചത്.

വാക്‌സിൻ ക്ഷാമം രൂക്ഷമായിരിക്കുമ്പോൾ കോവിഡ് വാക്സിൻ വിതരണത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുകയും നിർമ്മാണ കമ്പനികൾക്ക് നേരിട്ട് സ്വകാര്യ വിപണിയിൽ വിൽക്കാൻ അനുമതി ലഭിക്കുകയും ചെയ്തതോടെ വിപണിയിൽ വാക്‌സിന്റെ വില കുതിച്ചുയരുമെന്നാണ് സൂചനകൾ.വിദേശത്തു നിന്നും ഇന്ത്യയിലെത്തുന്ന വാക്‌സിനുകൾക്ക് ഒരു ഡോസിന് 700 രൂപ മുതൽ 1000 രൂപ വരെ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

സർക്കാർ സംവിധാനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയുന്നതിലും ഏറെ ഇരട്ടിയാണ് ഇപ്പോൾ വാക്‌സിന്റെ ആവശ്യം. ഇത് പലപ്പോഴും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം സൃഷ്ടിക്കപ്പെടുന്നതിനും സംഘർഷങ്ങളുണ്ടാകുന്നതിനും വരെ കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ആവശ്യക്കാരിൽ ഒരുവിഭാഗം നിലവിൽ സ്വകാര്യവിപണിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ വാക്‌സിനുകളുടെ വിലയിലുള്ള കുത്തനെയുള്ള കയറ്റം സാധാരണക്കാർക്ക് സ്വകാര്യവിപണിയെ അപ്രാപ്യമാക്കിത്തീർക്കുകയാണ്. ഈ സാഹചര്യത്തിൽ കോടിക്കണക്കിന് ആളുകൾക്ക് സർക്കാർതലത്തിൽ വാക്‌സിൻ എത്തിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് വൻതുക ചെലവാക്കേണ്ടി വരും.

സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, റഷ്യ വികസിപ്പിച്ച് ഇന്ത്യയിൽ ഡോ. റെഡ്ഡീസ് ലബോറട്ടീസ് നിർമ്മിക്കുന്ന സ്പുട്‌നിക് വാക്‌സിൻ എന്നിങ്ങനെ മൂന്ന് വാക്‌സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്യുന്നത്. ഇതിൽ സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ എത്തുന്നതേയുള്ളൂ. ഉത്പാദകരുടെ ലാഭം പരമാവധി കുറച്ച് വളരെ കുറഞ്ഞ നിരക്കിലായിരുന്നു കേന്ദ്രസർക്കാർ വാക്‌സിൻ വാങ്ങി വിതരണം ചെയ്തിരുന്നത്. ഒരു ഡോസിന് ഏകദേശം 250 രൂപയായിരുന്നു കേന്ദ്രസർക്കാർ നിശ്ചയിച്ചിരുന്നത്. സ്പുട്‌നിക് വാക്‌സിന് 750 രൂപയോളം വില വന്നേക്കും. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നാണ് ഡോ. റെഡ്ഡീസ് കമ്പനി പറയുന്നത്.

മെയ് ഒന്നിനു മുൻപായി പൊതുവിപണിയിലേയ്ക്കും സംസ്ഥാനങ്ങളിലേയ്ക്കുമുള്ള വാക്‌സിനുകളുടെ വില പ്രഖ്യാപിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ വാക്‌സിന്റെ വിലയിൽ നിയന്ത്രണങ്ങളൊന്നും സർക്കാർ നൽകിയിട്ടില്ല. കേന്ദ്രസർക്കാർ വളരെ കുറഞ്ഞ വിലയ്ക്ക് വാക്‌സിൻ വാങ്ങുന്നതിനാൽ ഉത്പാദനം വർധിപ്പിക്കാനുള്ള സാഹചര്യം പോലുമില്ലെന്ന് മുൻപ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ അടക്കം വില കൊടുത്തു വാങ്ങേണ്ട വാക്‌സിന്റെ വിലയിൽ വലിയ കുറവ് പ്രതീക്ഷിക്കാനാകില്ല. അതേസമയം, ഇതുവരെ വാക്‌സിൻ നിർമ്മാതാക്കൾ ഔദ്യോഗികമായി വില പ്രഖ്യാപിച്ചിട്ടില്ല. വിതരണം ചെയ്യുന്ന വാക്‌സിന്റെ അളവും മറ്റു ഘടകങ്ങളും പരിഗണിച്ചായിരിക്കും അന്തിമ വില തീരുമാനിക്കുക. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതൽ വ്യക്തത വരാനുണ്ട്.

വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ വിദേശവാക്‌സിനുകൾക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലും ജപ്പാനിലും അടക്കം ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകൾക്ക് രാജ്യത്ത് അനുമതി നൽകുന്നത് വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫഡ്- അസ്ട്രാസെനെക്ക തുടങ്ങിയ വാക്സിൻ നിർമ്മാതാക്കൾ എത്രയും വേഗം ഇന്ത്യയിലെത്തുമെന്നത് പ്രതീക്ഷിക്കുന്നതായി വാക്സിൻ അഡ്‌മിനിസ്‌ട്രേഷൻ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ വി.കെ. പോൾ പറഞ്ഞു.

19.50 യു എസ് ഡോളറാണ് നിലവിൽ ഫൈസർ ഇടാക്കുന്ന വില. മോഡേണ 25 യു എസ് ഡോളറും ജോൺസൺ ആൻഡ് ജോൺസൺ 10 യു എസ് ഡോളറും ഓക്സ്ഫഡ്- അസ്ട്രാസെനെക്ക 2.15 യു എസ് ഡോളറുമാണ് ഈടാക്കുന്നത്. അത് ഇന്ത്യയിലെത്തുമ്പോൾ മിനിമം ആയിരം രൂപയായി വില നിജപ്പെടുത്തുമെന്ന് കരുതപ്പെടുന്നു.

സ്വകാര്യ വിപണിയിലെ വിൽപ്പനയും കയറ്റുമതിയും വിതരണ ശൃംഖല പ്രശ്നങ്ങളുമെല്ലാം കണക്കിലെടുത്താണ് വില നിശ്ചയിക്കുകയെന്ന് കമ്പനികൾ പറയുന്നു. കേന്ദ്രസർക്കാരിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി അനുസരിച്ചായിരിക്കും വില അന്തിമമായി നിശ്ചയിക്കുക. വാക്സിൻ നിർമ്മിക്കുന്നതിന് വിദേശത്തുനിന്നുള്ള സാങ്കേതിക വിദ്യയും അസംസ്‌കൃത വസ്തുക്കളും ഉപയോഗിക്കുന്നതിനാൽ പല കമ്പനികളുടെയും വാക്സിൻ വില വ്യത്യസ്തമായിരിക്കും.