തൊടുപുഴ : കോളജിന് അനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഇടുക്കിയിലെ ചില സിപിഐ നേതാക്കൾ 86 ലക്ഷം രൂപ വാങ്ങിയതായുള്ള പരാതിയിൽ പൊലീസ് ഒളിച്ചു കളി. വണ്ടന്മേട് പൊലീസ് സ്റ്റേഷനിൽ റിട്ട. എസ്‌ഐ പരാതി നൽകിയെങ്കിലും കേസ് അട്ടിമറിക്കുകയാണ്. 2013 മുതൽ 2017 വരെയുള്ള സമയത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഇതിൽ 50 ലക്ഷം പാർട്ടി ഫണ്ടിലേക്കു നൽകിയെന്നും പരാതിക്കാരൻ ആരോപിച്ചു.

കോഴിക്കോട് കിഴക്കേപ്പറമ്പിൽ ശ്രീധരനും മകൻ ശ്രീലേഷുമാണ് വണ്ടന്മേട് പൊലീസിൽ പരാതി നൽകിയത്. പണം നൽകിയതിന്റെ ബാങ്ക് രേഖകളും ഹാജരാക്കി. തട്ടിപ്പിനിരയായ കുടുംബം ആത്മഹത്യാ ഭീഷണിയിലാണ് ഇപ്പോൾ. വണ്ടന്മേട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിപിഐ നേതാക്കളായ കെ.കെ.സജികുമാർ, സി.കെ.കൃഷ്ണൻകുട്ടി, വി.ധനപാലൻ, ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ, സെക്രട്ടേറിയറ്റിലെ ജീവനക്കാർ എന്നിവർക്കെതിരെയാണ് ആരോപണം.

സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് കോളജിന് അംഗീകാരം നേടി നൽകാമെന്നു വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തതെന്നു പരാതിയിൽ പറയുന്നു. തെളിവുകളും കൈമാറി. ഈ റിട്ടേയേർഡ് എസ് ഐ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലും പരാതിപ്പെട്ടിരുന്നു. പരാതിക്കാരനെ ഫോണിൽ കിട്ടിയില്ലെന്നും ആരോപണവിധേയരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണു കുന്ദമംഗലം പൊലീസ് പരാതിക്കാരന്റെ മകനെ രേഖാമൂലം അറിയിച്ചത്.

കോളജിന് എയ്ഡഡ് പദവി വാങ്ങി നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയിൽ നിന്ന് പണം വാങ്ങിയത് സിപിഐ കോൺട്രോൾ കമ്മിഷനംഗം മാത്യു വർഗീസും സഹോദരൻ ജോയി വർഗീസും ചേർന്നാണന്ന് ആരോപണ വിധേയനായ സജികുമാർ സമ്മതിച്ചിട്ടുണ്ട്. താൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും തന്റെ അക്കൗണ്ടിൽ വന്ന പണമെല്ലാം അവർക്ക് കൈമാറിയെന്നും സജികുമാർ കുറച്ചു ദിവസം മുമ്പ് പറഞ്ഞിരുന്നു. ആക്ഷേപത്തിൽ സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സിപിഐ പ്രാദേശിക നേതാവായ സജികുമാറാണ് എയ്ഡഡ് പദവി വാഗ്ദാനം ചെയ്ത് 86 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പരാതിക്കാരനായ കെ.പി ശ്രീധരന്റെ ആക്ഷേപം. എന്നാൽ ഇതൊന്നും തനിക്ക് വേണ്ടിയായിരുന്നില്ലെന്നാണ് സജികുമാറിന്റെ വിശദീകരണം. പാർട്ടി ഫണ്ടെന്ന പേരിലും ഇതേ ആളുകൾ ശ്രീധരനിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. സജി കുമാറിന്റെ വെളിപ്പെടുത്തലോടെ ആരോപണങ്ങൾക്ക് പുതിയ മാനം കൈവന്നു. പരാതിക്കാരനെ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമാക്കാമെന്ന് പറഞ്ഞും പണം തട്ടിയെന്നാണ് സൂചന.

ഉടുമ്പൻചോല മണ്ഡലം സെക്രട്ടറിയാകാൻ സാധ്യതയുള്ള തന്നെ തകർക്കാൻ വേണ്ടിയാണ് തന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നതെന്നും സജികുമാർ പറയുന്നു. എന്നാൽ സജികുമാർ നേരിട്ട് പണം കൈപ്പറ്റിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമെന്ന് ശ്രീധരന്റ മകൻ ശ്രീലേഷ് പറഞ്ഞു. പണം തട്ടിയെടുത്തതിന് സജികുമാറിനെതിരെ പലയിടത്തും പരാതികളുണ്ട്. ഈ പരാതികളുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ പൊലീസ് വേണ്ടവിധത്തിൽ അന്വേഷണം നടത്തുന്നില്ലെന്നതാണ് വസ്തുത.

കോഴിക്കോട് എയിഡഡ് കോഴ തട്ടിപ്പ് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സിപിഐ നടപടികൾ തുടങ്ങിയിട്ടുണ്ട്. മുന്മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ സമിതിയാണ് കോളജിന് എയിഡഡ് പദവി വാഗ്ദാനം ചെയ്ത് സിപിഐ നേതാക്കൾ 86 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കുക. സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ പി ആർ രമേശ് കുമാർ, അഡ്വ സന്തോഷ്‌കുമാർ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. സിപിഐ നേതാക്കളുടെ തട്ടിപ്പിൽ സർവതും നഷ്ടപ്പെട്ട് കടക്കെണിയിലായ ശ്രീധരൻ കഴിഞ്ഞദിവസം സി.പി.െഎ സംസ്ഥാന നേതൃത്വ ത്തെ സമീപിക്കുകയായിരുന്നു .

ശ്രീധരന്റ ഉടമസ്ഥതയിലുള്ള ടി.എം.എസ് കോളജ് ഓഫ് മാനേജ്‌മെന്റിന് എയിഡഡ് പദവി നൽകാമെന്ന് പറഞ്ഞാണ് സജികുമാറും കൂട്ടരും പലതവണയായി 86 ലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്തെത് 2013 സെപ്റ്റംബറിൽ കുന്ദമംഗലം പി.ഡബ്ലിയു ഡി റസ്റ്റ് ഹൗസിൽ വച്ച് പത്തുലക്ഷം വാങ്ങി. 2016 ഫെബ്രുവരി 28ന് സജികുമാറും മറ്റൊരു നേതാവായ ജോയി വർഗീസും ചേർന്ന് വീണ്ടും 20 ലക്ഷം രൂപ വാങ്ങി. ഗുരുവായൂർ ദേവസ്വം ബോർഡിൽ അംഗമാക്കാമെന്ന് പറഞ്ഞായിരുന്നു പിന്നെ 20 ലക്ഷം രൂപ കൂടി തട്ടിയെടുത്തത്.