കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പാർട്ടിയിൽ ഉണ്ടായ അച്ചടക്ക ലംഘനങ്ങളെ വച്ചുപൊറുപ്പിക്കാതെ സിപിഎം. ഓരോ മണ്ഡലങ്ങളിലു നടന്ന കാര്യങ്ങളിൽ അട്ടിമറി ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് സിപിഎം കൈക്കൊണ്ടത്. തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപടി നേരിട്ടത് സിപിഎം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗമാണ്.

തിരഞ്ഞെടുപ്പ് സമയത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഏരിയാ കമ്മിറ്റി അംഗം ഗിരീഷ് ജോണിനെതിരെ സിപിഎം നടപടി സ്വീകരിച്ചത്. താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം ഗിരീഷ് ജോണിനെതിരേയാണ് നടപടി. ഇയാളെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാം സ്ഥാനങ്ങളിൽ നിന്നും നീക്കി. ഇതോടെ ഗിരീഷ് ജോൺ പാർട്ടി ബ്രാഞ്ച് അംഗം മാത്രമായി മാറി.

തിരുവമ്പാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡിന്റ് കൂടിയായ ഗിരീഷ് ജോണിന്റേയും കുടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ സെക്രട്ടറിയുമായ ലിന്റോ ജോസഫിന്റേയും പേരുകളാണ് തിരുവമ്പാടിയിലെ സ്ഥാനാർത്ഥി നിർണയ വേളയിൽ സിപിഎമ്മിൽ ഉയർന്ന് കേട്ടത്. ചർച്ചയ്ക്കൊടുവിൽ ലിന്റോയ്ക്ക് നറുക്ക് വീഴുകയായിരുന്നു. തുടർന്ന് ഗിരീഷ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായില്ല.

ലോക്കൽ കമ്മിറ്റികളടക്കം വിഷയം ഉന്നയിച്ചതോടെ താമരശ്ശേരി ഏരിയാ കമ്മിറ്റി ചർച്ച ചെയ്ത് ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. പ്രതീക്ഷിച്ച തിരുവമ്പാടി സീറ്റ് കിട്ടാതെ വന്നപ്പോൾ എതിർ സ്ഥാനാർത്ഥിയായ സി.പി. ചെറിയ മുഹമ്മദിന്റെ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ കുറ്റമായിട്ടാണ് കാണുന്നത്.

വിഷയത്തിൽ ഗിരീഷ് ജോൺ നൽകിയ മുറുപടി തൃപ്തികരമല്ലെന്ന് കണ്ട് തള്ളിയതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. നടപടി ഉടൻ കീഴ് ഘടകങ്ങൾക്ക് റിപ്പോർട്ട് ചെയ്യും. 4643 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലിന്റോ ജോസഫ് വിജയിച്ചത്.