കോവളം: തെരഞ്ഞെടുപ്പുകളിൽ വടക്കൻ ജില്ലകളിൽ സിപിഎം നടത്തുന്ന ആക്രമണവും ബൂത്തുപിടുത്തവും സംബന്ധിച്ചുള്ള വാർത്തകൾ മിക്ക തെരഞ്ഞെടുപ്പു കാലത്തും പുറത്തുവരാറുണ്ട്. ഇത്തരം സംഭവങ്ങൾ ഒടുവിലുണ്ടായ സംഭവം ശരിക്കും കേരളത്തെ ഞെട്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പു ദിവസം വിഴിഞ്ഞത്ത് സിപിഎം പ്രവർത്തകർ വീടു കയറി ആക്രമിച്ച കോൺഗ്രസ് പ്രവർക്കന്റെ ഭാര്യയുടെ ഗർഭം അലസി.

ഒന്നരമാസം ഗർഭിണിയായ സീബയ്ക്കാണ് ഗർഭസ്ഥ ശിശുവിനെ നഷ്ടമായത്. സിപിഎം. പ്രവർത്തകർ വീടുകയറി നടത്തിയ ആക്രമണത്തിൽ സീബ വീണ് വയറിന് പരിക്കേറ്റതാണ് ഗർഭം അലസിപ്പോകാൻ കാരണമെന്ന് ഭർത്താവ് ആരിഫ് ഖാൻ ആരോപിച്ചു. എന്നാൽ, സ്വാഭാവികമായ ഗർഭം അലസിപ്പോകലാണെന്നും വീഴ്ച ഒരു കാരണമല്ലെന്നും സീബ ചികിത്സയിലുള്ള തൈക്കാട് ആശുപത്രിയിലെ ആർ.എം.ഒ. ഡോ. അനിത അറിയിച്ചു.

എട്ടാംതീയതി തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം വിഴിഞ്ഞം വടുവച്ചാലിൽ സിപിഎം.-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. അന്ന് രാത്രി ഏഴരയോടെ സിപിഎം. പ്രവർത്തകർ വടുവച്ചാൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ ആരിഫ് ഖാനെ അന്വേഷിച്ച് വീട്ടിലെത്തി. ആരിഫ് സ്ഥത്തുണ്ടായിരുന്നില്ല. വീടിനുമുന്നിൽനിന്ന് ചീത്തവിളിക്കുന്നതിനെ സീബ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായവർ സീബയുടെ മുടിക്കുപിടിച്ച് മുതുകത്ത് ഇടിച്ച് വീഴ്‌ത്തുകയായിരുന്നെന്ന് ഭർത്താവ് ആരിഫ് പറഞ്ഞു. ബുധനാഴ്ച രാവിലെ വിഴിഞ്ഞത്തെ ആശുപത്രിയിലെത്തി ചികിത്സ തേടി.

രാത്രി വേദനയും രക്തസ്രാവവും കാരണം പിറ്റേദിവസം വീണ്ടും ചികിത്സ തേടി. അവിടെനിന്നുള്ള നിർദേശ പ്രകാരം നെയ്യാറ്റിൻകരയിലെ സ്വകാര്യാശുപത്രിയിൽ സ്‌കാനിങ്ങിന് പോയപ്പോഴാണ് ഗർഭം അലസിയതായി കണ്ടെത്തിയത്. വിഴിഞ്ഞത്തെ ഡോക്ടറുടെ നിർദേശപ്രകാരം തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നെന്നും ആരിഫ് പറഞ്ഞു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.