തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വിജയം കൊണ്ടുവരുന്നതിൽ ഏറെ പ്രധാനമായ കാര്യം സ്ഥാനാർത്ഥി നിർണയം കൂടിയായിരുന്നു. പുതുമുഖങ്ങളെയും യുവാക്കളെയും സിപിഎം മത്സര രംഗത്തിറക്കിയതോടെയായിരുന്നു. ഈ വിജയഫോർമുല നിയമസഭാ തെരഞ്ഞെടുപ്പിലും പയറ്റാൻ തന്നെയാണ് സിപിഎമ്മിന്റെ നീക്കം. അടുത്ത തലമുറയിലേക്ക് പാർട്ടിയും അധികാരങ്ങളും കൈമാറുന്ന പ്രക്രിയയാണ് ഇപ്പോൾ സിപിഎമ്മിൽ നടന്നു വരുന്നത്. അതുകൊണ്ട് രണ്ടിൽ കൂടുതൽ മത്സരിച്ചവരെ ഇക്കുറി മാറ്റി നിർത്താനും സാധ്യത കൂടുതലാണ്. അതേസമയം വിജയസാധ്യത മാത്രം മുന്നിൽകണ്ടായാൽ മുതിർന്ന ചിലർക്ക് വീണ്ടും സീറ്റുകൾ നൽകാനുമാണ് നീക്കം.

മണ്ഡലത്തിന്റെ പൊതുസ്വഭാവവും നേതാക്കൾ നിർവഹിക്കേണ്ട ചുമതലയും മുൻനിർത്തിയാകും സ്ഥാനാർത്ഥി നിർണയം. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ മൂന്നിലൊന്ന് പേർ മാത്രം മത്സരിച്ചാൽ മതിയെന്ന സിപിഎം നിർദ്ദേശം നടപ്പാക്കുമ്പോൾ, മുൻനിര നേതാക്കളിൽ ആരൊക്കെ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാവുമെന്നതിൽ ആകാംക്ഷയേറി. അതേസമയം, എന്ത് വില കൊടുത്തും തുടർഭരണം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു സ്വീകാര്യതയുള്ള സ്വതന്ത്ര മുഖങ്ങളെ ഇക്കുറിയും പരീക്ഷിക്കാനാണ് സിപിഎം നീക്കം.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി. ജയരാജനും വീണ്ടും മത്സരിക്കുമെന്നാണ് സൂചനകൾ. മുഖ്യമന്ത്രി ധർമ്മടത്ത് തന്നെ വീണ്ടും ജനവിധി തേടാനൊരുങ്ങുമ്പോൾ ഇ.പി. ജയരാജൻ മട്ടന്നൂരിൽ നിന്ന് കല്യാശ്ശേരിയിലേക്ക് മാറിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമല്ലാത്ത കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ.കെ. ശൈലജ അങ്ങനെയെങ്കിൽ മട്ടന്നൂരിലേക്ക് മാറും.

ആരോാഗ്യകാരണങ്ങളാൽ മന്ത്രി എം.എം. മണി മത്സരിക്കില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. പാർട്ടി ചുമതലയിലേക്കു മാറണോ എന്നതായിരിക്കും എ.കെ. ബാലൻ, ഇ.പി. ജയരാജൻ എന്നിവരുടെ മത്സരസാധ്യത നിശ്ചയിക്കുക. തിരഞ്ഞെടുപ്പിനു ശേഷം സിപിഎം. സമ്മേളന നടപടികളിലേക്കു കടക്കുകയാണ്. ഇ.പി. ജയരാജൻ അടുത്ത സംസ്ഥാന സെക്രട്ടറിയാകാനുള്ള സാധ്യതയും കൂടുതലാണ്.

ഏഴുതവണ മത്സരിക്കുകയും രണ്ടുതവണ മന്ത്രിയാകുകയും ചെയ്ത ജി. സുധാകരൻ ഇനി പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചന നൽകുന്നുണ്ട്. മത്സരിച്ച നാലുതവണയും ജയിക്കുകയും രണ്ടുതവണ മന്ത്രിയാകുകയും ചെയ്ത തോമസ് ഐസക്കും മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. അതേസമയം സിപിഎമ്മിനെ ധനകാര്യം കൈകാര്യം ചെയ്യുന്ന ഐസക്കിനെ എങ്ങനെ മാറ്റിനിർത്തുമെന്ന കാര്യത്തിൽ വ്യക്തതകളില്ലയ

ടി.പി. രാമകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്ര ജോസ് കെ. മാണി കേരള കോൺഗ്രസിനായി ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കുകയാണെങ്കിൽ ടി.പി. മത്സരത്തിൽനിന്നു മാറിനിന്നേക്കും. ആരോഗ്യപ്രശ്‌നങ്ങളും ടി പി രാമകൃഷ്ണനെ അലട്ടുന്നുണ്ട്. അഞ്ചുതവണ മത്സരിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ സ്വാധീനം പരിഗണിച്ചാൽ വീണ്ടും അവസരം ലഭിച്ചേക്കും. കെ.കെ. ശൈലജ വീണ്ടും മത്സരിക്കുമെങ്കിലും കൂത്തുപറമ്പ് എൽ.ജെ.ഡി.ക്കു നൽകേണ്ടിവരുമെന്നതിനാൽ മണ്ഡലം മാറാനാണു സാധ്യത. മട്ടന്നൂരിൽ ശൈലജയെ മത്സരിപ്പിച്ചേക്കും. മത്സരിക്കുന്നുണ്ടെങ്കിൽ ഇ.പി. ജയരാജൻ കല്യാശ്ശേരിയിലേക്കു മാറാനാണു സാധ്യത.

മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, കെ.ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരെല്ലാം രണ്ടുതവണയിലേറെ മത്സരിക്കുന്നവരാണ്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ചിലരെ മത്സരത്തിനിറക്കാനും ആലോചനയുണ്ട്. എം വി ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരിലാർക്കെങ്കിലും നറുക്കുവീഴും. നിലവിലെ എംഎ‍ൽഎ.മാരിൽ വി എസ്. അച്യുതാനന്ദനടക്കം 20 പേരെങ്കിലും മത്സരത്തിൽനിന്ന് ഒഴിവാകും.

എ. പ്രദീപ് കുമാർ, ജെയിംസ് മാത്യു, സുരേഷ് കുറുപ്പ്, ടി.വി. രാജേഷ്, ജോർജ് എം. തോമസ്, സി. കൃഷ്ണൻ, അയിഷ പോറ്റി എന്നിവരെല്ലാം മാറിനിൽക്കാൻ സാധ്യതയുണ്ട്. വൈപ്പിൻ, റാന്നി മണ്ഡലത്തിന്റെ പ്രത്യേകതയാണ് എസ്. ശർമയ്ക്കും രാജു എബ്രഹാമിനും സാധ്യത കൂട്ടുന്നത്. വിജയസാധ്യത നിലനിർത്താൻ കഴിയുന്നവരുണ്ടെങ്കിൽ മാറ്റി പരീക്ഷിച്ചേക്കും.

മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എം.എം.മണിയുമാണ് സെക്രട്ടേറിയറ്റംഗങ്ങളായ മറ്റ് മന്ത്രിമാർ. മുമ്പ് നിയമസഭാംഗമായിട്ടുണ്ടെങ്കിലും തുടർച്ചയായ രണ്ടാം തവണ മാത്രമാണെന്നതിനാൽ ടി.പി.രാമകൃഷ്ണൻ വീണ്ടും പരിഗണിക്കപ്പെട്ടേക്കും. എം.എം. മണിയുടെ ആദ്യ ടേം മാത്രമാണിപ്പോൾ പിന്നിടുന്നത് എന്നതിനാൽ അദ്ദേഹത്തിനും നറുക്ക് വീഴാം. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. തുടർച്ചയായ രണ്ട് ടേം പിന്നിട്ടവർ മാറണമെന്ന നിബന്ധന സിപിഎമ്മിൽ നേരത്തേതന്നെ ഉണ്ടെങ്കിലും പലർക്കും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇതിൽ ഇളവു നൽകി. ഇക്കുറിയും അത് ആവർത്തിച്ചേക്കും.