കണ്ണൂർ: സിപിഎം പാർട്ടി ഗ്രാമങ്ങളിൽ രാഷ്ട്രിയ എതിരാളികൾക്കു മാത്രമല്ല ഒക്ക ചങ്ങാതിമാരായ സിപിഐക്ക് പോലും രക്ഷയില്ല കോൺഗ്രസിനെയും ബിജെപിയെയും നേരിടുന്നതിനെക്കാൾ കാർക്കശ്യത്തോടെയാണ് സിപിഎം കഴിഞ്ഞ കുറെക്കാലമായി ഒരേ ചേരിയിൽ പ്രവർത്തിക്കുന്ന സിപിഐയെയും നേരിടുന്നത്. കണ്ണുർ ,കാസർകോട് ജില്ലകളിൽ ഇരു പാർട്ടികളും ഒരേ സമയംഭരണം പങ്കിടുമ്പോൾ തന്നെ കടുത്ത ശീതസമരത്തിലാണ് 'വിദ്യാലയങ്ങളിലും ക്യാംപസുകളിലും സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്തത് നേരത്തെ വിവാദമായിരുന്നു. സർവീസ് സംഘടനാ രംഗത്തും ഇരു പാർട്ടികളുടെയും സംഘടനകൾ തമ്മിൽ അത്ര സുഖത്തിലല്ല മുൻപോട്ടു പോകുന്നത്.

കാസർകോട് ജില്ലയിലെ സിപിഐക്ക് സ്വാധീനമുള്ള പെരുമ്പള ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപ് വീടുകയറി യുള്ള അക്രമം പോലുമുണ്ടായിട്ടുണ്ട്. 'സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ നിരവധി വീടുകളാണ് അന്ന് തകർന്നത്. സിപിഎം കോട്ടയായ കണ്ണൂരിൽ സിപിഐയുടെ വളർച്ച തടയാൻ സദാ ജാഗരൂകമാണ് സിപിഎം നേതൃത്വം പാർട്ടിയിൽ നിന്നുള്ള ഒഴുക്ക് തടയാൻ പാർട്ടി ഗ്രാമങ്ങളിൽ അക്രമം അഴിച്ചുവിടുന്നതും പതിവാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വരെ സീറ്റുകൾ മുന്നണി മര്യാദ പ്രകാരം വീതം വയ്ക്കാറുണ്ടെങ്കിലും മുന്നണിയിൽ വല്യേട്ടൻ ചമയുന്ന സിപിഎം മറ്റു കാര്യങ്ങളിൽ ഒരിഞ്ചുപോലും വിട്ടുകൊടുക്കാറില്ല.

പാർട്ടി നേതൃത്വത്തോട് കലഹിക്കുകയും അക്രമ രാഷ്ട്രീയത്തോട് മുഖം തിരിക്കുകയും ചെയ്ത് സിപിഐയിലേക്ക് പോകുന്നവരോട് യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ കനത്ത ശിക്ഷയാണ് സിപിഎം പാർട്ടി കോടതി വിധിക്കാറുള്ളത് ഇവരെ അക്രമിച്ച് ശയ്യാവലംബമാക്കുകയും വീട് ആക്രമിച്ചു തകർക്കുകയും ചെയ്യുന്നു. കമ്യുണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള കിടമത്സരത്തിനിടെ സർവ്വതും തകർന്ന എത്രയോ കമ്യുണിസ്റ്റുകാർ കണ്ണുർ ,കാസർകോട് ജില്ലയിലുണ്ട്.

സി പി എം വിട്ട് കോൺഗ്രസിലേക്കും ബിജെപിയിലേക്കും പോയാൽ സഹിക്കും എന്നാൽ സിപിഐയിലേക്ക് പോകുന്നത് തങ്ങളുടെ കുഴിമാന്തുന്നതിന് തുല്യമാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. അതു പാർട്ടികളിൽ മാത്രമല്ല വർഗ ബഹുജന സംഘടനകളുടെ കാര്യത്തിലും സമാനമാണ്. എസ്.എഫ് ഐ ക്ക് മൃഗീയ സ്വാധീനമുള്ള തലശേരി ബ്രണ്ണൻ കോളേജിൽ സിപിഐയുടെ വിദ്യാർത്ഥി സംഘടനയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം വളരെ പരിമിതമാണ്. സിപിഎം പാർട്ടി ഗ്രാമങ്ങളുടെ നേതൃത്വം നവസൈബർ സഖാക്കൾ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിലും സിപിഐക്ക് ശബ്ദം നഷ്ടപ്പെട്ടിരിക്കുകയാണ്.

സ്വതന്ത്രമായി നടത്തുന്ന ഏതൊരഭിപ്രായത്തെയും പൊങ്കാലയിട്ട് നിശബ്ദമാക്കാൻ സദാ ജാഗരൂകരാണ് സൈബർ സഖാക്കൾ .കണ്ണുർ ജില്ലയിൽ കണ്ണൂർ - തലശേരി തുടങ്ങി ചുരുങ്ങിയ നഗരപ്രദേശങ്ങളിലൊഴികെ മറ്റൊരിടത്തും സിപിഐക്ക് മാന്യമായ പാർട്ടി ഓഫിസുകൾ പോലുമില്ല. സിപിഎം കേന്ദ്രങ്ങളിൽ പഴയ കെട്ടിടങ്ങളുടെ ഓല ചായ്‌പ്പുകളിലും ഏറുമാടങ്ങളിലുമാണ് ദേശീയ പാർട്ടിയുടെ യോഗങ്ങൾ ചേരുന്നത്. വല്യേട്ടൻ കണ്ണുരുട്ടുന്നത് കാരണം സ്വതന്ത്രമായി ഇരുന്ന് യോഗം ചേരാൻ കഴിയാതെ തെക്കും വടക്കും നടക്കുകയാണ് പാർട്ടി പ്രവർത്തകർ. അതു കൊണ്ടു തന്നെ സിപിഐയിലേക്ക് അവരുടെ പരമ്പരാഗത കുടുംബങ്ങളിൽ നിന്നുള്ള പുതു തലമുറയൊഴികെ മറ്റുള്ളവർ കടന്നു വരുന്നത് തുലോം കുറവാണ്.

ഉപ്പുവെച്ച കലം പോലെയാണ് നാൾക്കുനാൾ ഈ ദേശീയ പാർട്ടിയുടെ അവസ്ഥ 'മുകൾ തട്ടിലുള്ള നേതാക്കൾക്ക് അധികാരത്തിന്റെ പളപളപ്പുണ്ടെങ്കിലും താഴെ തട്ടിൽ അങ്ങനെയല്ല കാര്യങ്ങൾ. ജനകീയ സമരങ്ങളിലൂടെ ശ്രദ്ധയാകർഷിയു യോ പാർട്ടി നേതൃത്വത്തിനെതിരെ കലാപമുയർത്തിയവരോ വഴി തെറ്റി സി.പി'' ഐ യിലേക്ക് പോകുന്നത് സിപിഎമ്മിനെ സംബന്ധിച്ച് സഹിക്കാൻ കുടി കഴിയാത്ത കാര്യമാണ്.കീഴാറ്റൂർ വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂർ ഇങ്ങനെയൊരു നീക്കം നടത്തിയപ്പോൾ മുന്നണി യോഗത്തിൽ സിപിഎം നേതാക്കൾ പല്ലും നഖവുമുപയോഗിച്ച് എതിർക്കുകയുണ്ടായി. ഒടുവിൽ സുരേഷുമായി ഈ കാര്യം ചർച്ച ചെയ്ത സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന് ഗത്യന്തരമില്ലാതെ പിൻതിരിയേണ്ടിവന്നു. എന്നാൽ ഈ കിടമത്സരങ്ങൾക്കിടെയിലും സിപിഎം നേതാക്കളുടെ ഒക്ക ചങ്ങാതിമാരായി നടക്കുന്ന നിരവധി നേതാക്കളുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ,കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കളോട് അമിതമായ വിധേയത്വം പുലർത്തുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ, സി.എൻ രവീന്ദ്രൻ തുടങ്ങിയ നേതാക്കൾ താഴെ തട്ടിൽ അണികൾ അടിയും ചവിട്ടും തൊഴുത്തും മേടിച്ചുകൂട്ടുമ്പോഴാണ് സ്ഥാപിത താൽപര്യങ്ങൾ നേതാക്കളുടെ ഡിപ്‌ളോമാറ്റിക്ക് നയതന്ത്രബന്ധം' ഈ പശ്ചാത്തലത്തിലാണ് സിപിഐ കണ്ണുർ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാർ സിപിഎം പാർട്ടി ഗ്രാമങ്ങളിലെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ കടന്നാക്രമിച്ചു കൊണ്ട് ജനയുഗം പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ലേഖനമെഴുതിയത് ചർച്ചയാവുന്നത്.