തിരുവനന്തപുരം: ഉത്തരേന്ത്യയിലാണ് നടന്നതെങ്കിൽ ഹാഷ്ടാഗിട്ട് കേരളം വലിയ പ്രതിഷേധം ഉയർത്തുന്ന രണ്ടു സംഭവങ്ങളാണ് അടുത്ത ദിവസങ്ങളിൽ സിപിഎം ഭരിക്കുന്ന കേരളത്തിൽ നടന്നത്. ഒന്ന് അടൂരിൽ കോവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസിനുള്ളിൽ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായ സംഭവമാണ്. രണ്ടാമതായി ഭരതന്നൂരിൽ സർക്കാർ ജീവനക്കാരൻ ഒരു യുവതിയെ കെട്ടിയിട്ട് ഒരു ദിവസം മുഴുവൻ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവവും. ഈ രണ്ട് സംഭവങ്ങളും കേരളത്തിലായതിനാൽ നമ്മുടെ സാംസ്കാരിക നായകർ അടക്കം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സിപിഎം സഖാക്കളും ഈ വിഷയം കണ്ടില്ലെന്ന് നടിച്ചു വിട്ടുകളഞ്ഞു. അതേസമയം വാർത്തസാമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവിനോട് കൊനുഷ്ട് ചോദ്യം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകകൾ അടർത്തിയെടുത്ത് ഇപ്പോൾ സൈബർ ആക്രമണം നടത്തുകയാണ് സിപിഎം.

സിപിഎമ്മിന്റെ നീതിശാസ്ത്രത്തിന്റെ തട്ടുകൾ എങ്ങനെയാണെന്ന് വ്യക്തമാകുന്ന സംഭവങ്ങളാണ് ഇത്. ചെന്നിത്തലയ്‌ക്കെതിരെ സൈബർ ലോകത്ത് വലിയ പ്രചരണമാണ് നടക്കുന്നത്. വാർത്താ സമ്മേളനത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാനാവൂ? എന്ന പരാമർശമാണ് വിവാദത്തിന് ആധാരം. ഈ സംഭവം വളച്ചൊടിച്ചു കൊണ്ടാണ് ചെന്നിത്തലക്കെതിരെ സൈബർ ആക്രമണം. ഇതിന് പാർട്ടി കേന്ദ്രങ്ങളും സംഘടിതമായി രംഗത്തെത്തി. ക്യാപ്‌സ്യൂൾ രൂപത്തിൽ കമന്റുകൾ എത്തിയതോടെ കോപ്പിപേസ്റ്റ് കമന്റുകളും സൈബർ ലോകത്ത് ചെന്നിത്തലക്ക് എതിരായ പറന്നു നടക്കുകയാണ്.

കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട സംഘടനയിലെ അംഗവും സജീവപ്രവർത്തകനാണല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് ചെന്നിത്തല വിവാദ പ്രസ്താവന നടത്തിയത്. പ്രദീപ് കുമാർ കോൺഗ്രസുകാരനാണെന്ന് വെറുതെ കള്ളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. താൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞതെന്നും എൻജിഒ യൂണിയനിൽ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ പരമാർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർത്തുകയാണ് സിപിഎം ചെയ്തത്. എന്നാൽ, പത്രസമ്മേളനത്തിൽനിന്ന് ഒരു വാചകം മാത്രം അടർത്തിയെടുത്ത്, വളച്ചൊടിച്ച് തന്നെ പരിഹസിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ഇതിനോട് പ്രതികരിച്ചു. 'ഞാൻ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽനിന്ന് ഒരു വാചകം മാത്രം അടർത്തിയെടുത്ത്, വളച്ചൊടിച്ച് എന്നെ പരിഹസിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടു. പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് ഞാൻ മറുപടി നൽകി എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

ഡിവൈഎഫ്ഐക്കാർ മാത്രമല്ല, ഭരണപക്ഷ സർവ്വീസ് സംഘടനയായ എൻ.ജി.ഒ യൂണിയൻകാരും പീഡിപ്പിക്കുന്നുണ്ട് എന്ന അർത്ഥത്തിലാണ് ഞാൻ പറഞ്ഞത്. എന്റെ മറുപടിയിലെ അടുത്ത വാചകങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. സ്ത്രീകൾക്കെതിരെ ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചത്. സിപിഎം. സൈബർ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതേപോലെ എന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതും. കോവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതിൽ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താല്പര്യക്കാരുടെ ആ കുതന്ത്രത്തിൽ വീണു പോകരുതെന്ന് അഭ്യർത്ഥിക്കുന്നു' - ചെന്നിത്തല വിശദീകരിച്ചു.

കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല സംഘടനയായ എൻ.ജി.ഒ. അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട സംഘടനയിലെ അംഗവും സജീവപ്രവർത്തകനാണല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് ചെന്നിത്തല വിവാദപരാമർശം നടത്തിയത്. പ്രദീപ് കുമാർ കോൺഗ്രസുകാരനാണെന്ന് വെറുതെ കള്ളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. താൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞതെന്നും എൻജിഒ യൂണിയനിൽ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

വിവാദപരാമർശത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പുപറയണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. 'സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണം. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പിൽ സ്ഥാനമുണ്ടാകില്ല.' എന്നായിരുന്നു ആരോഗ്യമന്ത്രി പെയ്സ്ബുക്കിൽ കുറിച്ചത്. വിവിധ വനിതാ സംഘടനകളും ചെന്നിത്തല മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയരുന്നു. ചെന്നിത്തല മാപ്പുപറയണം എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കാമ്പെയിനും സിപിഎം സംഘടിപ്പിച്ചിരുന്നു.