തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരനെതിരെ പാർട്ടിയുടെ അന്വേഷണം. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപത്തിലാണ് പാർട്ടി അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന, മുന്മന്ത്രി ജി സുധാകരൻ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം.

സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അമ്പലപ്പുഴയിലെ പ്രചാരണത്തിൽ വീഴ്ച സംഭവിച്ചതായി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ പാല, കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവി ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അമ്പലപ്പുഴയിലെ പ്രചാരണത്തിന് സ്ഥലം മുൻ എംഎൽഎയും മുന്മന്ത്രിയുമായ ജി സുധാകരനിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാം ആണ് പരാതി ഉന്നയിച്ചത്. ചില കേന്ദ്രങ്ങളിൽ നിന്ന് താൻ എസ്ഡിപിഐ ആണെന്ന പ്രചാരണവും ഉണ്ടായെന്നും സലാം പരാതിപ്പെട്ടു. ഇത്തരത്തിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ സുധാകരനെതിരെ വിമർശനം ഉയർന്നിരുന്നു. ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലും, സംസ്ഥാന കമ്മിറ്റി യോഗത്തിലും ജി സുധാകരൻ പങ്കെടുത്തില്ല.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരൻ. പക്ഷേ അത് ചെയ്യാനുള്ള മനസ്സ് കാണിച്ചില്ല. ഇതിനെതിരേ ജില്ലാ കമ്മിറ്റിയിൽ സലാം പരാതി ഉന്നയിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജി.സുധാകരനെതിരായ പരാമർശങ്ങളുള്ള റിപ്പോർട്ട് സംസ്ഥാന സമിതിയിൽ ചർച്ച ചെയ്തത്. സംസ്ഥാന സമിതിയിലും സുധാകരനെതിരേ ആരോപണങ്ങൾ ഉയർന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗകമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.

പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ ആലപ്പുഴയിലെ സിപിഎമ്മിനുള്ളിലെ വിഭാഗിയത നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാകുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ പാർട്ടിയുടെ മുഖമായിരുന്ന ജി സുധാകരനെ കടന്നാക്രമിക്കുന്ന സമീപനമാണ് പുത്തൻ ഗ്രൂപ്പുകളിൽ നിന്ന് ഉണ്ടായത്. തോമസ് ഐസക്- സുധാകരൻ വിഭാഗങ്ങളിൽ നിന്ന് മാറി വിവിധ ചെറു ഗ്രൂപ്പുകൾ ഉദയം ചെയ്തിരിക്കുകയാണ് ആലപ്പുഴയിൽ.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ തുടങ്ങിയതാണ് ജില്ലയിൽ പാർട്ടിക്കുള്ളിലെ പോര്. ജി സുധാകരനും തോമസ് ഐസക്കും തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ സജി ചെറിയാന്റെ നേതൃത്വത്തിലുള്ള പുതുനിര മറ നീക്കി പുറത്ത് വന്നു. സജിക്കൊപ്പം തോൾ ചേർന്ന് എച്ച് സലാമും എ എം ആരിഫും പി പി ചിത്തരഞ്ജനും രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലും വ്യക്തമായ പ്രാതിനിധ്യം പുതു നിരയ്ക്കുണ്ടായി. പക്ഷെ സ്ഥാനാർത്ഥിത്യത്തിനെതിരായി രക്തസാക്ഷി മണ്ഡപങ്ങളിലടക്കം പ്രതിഷേധം ഉയർന്നു. അമ്പലപ്പുഴയിലേതായിരുന്നു ഏറ്റവും ശക്തമായത്. തുടക്കത്തിലെ തിരിച്ചടി മറികടന്ന് പാർട്ടി സംവിധാനങ്ങൾ എണ്ണയെട്ട യന്ത്രം പോലെ പ്രവർത്തിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ പോസ്റ്റർ വിവാദവും പഴ്‌സണൽ സ്റ്റാഫ് അഗത്തിന്റെ പാരാതിയുമൊക്കെയായി വാർത്തകളിൽ ഇടം പിടിച്ചു ആലപ്പുഴിലെ സിപിഎം.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് അമ്പലപ്പുഴ കരൂരിൽ ജി സുധാകരന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പകരം എ എം ആരിഫ് എം പി യുടെ പോസ്റ്ററുകൾ പതിച്ചു. പാർട്ടി തലത്തിൽ അന്വേഷണം ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്താതെ നിൽക്കുന്നു. പോസ്റ്റർ വിവാദത്തിന് പിന്നാലെയായിരുന്നു പാർട്ടിയുടെ സംഘടനാ രീതിയിൽ നിന്ന് വ്യത്യസ്തമായി താൻ ആക്രമിക്കപ്പെടുന്നുവെന്ന ആരോപണവുമായി ജി സുധാകരനെ പോലുള്ള മുതിർന്ന സി പി എം നേതാവ് പത്രസമ്മേളനം വിളിച്ച് ചേർക്കുന്നത്.

സി പി എമ്മിൽ പൊളിറ്റിക്കൽ ക്രിമിനലിസം എന്ന ഗുരുതരമായ ആരോപണം സുധാകരൻ മുന്നോട്ട് വെച്ചു. തുടർന്ന് സുധാകരന്റെ മുൻ പഴ്സണൽ സ്റ്റാഫ് അംഗവും ഭാര്യയും ചേർന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. പാർട്ടി മെമ്പറായ പരാതിക്കാരൻ പാർട്ടിക്ക് എന്തുകൊണ്ട് പരാതി നൽകിയില്ല എന്ന ചോദ്യം ജില്ലാ സെക്രട്ടറിയടക്കം ഉയർത്തിയെങ്കിലും മറ്റ് സംഘടനാ നടപടികളിലേക്ക് കടന്നില്ല. സ്റ്റാഫിന്റ ഭാര്യ നൽകിയ പരാതി മാധ്യമങ്ങളിൽ കത്തുന്ന വാർത്തയായി. പക്ഷെ പരാതിക്കടിസ്ഥാനമായ യാതൊന്നും പാർട്ടിക്കോ പൊലീസിനോ കണ്ടെത്താനായില്ല. വിഷയത്തിൽ കേസുപോലും രജിസ്ട്രർ ചെയ്യപ്പെട്ടില്ല. പൊളിറ്റിക്കൽ ക്രിമിനലുകൾ തന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് സുധാകരൻ തുറന്നടിച്ചു.

ഫലം വന്നപ്പോൾ മികച്ച ഭൂരിപക്ഷത്തിൽ അമ്പലപ്പുഴ ഉൾപ്പടെ എട്ടിടങ്ങളിലും ഇടതുമുന്നണി വിജയിച്ചു. അരൂർ സീറ്റ് തിരികെ പിടിച്ചു. ഇപ്പോൾ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന അമ്പലപ്പുഴ എം എൽ എ എച്ച് സലാമിന്റെ ഗുരുതര ആരോപണം നിലനിൽക്കേ സുധാകരൻ തോൽപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ആലപ്പുഴയിൽ ഒരു സീറ്റും പാർട്ടി ജയിക്കില്ലായിരുന്നു എന്ന മറുപടിയോടെ ജില്ലാ സെക്രട്ടറി ആർ നാസർ തന്നെ ആരോപണം തള്ളി. പക്ഷെ സലാം ഉന്നയിച്ച ഗൗരവകരമായ ആരോപണങ്ങൾ പരാതിയായി സംസ്ഥാന നേതൃത്വത്തിന്റെ മുന്നിൽ വരെ എത്തിയിരിക്കുന്നു.