കണ്ണുർ: കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന 23ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ജില്ലയിലെ സിപി എം ലോക്കൽ സമ്മേളനങ്ങൾ ഇന്നു മുതൽ തുടങ്ങും. ലോക്കൽ സമ്മേളനങ്ങളിൽ സെക്രട്ടറി സ്ഥാനം ലഭിക്കാനും കമ്മിറ്റിയിൽ ഉൾപ്പെടാനും വേണ്ടിയുള്ള മത്സരങ്ങൾ പരമാവധി ഒഴിവാക്കണമെന്ന കർശന നിർദ്ദേശം കണ്ണൂർ ജില്ലാ നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ പാർട്ടി ശക്ത കേന്ദ്രങ്ങളിൽപ്പോലും ലോക്കൽ സമ്മേളനങ്ങളിൽ വീറും വാശിയും നിറഞ്ഞ മത്സരം നടന്ന പശ്ചാത്തലത്തിലാണിത്.

പ്രശ്‌ന സങ്കീർണമായ ലോക്കലുകളിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് സമ്മേളനം നിയന്ത്രിക്കുക. സംഘടനാ ചർച്ചയിൽ വിവാദ വിഷയങ്ങൾ പരാമർശിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് നേതൃത്വത്തിനുള്ളത് 'കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി -ഐ. ആർ പി.സി - പി .ജയരാജൻ വിഷയങ്ങൾ, ജലപാതാ - കെ റെയിൽ വിരുദ്ധ സമരങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പാർട്ടി നേരത്തെയെടുത്ത നിലപാടുകൾ സുവ്യക്തമാണെന്ന ന്യായീകരണം പറഞ്ഞ് കൂടുതൽ ചർച്ചയും മറുപടികളും ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

കഴിഞ്ഞ ബ്രാഞ്ച് സമ്മേളനങ്ങളിൽ പൊതു വിഷയമെന്ന നിലയിൽ ഇതൊക്കെ ചർച്ച ചെയ്ത താണെന്നും ലോക്കൽ സമ്മേളനങ്ങളിൽ പ്രാദേശിക - സംഘടനാ വിഷയങ്ങൾക്ക് ഊന്നൽ നൽകണമെന്നാണ് മേൽഘടകങ്ങളിൽ നിന്നുള്ള നിർദ്ദേശം.ലോക്കൽ സമ്മേളനങ്ങളിൽ സാധാരണയായി നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഇഴകീറി പരിശോധനയാണ് നടക്കാറുള്ളതെങ്കിലും നേതൃതലങ്ങളിലെ പോരായ്മകളും അതിരൂക്ഷമായ വിമർശനത്തിനിടയാകാറുണ്ട്.

കണ്ണൂരിലെ തളിപ്പറമ്പ് ഏരിയയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ഏറ്റവും കൂടുതൽ വിമർശന വിധേയമായത് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ നടത്തിപ്പിലെ അരാജകത്വവും ചികിത്സാ പിഴവുമാണ് സർക്കാർ ഏറ്റെടുത്ത മെഡിക്കൽ കോളേജിന്റെ നടത്തിപ്പിനെക്കുറിച്ച് ഏറ്റവും കൂടുതൽ പരാതി ഉയർന്നത് തൊട്ടടുത്ത പ്രദേശമായ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തുകളിൽ നിന്നാണ്.

രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ ജില്ലാ ഘടകമുള്ള കണ്ണൂരിൽ പതിനെട്ട് ഏരിയകളിലുമായി 225 ലോക്കലുകളാണുള്ളത്. 31നകം മുഴുവൻ സമ്മേളനങ്ങളും പൂർത്തിയാക്കാനാണ് തീരുമാനം ഇതിനു ശേഷം. ഏരിയാ സമ്മേളനങ്ങൾ നവംബറിലാണ് നടക്കുക. ജില്ലാ സമ്മേളനം ഡിസംബർ 10,11,12 തീയതികളിൽ മാടായി എരിപുരത്തും നടക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ല മെന്ന് അറിയപ്പെടുന്ന കണ്ണുരിൽ സംഘടനാ സംവിധാനത്തിന്റെ ബലക്ഷയങ്ങൾ വിലയിരുത്തപ്പെടുന്നത് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിലൂടെയാണ്.

ആകെയുള്ള 3838 ബ്രാഞ്ചുകളിൽ 78 ഇടത്താണ് സമ്മേളനം നടക്കാൻ ബാക്കിയുള്ളത്. കോവിഡ് കാരണം മാറ്റിവയ്ക്കേണ്ടി വന്നതാണിത്. ആറ് ഏരിയകളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായിട്ടുണ്ട്. പൂർത്തിയായ 3,760 സമ്മേളനങ്ങളിൽ 61,668 അംഗങ്ങളാണ് പങ്കെടുത്തത്.