തിരുവനന്തപുരം: ലോകായുക്ത ഭേദഗതിക്കെതിരെ പ്രതിപക്ഷം ശക്തമായ ആയുധവുമായി രംഗത്തുവന്നപ്പോൾ പാർട്ടിയെ സഹായിക്കാനെന്ന വിധത്തിൽ അടുത്തുകൂടി ലോകായുക്ത ജഡ്ജിക്കെതിരെയും വിമർശനം ഉന്നയിച്ച കെ ടി ജലീൽ എംഎൽഎയുടെ നടപടിയിൽ സിപിഎമ്മിൽ അമർഷം. ഒന്നാം പിണറായി സർക്കാറാണ് ലോകായുക്തയാിയ സിറിയക് ജോസഫിനെ നിയമിച്ചത്. ഈ നിയമനത്തെയാണ് ജലീൽ ഐസ്‌ക്രീം കേസിലെ ഇടപെടൽ ചൂണ്ടിക്കാട്ടി വിമർശിച്ചത്. ഇതോടെ വിമർശനം കൊള്ളുന്നത് സാക്ഷാൽ മുഖ്യമന്ത്രി പിണറായിക്കെതിരെയാണെന്ന് സിപിഎം തിരിച്ചറിയുന്നു. ഇതോടെ ജലീൽ ഉന്നയിച്ച വിഷയം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നാണ് സിപിഎമ്മിലെ ധാരണ.

പി കെ കുഞ്ഞാലിക്കുട്ടിയോടുള്ള കലിപ്പു തീർക്കാൻ വേണ്ടിയാണ് ജലീൽ വിമർശനം ഉന്നയിച്ചത് എന്നതാണ് വ്യക്തം. എന്നാൽ, ജലീലിന്റെ വ്യക്തിവൈരാഗ്യം തീർക്കാൻ പാർട്ടിയെ കരുവാക്കേണ്ടെന്നാണ് കോടിയേരിയുടെ നിലാപാട്. ജലീലിന്റെ വിമർശനത്തെ പൂർണമായും തള്ളുന്നില്ലങ്കിലും പിന്തുണച്ചാൽ അത് മുഖ്യമന്ത്രിയുടെ കഴിവുകേടായി വരെ വ്യാഖ്യാനിക്കപ്പെടാം. വി ഡി സതീശൻ ഇന്നലെ ഇക്കാര്യ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജലീലിനെ തള്ളാൻ പാർട്ടി ഒരുങ്ങുന്നത്.

ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമ ഭേദഗതിയിലേക്ക് വഴിവെച്ചത് വ്യക്തിപരമായ കാര്യങ്ങളല്ലെന്നും നിയമത്തിലെ പഴുതുകളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ലോകായുക്തയ്ക്കെതിരെ കടുത്ത വിമർശനമുന്നയിച്ച് കെ.ടി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഇന്നും അദ്ദേഹം പുതിയ പോസ്റ്റുമായി സിറിയക് ജോസഫിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ രാഷ്ട്രീയമായി ഇതിനെ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ പ്രതികരണത്തിന് നേതാക്കൾ തയ്യാറല്ല. നിയമഭേദഗതിക്ക് കാരണം ജലീലിന്റേയോ മറ്റാരുടെയെങ്കിലുമോ വ്യക്തിപരമായ അനുഭവങ്ങളല്ലെന്നും കോടിയേരി പറയുന്നു. ലോകായുക്ത നിയമത്തിലെ സെക്ഷൻ 14ൽ ചില പഴുതുകളുണ്ട്. ഇത് സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ പോലും ഉപയോഗിച്ചേക്കാം. അത് ഈ വ്യക്തിയല്ലെങ്കിൽ മറ്റൊരാളായാലും അതിനുള്ള അവരമുണ്ട്. ഇത് മുന്നിൽക്കണ്ടാണ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത് എന്നാണ് കോടിയേരി ഉൾപ്പെടെയുള്ള സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.

ജലീലിന്റെ വിമർശനങ്ങളെ പൂർണമായി രാഷ്ട്രീയമായി ഏറ്റെടുക്കില്ലെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ വിമർശനങ്ങളെ പാർട്ടി തള്ളുന്നില്ലെന്നത് ശ്രദ്ധേയമാണ്. സിറിയക് ജോസഫ് എന്നല്ല ഏതൊരു വ്യക്തി ആ സ്ഥാനത്ത് ഇരുന്നാലും പഴുതകളുള്ളതാണ് സെക്ഷൻ 14 എന്നും അതിനാലാണ് ഭേദഗതിയെന്നുമാണ് നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്.

അതേസമയം ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിച്ചത് ഒന്നാം പിണറായി സർക്കാരാണ്. നിയമം അനുസരിച്ച് മാത്രമാണ് അത്തരം നിയമനങ്ങൾ നടക്കുന്നതെന്നും മറിച്ച് രാഷ്ട്രീയ പരിഗണനവെച്ചല്ല എന്നുമാണ് ഈ വിഷയത്തിൽ കോടിയേരി പ്രതികരിച്ചത്. യോഗ്യതയും മാനദണ്ഡവും മാത്രം അനുസരിച്ച് മാത്രമാണ് നിയമനമെന്നും കോടിയേരി പറഞ്ഞു.