പത്തനംതിട്ട: പത്തനംതിട്ടയിലെ കോട്ടാങ്ങളിൽ എസ്ഡിപിഐ പിന്തുണയിൽ ഭരണം സിപിഎമ്മിന്. കോട്ടാങ്ങൽ പഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അംഗം സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്തു. കഴിഞ്ഞ രണ്ട് തവണ എസ്.ഡി.പി.ഐ പിന്തുണച്ചതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.

സിപിഎം ലോക്കൽ കമ്മറ്റി അംഗം ബിനു ജോസഫിനെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. എൽ.ഡി.എഫ് - 5 , ബിജെപി - 5, യു.ഡി.എഫ് - 2 , എസ്.ഡി.പി.ഐ - 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ നിലവിലെ കക്ഷി നില.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചു. ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് ബിജെപി അധികാരം പിടിച്ചത്.പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കുകയായിരുന്നു. ബിജെപിയിലെ ബിന്ദു പ്രദീപാണ് പുതിയ് പ്രസിഡന്റ്. സിപിഐഎമ്മിലെ വിജയമ്മ ഫിലേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് ഏഴും സിപിഐഎം നാലും വോട്ട് ലഭിച്ചു.

ആറ് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല, സ്വതന്ത്ര അംഗം ബിജെപി യെ പിന്തുണക്കുകയായിരുന്നു. ഒരു എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. കഴിഞ്ഞ രണ്ടു തവണ കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായ സിപിഐഎമ്മിലെ വിജയമ്മ ഫിലേന്ദ്രൻ പാർട്ടി നിർദേശ പ്രകാരം രാജി വച്ചിരുന്നു. നാലു മാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.