കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക് വിട്ട സംഭവത്തിൽ കൈകഴുതി പാർട്ടി. കേസ് സിബിഐക്ക് വിട്ടതിൽ ആശങ്കയോടെ പേടിയോ എതിർപ്പോ ഇല്ലെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ കൈകൾ ഈ കേസിൽ സംശുദ്ധമാണ്. കേസിലെ മുഖ്യപ്രതി പീതാംബരനെ പാർട്ടി പുറത്താക്കിയതാണ് എന്നും എം വി ബാലകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം 88 ലക്ഷം രൂപ മുടക്കി സർക്കാർ കേസിൽ അപ്പീൽ പോയത് എന്തിനാണെന്ന് അറിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടചത്. കേസന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ സർക്കാർ അപ്പീലിന് പോയത് സർക്കാരിന്റെ കാര്യമാണ്. അതിൽ പാർട്ടി അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഗൂഢാലോചനകളും പുറത്തുവരട്ടെ. പാർട്ടിക്ക് അതിൽ ഭയമില്ലെന്നും എം വി ബാലകൃഷ്ണൻ പറയുന്നു.

ഇന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത് സിപിഎമ്മിനും സംസ്ഥാനസർക്കാരിനും വലിയ തിരിച്ചടിയായിരുന്നു. സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു. ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം നിലനിർത്തിയിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം പൂർത്തിയാകാതെ തുടർ നടപടി പാടില്ലെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിന് പിന്നാലെ, സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താം. ഒമ്പത് മാസവും ഒമ്പത് ദിവസത്തിനും ശേഷമാണ് കേസിൽ നിർണായക തീരുമാനം വന്നത്.

9 മാസം മുൻപ് വാദം പൂർത്തിയാക്കിയിട്ടും വിധി പറയാത്ത കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിന് പിറകെയാണ് അപ്പീൽ ഹർജിയിൽ വിധി വന്നത്. മുൻ സിപിഎം നേതാക്കൾ ഉൾപ്പെട്ട കൊലപാതക കേസിൽ ഗൂഢാലോചനയിൽ അന്വേഷണം ഉണ്ടായില്ലെന്നുമുള്ള വാദം ഡിവിഷൻ ബഞ്ച് ശരിവച്ചു. 14 പ്രതികളെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഡിവിഷൻ ബെഞ്ച് നിലനിർത്തിയിട്ടുണ്ട്. എന്നാൽ, അതിന്മേൽ മജിസടേറ്റ് കോടതി തുടർ നടപടി സ്വീകരിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കി. സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ നടപടി പാടുള്ളൂ. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് സിബിഐയ്ക്ക് കോടതി നിർദ്ദേശം നൽകി. സിബിഐയ്ക്ക് ഈ കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താം. പുതിയ കുറ്റപത്രം സമർപ്പിക്കാം - കോടതി പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുൻ അഡീഷണൽ സോളിസ്റ്റർ ജനറൽമാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി. 2019 ഫെബ്രുവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്. തുടർ അന്വേഷണത്തിന് അനുമതി നൽകിയുള്ള ഉത്തരവിന്റെ പകർപ്പ് കിട്ടിയാലുടൻ അന്വേഷണം പുനരാരംഭിക്കുമെന്ന് സിബിഐയും അറിയിച്ചു.

നേരത്തെ കോടതി ഉത്തരവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങൾ സ്വാഗതം ചെയ്തിരുന്നു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയിൽ ആശ്വാസവും സന്തോഷവും ഉണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം അറിയിച്ചു. മാസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് സിബിഐ അന്വേഷണം ശരിവെച്ചത്. ഒടുവിൽ കേസ് അന്വേഷണത്തിന് സിബിഐ വരുന്നു എന്ന വാർത്ത പൊട്ടിക്കരഞ്ഞു കൊണ്ടാണ് കുടുംബം കേട്ടത്. കൃപേഷിനും ശരത് ലാലിനും ലഭിക്കേണ്ട നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിൽ ഒപ്പം നിൽക്കുന്ന കോൺഗ്രസ് പാർട്ടിക്ക് നന്ദിയുണ്ടെന്നും കുടുംബം പ്രതികരിച്ചു. കാസർകോട്ട് കൃപേഷിന്റേയും ശരത് ലാലിന്റേയും ശവകുടീരത്തിന് മുന്നിൽ നടത്തി വന്നിരുന്ന ഉപവാസ സമരവും കുടുംബം അവസാനിപ്പിച്ചു.

കോടിക്കണക്കിന് രൂപ ചെലവിട്ടാണ് സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ കേസിന് പോയത്. സിബിഐ വരുന്നതോടെ കേസിൽ നീതി കിട്ടുമെന്നാണ്പ്രതീക്ഷയെന്നും കുടുംബം പ്രതികരിച്ചു. ഒന്നും ഒളിച്ച് പിടിക്കാനില്ലെങ്കിൽ പിന്നെ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്തിനെന്നും കുടുംബം ചോദിച്ചു.

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന ഹൈക്കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും പറഞ്ഞു. സിബിഐ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. കൊലപാതകികളെ മാത്രമല്ല കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരും പ്രേരണ നൽകിയവരുമെല്ലാം പ്രതിപ്പട്ടികയിലെത്തണം. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് ഹൈക്കോടതി വിധിയെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

സിബിഐ അന്വേഷണത്തെ ഏത് വിധേനയും എതിർക്കാനാണ് സർക്കാർ ശ്രമിച്ചത്. ഡൽഹിയിൽ നിന്ന് അഭിഭാഷകനെ വരെ വരുത്തി. കോടിക്കണക്കിന് രൂപ കേസ് നടത്തിപ്പിന് ചെലവിട്ടു. ഈ തുക അത്രയും ഖജനാവിലേക്ക് തിരിച്ചടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണമെടുത്താണ്സർക്കാർ ചെലവാക്കിയതെന്ന് ഓർക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.