തിരുവനന്തപുരം: ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്എഫ്‌ഐ വിദ്യാർത്ഥി ധീരജ് കൊല്ലപ്പെട്ടതിനെ തുടർന്ന് കേരളമൊട്ടാകെ സിപിഎം - എസ്എഫ്‌ഐ പ്രവർത്തകരുടെ തേർവാഴ്‌ച്ച. ചിറവക്കിന് സമീപം രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തുള്ള പുഴക്കുളങ്ങര വാർഡ് കോൺഗ്രസ് മന്ദിരത്തിന്റെ മുൻപിലുള്ള മഹാത്മ  ഗാന്ധിയുടെ പ്രതിമ സിപിഎം പ്രവർത്തകർ തകർത്തു. പ്രതിമ തല്ലിത്തകർത്ത് റോഡിൽ വലിച്ചെറിഞ്ഞ നിലയിലാണ്. തളിപ്പറമ്പിൽ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം സംഘപരിവാർ ശൈലിയിലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഉത്തരേന്ത്യയിൽ ഗാന്ധി പ്രതിമകൾക്ക് നേരെ ഹിന്ദുത്വ സംഘടനകൾ നടത്തുന്ന ആക്രമണങ്ങളെ കേരളത്തിൽ പ്രചരണായുധമാക്കുന്ന സിപിഎം അവർക്കൊരു സന്നിഗ്ധ ഘട്ടത്തിൽ ഗാന്ധിക്ക് നേരെ തന്നെ തിരിയുകയായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിയെ ഏറ്റവുമധികം എതിർത്ത കമ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്രാനന്തരം ഏറെ കാലത്തിന് ശേഷമാണ് ഗാന്ധിയെ പൊതുസമൂഹത്തിൽ അംഗീകരിച്ചു തുടങ്ങിയത്. എന്നാൽ ആത്യന്തികമായി രാഷ്ട്രപിതാവിനെ അംഗീകരിക്കാൻ അവർക്കിന്നും പൂർണമായും സാധിച്ചിട്ടില്ലെന്നതിന്റെ ഫലമാണ് ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ചെട്ടിക്കുളങ്ങരയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. പ്രതിമ പൂർണമായും തകർത്ത നിലയിലാണ്. കോൺഗ്രസ് ഓഫിസുകൾക്കു നേരെ രണ്ടാം ദിവസവും വ്യാപക അക്രമം തുടരുന്നു. മലബാർ മേഖലയിൽ കോഴിക്കോട് കൊയിലാണ്ടിയിലും പയ്യോളിയിലും നാദാപുരം എടച്ചേരിയിലും കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടു. രാത്രിയിലാണ് ആക്രമണം ഉണ്ടായത്. ഓഫിസുകളുടെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു.

ബുധനാഴ്ച പുലർച്ചെ ധീരജിന്റെ സംസ്‌കാരം നടത്തിയ സ്ഥലത്തിനു സമീപത്തുള്ള പാലകുളങ്ങരയിൽ കോൺഗ്രസ് ഓഫിസ് പൂർണമായും അടിച്ചു തകർത്തു. ജനലുകളും വാതിലുകളും തകർത്ത് അകത്തുള്ള ഫർണിച്ചറുകളും വയറിങ്ങും നശിപ്പിച്ചു.

കൊല്ലം പള്ളിമുക്കിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന്റെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസിന്റെ കൊടിമരം നശിപ്പിക്കുകയും കൊടി കത്തിക്കുകയും ചെയ്തു. പള്ളിമുക്ക് ജംക്ഷനിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ചിരുന്ന കൊടിമരം തിങ്കളാഴ്ച രാത്രി ഡിവൈഎഫ്‌ഐ പ്രവർത്തകർ തകർത്തിരുന്നു. പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിമരം പുനഃസ്ഥാപിച്ചു. വൈകാതെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊടിമരം തകർത്ത ശേഷം കൊടി കത്തിക്കുകയായിരുന്നു.

പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും 28 കൊടിമരങ്ങൾ നശിപ്പിച്ചു. എസ്എഫ്‌ഐ പ്രവർത്തകരുടെ അക്രമത്തിൽ തിരുവല്ലയിലെ കോൺഗ്രസ് ഓഫിസ് പൂർണമായി തകർന്നു. ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായി. ഓഫിസിനു മുന്നിലെ ബോർഡുകൾ നശിപ്പിച്ചു. നേരത്തേ കോൺഗ്രസ്, സിപിഎം അനുഭാവികളായ യുവാക്കൾ എതിർപക്ഷത്തിന്റെ കൊടികൾ നശിപ്പിച്ചിരുന്നു.

വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും 21 വരെ അടച്ചിടാൻ തീരുമാനിച്ചു. കഴിഞ്ഞദിവസമുണ്ടായ സംഘർഷത്തിൽ 10 കെഎസ്‌യു പ്രവർത്തകർക്കും ഒരു എസ്എഫ്‌ഐ പ്രവർത്തകനും പരുക്കേറ്റിരുന്നു. പാലക്കാട് ഡിസിസി ഒാഫിസിന്റെ രണ്ടാം നിലയിലെ ചില്ല് കല്ലേറിൽ തകർന്നു. മലപ്പുറം തിരൂരിനു സമീപം കൂട്ടായി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായ അലി അക്‌ബർ സ്മാരക മന്ദിരത്തിന് തിങ്കളാഴ്ച രാത്രി അജ്ഞാതർ തീയിടാൻ ശ്രമിച്ചതായി പരാതിയുണ്ട്.

വട്ടിയൂർക്കാവിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ട സിപിഎം പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. കോൺഗ്രസ് - യൂത്ത് കോൺഗ്രസ് കൊടിമരങ്ങളും നശിപ്പിച്ചു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ വൈകുന്നേരം വട്ടിയൂർക്കാവ് ജങ്ഷനിൽ പ്രതിഷേധപ്രകടനം നടത്തി. ചവറയിൽ എൻകെ പ്രേമചന്ദ്രന് നേരെയും ആക്രമണം ഉണ്ടായിരുന്നു.