തിരുവനന്തപുരം: മന്ത്രിസഭയിൽ നാലുസ്ഥാനത്തിൽ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സിപിഐ. നേതൃതലത്തിൽ ധാരണ. ഇക്കാര്യം ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ സിപിഐ വ്യക്തമാക്കും. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ സിപിഎമ്മിനു 12 പേർ ഉണ്ടായിരുന്നപ്പോൾ സിപിഐക്കു 4 പേരായിരുന്നു. തുടർന്ന് സിപിഎം ഒരു മന്ത്രിയെക്കൂടി ഉൾപ്പെടുത്തിയപ്പോൾ സിപിഐ കാബിനറ്റ് റാങ്കോടെ ചീഫ് വിപ് സ്ഥാനം ഉറപ്പാക്കി. ഈ ഫോർമുല അതേ പോലെ തുടരണമെന്നതാണ് സിപിഐയുടെ നിലപാട്.

എന്നാൽ ഇടതുപക്ഷത്ത് പുതിയ ഘടകക്ഷികൾ ഉണ്ട്. ഇവർക്കായി വിട്ടു വീഴ്ച വേണ്ടി വരും. സിപിഎം നഷ്ടം സഹിക്കാൻ തയ്യാറായാൽ സിപിഐയും തയ്യാറും. അതായത് സിപിഎം മന്ത്രിമാരുടെ എണ്ണം 12 ആണെങ്കിൽ സിപിഐ ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് വയക്കും. സിപിഎമ്മുമായി നടത്തുന്ന ഉഭയകകക്ഷി ചർച്ചയിൽ ഈ നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുക. സിപിഎം. മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിൽ ചിഫ്വിപ്പ് സ്ഥാനം സിപിഐ. വിട്ടുനൽകും. നാല് മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ്വിപ്പ് എന്നീ സ്ഥാനങ്ങളാണ് ഒന്നാം പിണറായി സർക്കാരിൽ സിപിഐ.ക്കുണ്ടായിരുന്നത്.

നിലവിൽ സിപിഎമ്മിനു മാത്രം റെക്കോർഡ് സംഖ്യയായ 67 പേർ ഉള്ളതിനാൽ 13 മന്ത്രിസ്ഥാനത്തിനു വരെ അർഹതയുണ്ടെന്ന അഭിപ്രായം പാർട്ടിക്കുണ്ട്. ഏകാംഗ കക്ഷികൾക്കു മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യത കുറവാണെന്ന് സിപിഎമ്മും സിപിഐയും പറയുന്നുണ്ട്. 17 ന് എൽഡിഎഫ് യോഗവും 18 ന് സിപിഎം സംസ്ഥാന കമ്മിറ്റിയും കഴിഞ്ഞാൽ 22 ന് അകം സത്യപ്രതിജ്ഞ നടത്താനുള്ള സാധ്യതയാണുള്ളത്.

മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച ചർച്ച സിപിഎമ്മുമായുള്ള ഉഭയകക്ഷി യോഗത്തിന് ശേഷമേ സിപിഐയിൽ തുടങ്ങു. ഈ ചർച്ചയിലെ ധാരണയാണ് സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് പരിശോധിക്കുക. കഴിഞ്ഞ സർക്കാരിൽ ഇ.പി. ജയരാജൻ രാജിവെച്ചപ്പോൾ പകരം എം.എം. മണി മന്ത്രിയായി. മണിയെ നിലനിർത്തികൊണ്ട് ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് സിപിഎം. മന്ത്രിമാരുടെ എണ്ണം 13 ആയത്. ഇതിന് പകരം സിപിഐ.യ്ക്ക് നൽകിയ സ്ഥാനമാണ് ചീഫ്വിപ്പ്. 12 മന്ത്രിമാരിലേക്ക് സിപിഎം ഒതുങ്ങിയാൽ ചീഫ് വിപ്പ് വേണ്ടെന്ന് വയ്ക്കും.

കേരള കോൺഗ്രസ്-എമ്മിനും മറ്റ് ഘടകകക്ഷികൾക്കും പരിഗണന നൽകാനാണ് സിപിഎമ്മും സിപിഐയും മന്ത്രിസ്ഥാനം കുറയ്ക്കണമെന്ന നിർദ്ദേശം ഉയരുന്നത്. സിപിഎം. കുറയ്ക്കുന്ന മന്ത്രിമാരുടെ എണ്ണത്തിന് ആനുപാതികമായ വിട്ടുവീഴ്ച നടത്തിയാൽ മതിയെന്നാണ് സിപിഐ. നേതാക്കൾ പറയുന്നത്. നാല് മന്ത്രിമാരിൽനിന്ന് കുറവുവരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നാണ് സിപിഐ. നിലപാട്.

വകുപ്പുകളിൽ ചില മാറ്റങ്ങളുണ്ടായേക്കുമെന്ന് സിപിഐയും പ്രതീക്ഷിക്കുന്നുണ്ട്. റവന്യൂ പക്ഷേ വിട്ടുകൊടുക്കില്ല. കൃഷിവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം സിപിഎം. നേതാക്കൾക്കുണ്ട്. കേരളകോൺഗ്രസിന് ഏതൊക്കെ വകുപ്പുകൾ നൽകുമെന്നത് അനുസരിച്ചായിരിക്കും ഓരോ കക്ഷിയും ഇപ്പോൾ കൈവശംവെക്കുന്ന വകുപ്പുകളിലുണ്ടാകുന്ന മാറ്റം.