തിരുവനന്തപുരം: നൂലുപൊട്ടിയ പട്ടം പോലെ പാറിപറക്കാതെ സർക്കാരിനെ ചെവിക്ക് പിടിച്ച് നേർവഴി നടത്താൻ പാർട്ടി ഇടപെടും. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ ആറുമാസം കൂടുമ്പോൾ സംസ്ഥാന കമ്മിറ്റി ചേർന്നു വിലയിരുത്തി മാർഗനിർദേശങ്ങൾ നൽകാൻ സിപിഎം തീരുമാനിച്ചു. ബംഗാളിലും ത്രിപുരയിലും പാർട്ടിക്കും ഇടതു സർക്കാരുകൾക്കും സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കരുതെന്ന കാഴ്ചപ്പാടിലാണ് തുടർ ഭരണത്തെ നേർവഴിക്കു നയിക്കാൻ സിപിഎം ശ്രമിക്കുന്നത്.

കേരളത്തിലുള്ള നാലു പൊളിറ്റ്ബ്യൂറോ അംഗങ്ങൾ എല്ലാ ആഴ്ചയും സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ഈ ഘട്ടത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം ആവശ്യമെങ്കിൽ അതും ആരായും. മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവരായിരിക്കും ആഴ്ചയിൽ ഒരിക്കൽ എകെജി സെന്ററിൽ ഒത്തു ചേരുന്നത്. സർക്കാരിന്റെ ആ ആഴ്‌ച്ചയിലെ പ്രധാന തീരുമാനങ്ങളടക്കം എല്ലാ പ്രവർത്തനങ്ങളും ചർച്ച ചെയ്യും. സർക്കാരിനെതിരായ വിമർശനങ്ങളും അവയ്ക്കുള്ള മറുപടികളുമൊക്കെ ചർച്ചാവിഷയമാകും. പാർട്ടി നേതൃത്വം മാത്രമായി സർക്കാരിന്റെ വിലയിരുത്തൽ നടത്തുമെന്ന പ്രചാരണം നേതാക്കൾ നിഷേധിച്ചു. കോവിഡ് മൂലം മന്ത്രിസഭാ യോഗം ഓൺലൈനിൽ ചേരുന്നതിനാൽ അതിന് തലേന്ന് നടക്കുന്ന കാബിനറ്റ് ഫ്രാക്ഷൻ യോഗം ഈയിടെയായി ചേരാറില്ല. എല്ലാ ദിവസവും ചേരുന്ന അവയ്ലബിൾ സെക്രട്ടേറിയറ്റിൽ മന്ത്രിമാരെക്കൂടി വിളിച്ചുള്ള ചർച്ചയും മുടങ്ങിയിട്ടുണ്ട്. ഇതു രണ്ടും പുനരാരംഭിക്കും.

ഒന്നാം പിണറായി സർക്കാരിന് പാർട്ടിയുടെ നിയന്ത്രണം ഇല്ലായിരുന്നുവെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങളുടെ പ്രസക്തി. എന്നാൽ പാർട്ടിയും സർക്കാരും തമ്മിൽ പരസ്യമായ അഭിപ്രായ വ്യത്യാസങ്ങൾ അരുതെന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവർത്തിച്ചത് എന്നാണ് നേതൃത്വത്തിന്റെ ഭാഷ്യം.

ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഏക പ്രതീക്ഷ എന്ന നിലയിൽ ഈ സർക്കാരിനെ പരിപാലിക്കാൻ കഴിയണമെന്നാണ് സംസ്ഥാനകമ്മിറ്റി അംഗീകരിച്ച രേഖ ആവശ്യപ്പെടുന്നത്. ഈ തുടർഭരണം തുടരാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്ത് ഇടതുപക്ഷം അപ്രസക്തമാകുന്ന സ്ഥിതി വരും.

പ്രതിസന്ധികളുടെ കാലത്തെ ക്ഷേമ പ്രവർത്തനങ്ങൾക്കാണ് ഒന്നാം പിണറായി സർക്കാർ ഊന്നൽ കൊടുത്തതെങ്കിൽ ഇനി കേരളത്തെ ഒരു വികസിത സംസ്ഥാനമാക്കാൻ സാധിക്കണം. അങ്ങനെ ഒരു പുരോഗതി സംസ്ഥാനത്തിനു സൃഷ്ടിക്കാൻ കഴിഞ്ഞാൽ തുടർഭരണം സാധ്യമാകും. ഈ ലക്ഷ്യം മുന്നിൽകണ്ടു പ്രവർത്തിക്കാൻ വേണ്ട നിർദേശങ്ങളാണ് സംസ്ഥാനകമ്മിറ്റി സർക്കാരിനു നൽകിയത്.

നയപരമായ എല്ലാ കാര്യങ്ങളും പാർട്ടിയിൽ ചർച്ച ചെയ്‌തേ മതിയാകൂ എന്ന നിർദ്ദേശം കൈമാറി. അതേസമയം ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടം മന്ത്രിമാരിൽ നിക്ഷിപ്തമാണ്. മന്ത്രിമാരും ഓഫിസും പൂർണമായും അഴിമതിമുക്തമാകണമെന്ന കർശന നിർദ്ദേശം നൽകി. ആവശ്യങ്ങളുമായി ഓഫിസിൽ എത്തുന്ന ജനങ്ങളോട് മാന്യമായി പെരുമാറണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ വിവാദങ്ങൾ പുതിയ നിർദേശങ്ങൾ തയാറാക്കിയതിൽ പ്രതിഫലിച്ചിട്ടുണ്ട്.

വികസനരംഗത്ത് സർക്കാർ തുറന്ന സമീപനം സ്വീകരിക്കണമെന്ന് സിപിഎം നിർദേശിച്ചു. കാർഷിക, വ്യവസായ, വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകാനാണ് നിർദ്ദേശം. പഠനവും തൊഴിലും ബന്ധപ്പെടുത്തുന്ന കാഴ്ചപ്പാട് വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടാകണം. അങ്ങനെ തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്തു തന്നെ പാർട്ടി നിർദേശിച്ചു. ഇതിനെല്ലാം നിക്ഷേപം വേണ്ടി വരും. അടിസ്ഥാന നയസമീപനങ്ങളിൽ നിന്നു വ്യതിചലിക്കാതെ തന്നെ നിക്ഷേപങ്ങൾക്കു വാതിൽ തുറന്നിടണമെന്നാണു പാർട്ടി നിർദേശിക്കുന്നത്.

സിപിഎമ്മിനും എൽഡിഎഫിനും പുറത്തുള്ള വിഭാഗങ്ങളെക്കൂടി കേൾക്കാൻ സർക്കാരും പാർട്ടിയും തയാറാകണമെന്നും സംസ്ഥാനകമ്മിറ്റി നിർദേശിച്ചു.45 ശതമാനത്തോളം വോട്ടാണ് ഇത്തവണ ഇടതുമുന്നണിക്ക് ലഭിച്ചത്. ബാക്കി 55% പുറത്താണ്. അവരെ ശത്രുപക്ഷത്തു തന്നെ നിർത്തുകയല്ല വേണ്ടത്. കൂടെ കൂട്ടാൻ എന്തു വേണമെന്ന് ആലോചിക്കണം. അവരെക്കൂടി ഉൾക്കൊള്ളുക എന്നതാണ് ആദ്യം ചെയ്യേണ്ടത് സിപിഎം ആവശ്യപ്പെട്ടു.

അതേസമയം വി എസ് സർക്കാരിന്റെ കാലത്തെ പോലെ ഭരണത്തിന്റെ കടിഞ്ഞാൺ പാർട്ടിയുടെ കൈകളിലായിരിക്കില്ല. പിബി അംഗങ്ങളുടെ ഒത്തുചേരലിൽ മുഖ്യമന്ത്രിയും ഉണ്ടാകുമെന്നതിനാൽ മുഖ്യമന്ത്രിക്ക് താൽപര്യമില്ലാത്ത ചർച്ചകളോ നിർദ്ദേശങ്ങളോ വിമർശനങ്ങളോ ഉണ്ടാകാനുള്ള സാധ്യതകൾ വിരളമാണ്.